Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:58 am

Menu

Published on August 17, 2017 at 5:45 pm

ഒന്നര വയസ്സുകാരിയുടെ കാല്‍ മുറിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യത്തിന്; ശ്രദ്ധിക്കണം ഈ അമ്മ പറയുന്നു

eighteen-month-old-girl-toe-amputated

വീട്ടിലെ കുഞ്ഞുങ്ങള്‍ പിച്ചവെച്ചു തുടങ്ങിയാല്‍ എല്ലാവര്‍ക്കും സന്തോഷമാണ്. കുഞ്ഞ് നടന്നും ഓടിയും കളിക്കുന്നതു കാണാന്‍ ഇഷ്ടമില്ലാത്തവരുമുണ്ടാകില്ല. എന്നാല്‍ ഈ സന്തോഷത്തിനിടയിലും നമ്മള്‍ ഏറെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് സ്‌കോട്ലാന്‍ഡ് സ്വദേശിയായ എമിലി കവന എന്ന ഡാന്‍സ് ടീച്ചര്‍.

സ്‌കോട്ലാന്‍ഡിലെ പ്രശസ്ത ബീച്ചുകളിലൊന്നാണ് ആര്‍ഡ്രോസന്‍. കഴിഞ്ഞ മാസം 24ന് അവിടേക്ക് തന്റെ ഒന്നര വയസുകാരിയായ മകള്‍ അറിയയുമൊത്ത് പോയതായിരുന്നു എമിലി. ബീച്ചിലെ മണല്‍പ്പരപ്പിലൂടെ ഒരു പന്തും തട്ടിക്കൊണ്ട് നീന്തിയും നിരങ്ങിയും വീണുമൊക്കെ അവള്‍ നടന്നു. വൈകിട്ട് നാലുമണി വരെ ബീച്ചില്‍ കളിയിലായിരുന്നു അമ്മയും മകളും.

അവിടെ നിന്ന് മണലില്‍ കുളിച്ചു നിന്ന അറിയയെയും എടുത്ത് വീട്ടിലെത്തിയ എമിലി ആദ്യം തന്നെ കുഞ്ഞിന്റെ ദേഹത്തെ മണലൊക്കെ തട്ടിക്കളഞ്ഞ് അവളെ കുളിപ്പിച്ചെടുത്തു. പക്ഷേ കുളി കഴിഞ്ഞ് അറിയയെ തൊട്ടതും എമിലി ഞെട്ടിപ്പോയി. കുഞ്ഞിന് തീ പോലെ പൊള്ളുന്നു.

മാത്രമല്ല ചെറിയ ഒരു ആലസ്യവും മയക്കവും കരച്ചിലുമൊക്കെയായി അറിയ കരയാന്‍ തുടങ്ങി. ചുണ്ടിന് നേരിയ നീല നിറവും വന്നു. പനിയോ ജലദോഷമോ ആണെന്നാണ് എമിലി കരുതിയത്. അതിനാല്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആരോഗ്യപരമായ കാര്യങ്ങളില്‍ ഉപദേശം തരുന്ന എന്‍എച്ച്എസ് 24ലേക്കു വിളിച്ചപ്പോള്‍ അവരും പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞു.

ബീച്ചില്‍ കളിച്ചെത്തി നിന്നെത്തി വെറും രണ്ടുമണിക്കൂറിനകമായിരുന്നു ഇത്. എന്തായാലും വീട്ടിലെ ചികിത്സ തുടര്‍ന്നു. മൂന്നു ദിവസം കഴിഞ്ഞിട്ടും ചൂടിന് കുറവില്ല. അപ്പോഴാണ് കുഞ്ഞിന് നടക്കുമ്പോള്‍ എന്തോ ബുദ്ധിമുട്ട് ഉള്ളതുപോലെ എമിലിക്ക് തോന്നിയത്. നോക്കിയപ്പോഴോ ഇടതുകാലിന്റെ പെരുവിരലിനു സമീപം ചെറിയൊരു മുറിവ്. കാല്‍പ്പാദമാകട്ടെ ചുമന്ന് ചെറുതായി തടിച്ചിട്ടുമുണ്ട്.

തുടര്‍ന്ന് തൊട്ടടുത്തുള്ള ഡോക്ടറെ കാണിച്ചപ്പോള്‍ ആന്റിബയോട്ടിക്‌സ് നല്‍കി തിരിച്ചയച്ചു. പക്ഷേ തൊട്ടടുത്ത ദിവസം നോക്കിയപ്പോഴുണ്ട് കാല്‍പ്പാദത്തിലെ നീര് ഇരട്ടിയായിരിക്കുന്നു, മാത്രവുമല്ല മുറിവില്‍ നിന്ന് പഴുപ്പും പുറത്തു ചാടുന്നുണ്ട്.

