Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹൈന്ദവ വിശ്വാസങ്ങളും ആരാധനയുമായി ഏറെ ബന്ധമുള്ള നാടാണ് ഇന്ത്യ. നമ്മുടെ രാജ്യത്തിന്റെ രീതികളും വ്യവസ്ഥകളും പരിചയമില്ലാത്ത വിദേശികള്‍ക്ക് ഇവിടെ കാണുന്നതെല്ലാം വിചിത്രമായി തോന്നുന്നത് ഇതുകൊണ്ടൊക്കെയാണ്.
പാമ്പുകള്‍ക്കും നായകള്‍ക്കും എന്തിനധികം റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനുവരെ ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ക്ഷേത്രമുണ്ട്. ഇപ്പോഴിതാ തവളയ്ക്കും ഇന്ത്യയില്‍ ക്ഷേത്രമുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഉത്തര്‍പ്രപദേശിലെ ലക്‌നൗവിനു സമീപമുള്ള ലക്കിംപൂര്‍ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
താന്ത്രിക വിദ്യകള്‍ക്ക് വളരെ പ്രചാരമുണ്ടായിരുന്ന കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. താന്ത്രിക വിദ്യയില്‍ തവളയെ സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ഫലഭൂയിഷ്ഠതയുടെയുമൊക്കെ കണക്കാക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വിശ്വാസം താന്ത്രിക വിദ്യയുടെ പ്രചാരകരില്‍ നിലനിന്നിരുന്ന സമയത്താണ് തവള ക്ഷേത്രം പണിയപ്പെടുന്നത്. അതും 200 വര്‍ഷങ്ങള്‍ക്കു മുന്‍പ്.
പണ്ട് ഓയല്‍ രാജവംശത്തിന്റെ കീഴിലായിരുന്നു ഈ ക്ഷേത്രം. ശിവന്‍ മുഖ്യപ്രതിഷ്ഠയായതിനാല്‍ നര്‍മദേശ്വര്‍ ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഒരിക്കല്‍ ഭക്ത് സിങ് എന്നുപേരായ രാജാവിന് തവളയുടെ അനുഗ്രഹമുണ്ടായെന്നാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസം.

അതിനു ശേഷം ഏറെ പ്രതാപത്തില്‍ അദ്ദേഹം ജീവിച്ചു. അദ്ദേഹത്തിന്റെ കാലശേഷം നിരവധി തലമുറകള്‍ക്കും ഐശ്വര്യത്തോടെ ജീവിക്കാന്‍ സാധിച്ചുവത്രെ. എല്ലാം അന്ന് അനുഗ്രഹിച്ച ആ തവള കാരണമാണെന്ന് മനസ്സിലാക്കിയ അവര്‍ തവളയ്ക്കായി ഒരു ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു.
അതിന്റെ രൂപകല്‍പ്പന തന്നെയാണ്. ഈ തവള ക്ഷേത്രത്തിന്റെ മുഖ്യാകര്‍ഷണം. മൊത്തത്തില്‍ ഒന്നു നോക്കിയാല്‍ ഒരു തവള അതിന്റെ പുറത്ത് ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വഹിച്ചിരിക്കുന്ന രീതിയിലാണ് കാണാന്‍ സാധിക്കുക. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് കാണുന്ന തവളയുടെ രൂപം ആരെയും ക്ഷേത്രത്തിനുള്ളിലേക്ക് ആകര്‍ഷിക്കും. തവളയുടെ രൂപത്തിന് പിന്നിലായാണ് ശിവന്റെ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്നത്.
താന്ത്രികവിദ്യയനുസരിച്ച് പടികള്‍ക്കു മുകളിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. എട്ടുദളങ്ങളുള്ള താമരയുടെ രൂപവും ഇവിടെ കാണാന്‍ സാധിക്കും. കൂടാതെ ഇവിടുത്തെ ചുവരുകള്‍ അലങ്കരിച്ചിരിക്കുന്നത് താന്ത്രിക് ദൈവങ്ങളുടെ ചിത്രങ്ങളുടെ കൊത്തുപണികള്‍ കൊണ്ടാണ്.
Leave a Reply