Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചിത്രങ്ങളുടെ കരുത്ത് നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറമാണെന്ന് തെളിയിക്കുകയാണ് ദ്രൗപതി എന്ന സിനിമ. മുപ്പതു ചിത്രങ്ങളിലൂടെയാണ് സിറില്‍ സിറിയക് ഈ സിനിമാകഥ പറയുന്നത്. ദ്രൗപതി എന്ന ഈ ചിത്രത്തിന് ഫിലിം റീലുകളോ ക്യാമറ ചലനങ്ങളോ ഇല്ല. പക്ഷേ നമ്മുടെ മനസിനെ പിടിച്ചുലച്ചാണ് ഓരോ ചിത്രങ്ങളും കടന്നുപോകുക.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നിമിഷ സജയനാണ് ദ്രൗപതിയാകുന്നത്.
ദ്രൗപതി എന്നു പേരു കേള്‍ക്കുമ്പോള്‍ തന്നെ ഇത് പുരാണ കഥയാണെന്ന് തെറ്റിദ്ധരിക്കേണ്ട. ഇത് ദ്രൗപതി എന്ന അമ്മയുടെ കഥയാണ്. കാമപൂര്‍ത്തീകരണത്തിന് പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന ഭ്രാന്തന്മാരുടെ കഥകള്‍ പലതുണ്ടെങ്കിലും ആവിഷ്‌ക്കാരത്തിന്റെ വ്യത്യസ്തതകൊണ്ടും തീവ്രതകൊണ്ടും ഈ ഫോട്ടോ സ്‌റ്റോറി വ്യത്യസ്തമാകുന്നു.
നിമിഷ സജയന്‍ അവതരിപ്പിക്കുന്ന ദ്രൗപതിയുടെ മകളായി ദിവ്യ കെ വിമലും വില്ലന്‍ കഥാപാത്രമായി ജസൂയജ് ആന്റണിയും എത്തുന്നു. റിയലിസ്റ്റിക് സിനിമയില്‍ ജീവിച്ച് അഭിനയിച്ച നിമിഷ ഓരോ ഫോട്ടോകളിലും അതിശക്തയാണ്.
സിനിമയിലെന്നപോലെ ഫോട്ടോ കാഴ്ചയിലൂടെ തീവ്രമായ ഒരു വൈകാരിക കഥ പറയുന്ന ചിത്രം. അഷ്ന അശോക്, അമൃത എസ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഹേ കൃഷ്ണാ, ഹസ്തിനപുരിയിലെ നിറസദസ്സില്‍ കെട്ടഴിഞ്ഞ മുടിയിഴകളുലച്ചും, വലിച്ചിഴക്കപ്പെടുന്ന വസ്ത്രം വീണ്ടും തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിച്ചും, അപമാനത്തിന്റെ പൊള്ളലേറ്റ് അലറികരഞ്ഞ ദ്രൗപതിയെ ഓര്‍മയുണ്ടോ നിനക്ക് ? തന്റെ ഉടുചേല അഴിച്ചവന്റെ ചുടു രക്തം പുരട്ടിയല്ലാതെ തന്റെ കെട്ടഴിഞ്ഞ മുടി കെട്ടി വെക്കില്ല എന്ന് ശപഥം ചെയ്ത ദ്രൗപതിയെ? ഓര്‍മ്മയുണ്ടായിരിക്കണം… കാരണം കാലമിത്ര കഴിഞ്ഞിട്ടും അവളുടെ അലര്‍ച്ചകള്‍ ശമനം കിട്ടാത്ത ആത്മാക്കളെ പോലെ അലയുന്നുണ്ടിവിടെ. ഇന്നിതാ യുഗങ്ങള്‍ക്കപ്പുറം മറ്റൊരു ദ്രൗപതി നിന്നെ തേടി എത്തിയിരിക്കുകുന്നു. എനിക്ക് പറയുവാന്‍, മോഹിച്ച കല്യാണസൗഗന്ധികങ്ങളുടേയോ, കുരുക്ഷേത്ര യുദ്ധത്തിന്റെയോ കഥകളില്ല. ഞാന്‍ രാജ്ഞിയല്ല, അധികാരത്തിന്റെ സൗഭാഗ്യങ്ങള്‍ എനിക്കില്ല. ഞാന്‍ ഒരു അമ്മ മാത്രമാണ് .എനിക്ക് പറയുവാനുള്ളതും അതാണ്, ദ്രൗപതി എന്ന ഈ അമ്മയുടെ കഥ..

മീനാക്ഷി, എന്റെ മകള്‍, എന്റെ ജീവന്റെ പാതി. അമ്മയെന്ന രണ്ടക്ഷരങ്ങള്‍ക്ക് സ്‌നേഹത്തിന്റെ ഇളം ചൂടും വാത്സല്യത്തിന്റെ ഗന്ധവും ഉണ്ടെന്നു എന്നെ പഠിപ്പിച്ചവള്‍.

അവളുടെ പാല്‍ പുഞ്ചിരികളും കുട്ടികുറുമ്പുകളും ആയിരുന്നു എന്റെ ഹൃദയമിടിപ്പിന് താളം നല്‍കിയിരുന്നത്.