പിന്നെയും എന്‍എച്ച്എസ് 24ലേക്കു വിളിച്ചു. ആന്റിബയോട്ടിക്‌സ് കഴിച്ചതിന്റേതായിരിക്കുമെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു മറുപടി. ഇപ്പോള്‍ വലുതായിരിക്കുന്ന ഭാഗം പേന കൊണ്ട് അടയാളപ്പെടുത്താനും പിറ്റേന്ന് എന്താണ് അവസ്ഥയെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടു.

പക്ഷേ തൊട്ടടുത്ത ദിവസമായപ്പോഴേക്കും ശരിക്കും ഒരു മുതിര്‍ന്നയാളുടെ കാലിന്റെയത്ര വലുപ്പമായി അറിയയുടെ ഇടതുകാല്‍പ്പാദം. അതോടെ എമിലി കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. കാലിന്റെ അവസ്ഥ കണ്ടതും കുഞ്ഞിനെ അഡ്മിറ്റാക്കി.

കാല്‍പ്പാദത്തെ ബാധിച്ച വിഷം മറ്റിടങ്ങളിലേക്ക് ബാധിക്കാതിരിക്കാന്‍ അടിയന്തിര ശസ്ത്രക്രിയയും നടത്തി. ഡോക്ടര്‍മാര്‍ തലങ്ങും വിലങ്ങും ചോദിച്ചിട്ടും കുഞ്ഞിന് കാലില്‍ മുറിവേറ്റിരുന്നതായി എമിലിക്ക് ഓര്‍മ്മയില്ല. ആകെ പറയാനുണ്ടായിരുന്നത് ബീച്ചില്‍ പോയ കാര്യമായിരുന്നു. അവിടെ നിന്നു തിരിച്ചെത്തിയ ഉടനെ പനി ബാധിച്ചതിനെപ്പറ്റിയും പറഞ്ഞു. അതോടെയാണ് കാലിന് എങ്ങനെയാണ് ഇത്രയും ഭീകരമായ അവസ്ഥ വന്നുചേര്‍ന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലാകുന്നത്.

ബീച്ചില്‍ പലരും വളര്‍ത്തുനായ്ക്കളുമായി വരാറുണ്ട്. അവ മണലില്‍ മൂത്രമൊഴിക്കുന്നതും പതിവാണ്. അതില്‍ മാരകമായ അണുക്കളും കാണും. കളിക്കുന്നതിനിടെ അറിയ അതില്‍ ചവിട്ടിയതായിരിക്കാം കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

എന്നാല്‍ നേരത്തേത്തന്നെ ചെറിയൊരു മുറിവ് കാലില്‍ ഉണ്ടായിരുന്നിരിക്കണം. അതുവഴി അണുക്കളും കയറിക്കാണും. ബീച്ചില്‍ വിഷജീവികളും രാസമാലിന്യങ്ങളും ഇല്ലാത്തതും ഈ വാദം ഉറപ്പിക്കാന്‍ കാരണമായി. അപ്പോഴും 100 ശതമാനവും ഇതാണ് പ്രശ്‌നമെന്നും പറയുന്നില്ല. അതിശക്തരായ, വിഷമേറിയ അണുക്കളായിരുന്നു അറിയയുടെ കാലിലേക്ക് കടന്നു കയറിയത്. ചികിത്സ കുറച്ചു കൂടി വൈകിയിരുന്നെങ്കില്‍ കാല്‍ മുറിച്ചു മാറ്റേണ്ടി വരെ വന്നേനെയെന്ന് എമിലി പറയുന്നു.

എന്തായാലും കാലിലെ പഴുപ്പും അണുബാധയേറ്റ തൊലിയും മാംസവുമെല്ലാം ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും നീക്കി അറിയ ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകയാണ്. എന്നാല്‍ കാലിന്റെ വേദന ഇപ്പോഴും പൂര്‍ണമായും മാറിയിട്ടില്ലെന്നു പറയുന്നു എമിലി. പുറത്തേക്കിറങ്ങുമ്പോള്‍ കുരുന്നുകളെ ചെരിപ്പു ധരിപ്പിക്കാന്‍ മറക്കരുതെന്നാണ് ഇതിനെപ്പറ്റി എമിലി പറയുന്നത്. ഇതുസംബന്ധിച്ച് ബോധവല്‍ക്കരണവും നടത്താനൊരുങ്ങുകയാണ് ഈ ഇരുപത്തിയാറുകാരി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News