Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സാധാരണക്കാരെ കുറച്ചൊന്നുമല്ല വലച്ചത്. പഴയ നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ വാങ്ങാനുള്ള തിരക്കിലാണെല്ലാവരും. ബാങ്കുകളിലും എടിഎമ്മിലും നോട്ടുകള്‍ തീര്‍ന്നുപോയത് ജനങ്ങളെ ക്ഷുഭിതരാക്കുകയും ചെയ്തു. പല ബാങ്കും എടിഎം ക്യൂകളും കയ്യാങ്കളിക്ക് വേദിയാവുകയും ചെയ്തു.
എന്നാല്‍ ഇതിനിടയില്‍ ആരും പാവം ബാങ്ക് ജീവനക്കാരെക്കുറിച്ച് ഓര്‍ത്തുകാണില്ല. ജനങ്ങള്‍ക്കായി രാപ്പകല്‍ അധ്വാനിക്കുന്നതും പോര, ജനങ്ങളുടെ ചീത്തവിളി കേള്‍ക്കുകയും വേണം.
കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും അക്ഷമരായ ജനങ്ങളോട് ക്ഷമ കൈവിടാതെ, സമചിത്തതയോട മാത്രം പെരുമാറാന്‍ ശ്രദ്ധിക്കാറുണ്ട് ഓരോ ജീവനക്കാരും. എത്രയും വേഗം ക്യൂ നിന്ന്, നോട്ട് മാറി, പുതിയ നോട്ടും പോക്കറ്റിലിട്ട് എത്രയും വേഗം വീടെത്തണമെന്ന് ചിന്തിക്കുന്നവര്‍ ഈ വീഡിയോ ഒന്നു കണ്ടുനോക്കൂ. ലക്‌നൗവിലെ ഇന്ദിരാനഗറിലെ ഒരു ബാങ്കില്‍ നിന്നുള്ള കാഴ്ചയാണിത്.
ആത്മാര്‍ഥമായി ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാര്‍ക്ക് റോസാപുഷ്പങ്ങള്‍ സമ്മാനമായി നല്‍കുന്ന സ്ത്രീ. ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ എല്ലാ ബാങ്ക് ജീവനക്കാര്‍ക്കും പുഷ്പങ്ങള്‍ സമ്മാനിച്ച് ഇവര്‍ നടന്നുനീങ്ങുന്നു. ഒപ്പം നിങ്ങള്‍ നന്നായി ജോലി ചെയ്യുന്നു എന്ന അഭിനന്ദനവും.
ക്യൂ നിന്ന് അക്ഷമരായവരുടെ ചീത്തവിളി മാത്രം കേട്ട് ശീലിച്ച ബാങ്ക് ജീവനക്കാര്‍ ആദ്യം ഒന്നമ്പരന്നു. പിന്നെ പുഞ്ചിരിച്ചു. ബാങ്ക് ജീവനക്കാരന്‍ പ്രശാന്ത് സിങ്ങാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.
Leave a Reply