സന്ധ്യാദീപത്തിനു മുന്നില്‍ എന്റെ കുഞ്ഞിനെ മടിയിലിരുത്തി ഹരി നാമം ചൊല്ലികൊടുക്കുമ്പോഴൊക്കെ എന്റെ ലോകം എന്റെ കൈകള്‍ക്കുള്ളില്‍ സുരക്ഷിതമാണെന്ന് ഞാന്‍ സന്തോഷിച്ചിരുന്നു.

തൈര് കുഴച്ച ചോറുരുള ഉണ്ണാതെ എന്റെ കുസൃതിക്കുടുക്ക പൊട്ടിച്ചിരിച്ചോടുമ്പോള്‍ അവളുടെ പിന്നാലെ ഓടി അവളെ ഊട്ടാനുള്ള കളിക്കൂട്ടുകാരി കൂടെ ആയിരുന്നു ഈ അമ്മ.

ഞാന്‍ പറയാറുള്ള മുത്തശ്ശി കഥകള്‍ കേട്ട് കണ്‍മിഴിക്കുമ്പോഴും ഒരു നൂറു ചോദ്യങ്ങള്‍ ഉണ്ടാകുമായിരുന്നു അവള്‍ക്ക് കൗതുകം കൊള്ളാന്‍.

കരിമഷി എഴുതാന്‍ വിടര്‍ന്ന കുഞ്ഞുകണ്‍പീലികള്‍ക്കിടയിലെ കണ്ണാടിത്തിളക്കമുള്ള കണ്ണുകള്‍..അവിടെയായിരുന്നു കൃഷ്ണാ എന്നിലെ മാതൃ സ്‌നേഹത്തിന്റെ ആഴവും പരപ്പും ഞാന്‍ അളന്നിരുന്നത്.

അന്ന്, അവള്‍ ചുട്ടുവെച്ച ചൂടാറാത്ത മണ്ണപ്പങ്ങള്‍ക്ക് ബാല്യത്തിന്റെ സുഗന്ധമാണെന്നു എനിക്ക് എപ്പോഴും തോന്നാറുണ്ട്.

ഹേ കൃഷ്ണ കാലമെത്ര കഴിഞ്ഞാലും കാമവെറി പൂണ്ട ദുശ്ശാസനന്മാര്‍ ഇരുട്ടിന്റെ മറവിലിന്നും പുനര്‍ജ്ജനിക്കാറുണ്ട്

കാമം നുരയുന്ന കഴുകന്‍ കണ്ണുകളുമായി അവര്‍ അവസരങ്ങള്‍ക്ക് വേണ്ടി പാര്‍ത്തിരിക്കുന്നു.

നിര്‍ഭാഗ്യത്തിന്റെ ഇരുണ്ട ഒരു നിമിഷം മാത്രം മതി അവന് ഇരയെ പിടിക്കാന്‍, അവന്റെ കാമത്തിന് മുന്നില്‍ അമ്മ പെങ്ങന്മാര്‍ ഇല്ല. .കുഞ്ഞു പെണ്മക്കള്‍ ഇല്ല. ഉള്ളത് വെറും ശരീരം മാത്രം.

ഒരു നിമിഷം, കാച്ചിയ പാലുമായി ഉമ്മറത്തേക്ക് എത്താന്‍ ഞാന്‍ വൈകിയ ഒരേ ഒരു നിമിഷത്തിലായിരിക്കണം എനിക്ക് എന്റെ മകളെ നഷ്ടമായത്.

മുറ്റത്തെ മരത്തണലില്‍ കളിച്ചുകൊണ്ടിരുന്ന എന്റെ മകള്‍ക്ക് പകരം അവള്‍ ശേഷിപ്പിച്ച ശൂന്യതയും ഉടഞ്ഞ കുറേ മണ്ണപ്പങ്ങളും മാത്രം ബാക്കി…

ഭീതി .. ഒരമ്മയ്ക്ക് മാത്രം മനസിലാകുന്ന അപകടസൂചനയുടെ ഭീതി പതുക്കെ പടര്‍ന്നു കയറുന്നു..

മറുപടിയില്ലാത്ത വിളികള്‍ക്കു പിന്നാലെ എങ്ങോട്ടെന്നില്ലാതെ കാലുകള്‍ ചലിച്ചു കൊണ്ടേയിരുന്നു

നിമിഷങ്ങള്‍ക്ക് കനം വെയ്ക്കുമ്പോള്‍ എന്റെ നെഞ്ചിടിപ്പുകള്‍ നിയന്ത്രണാതീതമാവുകയായിരുന്നു.

വേദനിച്ചിരുന്നിരിക്കാം അവള്‍ക്ക്… അമ്മിഞ്ഞപ്പാല്‍ നുകര്‍ന്ന്, അമ്മേ എന്ന് കൊഞ്ചിയിരുന്ന ചുണ്ടുകള്‍ അലറി കരയാനായി പിളര്‍ന്നിരിക്കാം…

നിസ്സഹായയായി പിടഞ്ഞിട്ടുണ്ടാകണം അവള്‍… പൂമ്പാറ്റയെ പോലെ ചിറകുകള്‍ മുളയ്ക്കുമെന്നും മഴവില്ലിന്റെ അറ്റം തൊടണമെന്നുമൊക്കെ മാത്രം സ്വപ്നം കണ്ടിരുന്ന കണ്ണുകളില്‍ ഭീതി നിറഞ്ഞിട്ടുണ്ടാകണം ,

ഭ്രാന്തമായ അലച്ചിലിനോടുവില്‍ ഞാന്‍ കണ്ടു… വന്യമായ ഏതോ മഹാ പാതകത്തിന്റെ അവശേഷിപ്പെന്നോണം അലസമായി വലിച്ചെറിയപ്പെട്ട അവളുടെ കുഞ്ഞുപാവാട.

കണ്ണുകളുയര്‍ത്താന്‍ പോകുന്നത് ഏതൊരമ്മയുടെയും രക്തം മരവിപ്പിക്കുന്ന കൊടും പാപത്തിനു സാക്ഷിയാവാന്‍ വേണ്ടിയായിരിക്കും എന്ന് അറിഞ്ഞിരുന്നില്ല ഞാന്‍.

പെരുവിരല്‍ മുതല്‍ ഉച്ചിവരെ ഇരഞ്ഞു കയറുന്ന രോഷം കൈവിരലുകളിലേക്ക് പടരവേ, കണ്മുന്നില്‍ കണ്ട അരിവാളില്‍ ഞാന്‍ പിടിമുറുക്കി.

സകലതും എരിച്ചടക്കാനായി രോഷം ആളിക്കത്തവെ, ഹൃദയം രണ്ടായി പിളരെവ സര്‍വ്വശക്തിയുമെടുത്ത് ഞാനോങ്ങി വെട്ടി.

കണ്മുന്നില്‍ കിടന്നു പിടയുന്ന എന്റെ കുരുന്നിന് വേണ്ടി, അവന്റെ ചുടു ചോര ചിന്തിയ പാപത്തറയായി നിലം മാറുന്നതു വരെ ഞാന്‍ വെട്ടി.

വീണ്ടും വീണ്ടും… അവന്റെ പ്രാണന്റെ അവസാന ശ്വാസം നിലയ്ക്കുന്നതു വരെ,.. എന്നിലെ രോഷം കേട്ടടങ്ങും വരെ.. അവിടം രക്തക്കളമാകും വരെ ഞാന്‍ വെട്ടി.

പ്രാണനില്ലാത്ത എന്റെ കുഞ്ഞിന്റെ ശരീരം കയ്യിലെടുക്കവെ കൈകള്‍ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു, ഹൃദയം നുറുങ്ങുകയായിരുന്നു

ഓമനത്തം വിട്ടുമാറാത്ത എന്റെ പിഞ്ചുകുഞ്ഞിന്റെ മുഖത്തെ ചോരപ്പാടുകള്‍ക്ക് വേണ്ടി കരയാന്‍ ഇനി എനിക്ക് കണ്ണുനീരില്ല.

കുഞ്ഞേ നീയീ അമ്മയോട് ക്ഷമിക്കുക

ഹേ കൃഷ്ണാ , വിടരുംമുന്‍പേ വാടിക്കൊഴിഞ്ഞ കുഞ്ഞുപുഷ്പം പോലെയെന്റെ മകളിതാ ചിതയില്‍ കിടക്കുന്നു.

എന്റെ കുഞ്ഞിന്റെ പാല്‍പ്പുഞ്ചിരികള്‍ ഓര്‍മകളെ വേട്ടയാടും വരെ, ദ്രൗപതിയുടെ രോഷം ഈ ചിതയിലെ തീ പോലെ ശമനമില്ലാതെ ജ്വലിച്ചുകൊണ്ടേയിരിക്കും

എന്റെ കുരുന്നിന്റെ ചിരികളെ മായ്ച്ചവന്റെ ചുടുചോര പുരണ്ട കൈകള്‍ കൊണ്ട് കെട്ടഴിഞ്ഞ മുടി വാരി ഞാന്‍ നെറുകയില്‍ കെട്ടി.

കാലം എത്ര കഴിഞ്ഞാലും ഓരോ ദ്രൗപതിയുടെ മുടിക്കെട്ടിനും ചുടുചോരയുടെ ഗന്ധമായിരിക്കും കൃഷ്ണാ….

ഞാന്‍ ദ്രൗപതി, പ്രതികാരം പ്രതിഷേധമാക്കിയവള്‍, ദുശ്ശാസനന്റെ ചുടുരക്തം അണിഞ്ഞവള്‍, എന്റെ ആത്മരോദനത്തിന്റെ അലര്‍ച്ചകള്‍ക്ക് മോക്ഷമെവിടെ? എന്റെ മാതൃത്വത്തിന്റെ വിങ്ങലുകള്‍ക്ക് ആത്മശാന്തി എവിടെ?
Leave a Reply