Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:01 pm

Menu

Published on October 23, 2017 at 5:03 pm

ലക്ഷദ്വീപ് യാത്രയ്ക്ക് താല്‍പ്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്; ഈ കടമ്പകള്‍ കടക്കണം

guide-to-lakshadweep-travel-permission

കടലിന്റെ സൗന്ദര്യവും യാത്രകളും കൊതിക്കുന്നവര്‍ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ലക്ഷദ്വീപ്. ഇവിടുത്തെ ദ്വീപുകളുടെ ഭംഗിയും കാത്തിരിക്കുന്ന കാഴ്ചകളും മറ്റു യാത്രകളിലൊന്നും കിട്ടാത്ത കുറേ അനുഭവങ്ങളുമെല്ലാമായി ലക്ഷദ്വീപ് സഞ്ചാരികളെ മാടിവിളിച്ചുകൊണ്ടിരിക്കുകയാണ്.

എങ്കില്‍ ഒന്നു പോയി വരാം എന്നു വിചാരിച്ചാല്‍ അത്ര പെട്ടന്നു നടക്കുന്ന സംഗതിയല്ല ലക്ഷദ്വീപ് യാത്ര. കാരണം ലക്ഷദ്വീപില്‍ പോകാന്‍ അനുമതി കിട്ടുക എന്നത് കുറച്ച് പ്രയാസമുള്ള സംഗതി തന്നെയാണ്.

അവിടേക്കുള്ള യാത്രയും ടിക്കറ്റ് കിട്ടാനുള്ള പ്രയാസവും എത്താനുള്ള അനുമതിയുമെല്ലാം ലഭിക്കാന്‍ കുറച്ചൊന്നും നടന്നാല്‍ പോര. എന്താണെങ്കിലും പോയെ തീരു എന്നുള്ളവര്‍ ഇത്തിരി കാശുചെലവും ബുദ്ധിമുട്ടും സഹിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ആയിരിക്കണം.

നിങ്ങള്‍ പലസ്ഥലങ്ങളിലും യാത്ര പോയിട്ടുണ്ടാവും, എന്നാല്‍ ആസ്ഥലങ്ങളൊന്നും ലക്ഷദ്വീപ് പോലെയല്ല. ലക്ഷദ്വീപ് എന്ന 36 ദ്വീപുകളുടെ സമൂഹത്തിലേക്ക് നിങ്ങള്‍ യാത്ര തിരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുമുണ്ട്.

ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്നതിന്റെ ആദ്യപടി അവിടെ എത്താനുള്ള പെര്‍മിഷന്‍ ലഭിക്കുക എന്നതാണ്. മൂന്നു വഴികളാണ് ലക്ഷദീപ് പെര്‍മിഷന്‍ ലഭിക്കാന്‍ ഉള്ളത്.

ഗവണ്‍മെന്റ് ടൂര്‍ പാക്കേജ്

കയ്യില്‍ ഇഷ്ടംപോലെ കാശുള്ളവര്‍ മാത്രം നോക്കുന്ന വഴിയാണ് ലക്ഷദ്വീപ് ഗവണ്‍മെന്റിന്റെ പാക്കേജ് ടൂര്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എറണാകുളം വില്ലിങ്ടണ്‍ ഐലന്റിലുള്ള ലക്ഷദ്വീപ് ഓഫിസില്‍ എത്തിയാല്‍ മതി. കൂടാതെ www.lakshadweeptourism.com/tourpackages.html ല്‍ വിശദവിവരങ്ങള്‍ ലഭിക്കും.

പ്രൈവറ്റ് ടൂര്‍ പാക്കേജ്

ഗവണ്‍മെന്റ് പാക്കേജില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് പ്രൈവറ്റ് ടൂര്‍ പാക്കേജ് തിരഞ്ഞെടുക്കാം. ഗവണ്‍മെന്റ് പാക്കേജിലെ നിരക്കിലും കുറഞ്ഞ നിരക്കില്‍ പ്രൈവറ്റ് പാക്കേജുകള്‍ ലഭ്യമാണ്. ഗവണ്‍മെന്റ് അംഗീകൃത പ്രൈവറ്റ് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ സഹായിക്കും.

സ്പോണ്‍സര്‍ഷിപ്പ്

മുകളില്‍ പറഞ്ഞ രണ്ടു വഴികളും പറ്റാത്തവര്‍ക്ക് ഉള്ളതാണ് സ്പോണ്‍സര്‍ഷിപ്പ്. ലക്ഷദ്വീപിലുള്ള ആരെയെങ്കിലും കൊണ്ട് അവിടുന്ന പെര്‍മിഷന്‍ എടുപ്പിക്കലാണ് ഇവിടുത്തെ കടമ്പ. ദ്വീപിലെ യാത്രക്കാര്‍ അവിടേക്ക് വരാനുദ്ദേശിക്കുന്ന ആളിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന രീതിയാണിത്. സ്പോണ്‍സര്‍ഷിപ്പ് എന്നറിയപ്പെടുന്ന ഈ അനുമതി രണ്ടു തരത്തിലാണുള്ളത്.

ഈ രീതിയില്‍ 15 ദിവസത്തെ പെര്‍മിഷനാണ് സഞ്ചാരിക്ക് ലഭിക്കുക. ഇതില്‍ പ്രത്യേകിച്ച് നിയമങ്ങള്‍ ഇല്ല. എങ്കിലും അനുമതി ലഭിക്കാന്‍ ചില നിയന്ത്രണങ്ങളുണ്ട്. ദ്വീപില്‍ നിങ്ങളെ സ്പോണ്‍സര്‍ ചെയ്യാല്‍ തയ്യാറാകുന്ന ആള്‍ അവിടെ ജില്ലാ പഞ്ചായത്തില്‍ പോയി ഫോം കൊടുക്കുകയാണ് ആദ്യ പടി. പേരും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ചലാന്‍ കാശും ഇവിടെ കൊടുക്കണം. എന്നാല്‍ ഇവിടെ അനുമതി ലഭിക്കും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. മാത്രമല്ല യാത്രയുടെ തിയതി നമുക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല എന്നതും ഇതിലെ പോരായ്മയാണ്. ഫോം കൊടുത്തതിനു ശേഷം ഒരുമാസം കഴിഞ്ഞുള്ള ഡേറ്റാണ് സന്ദര്‍ശനത്തിനായി നല്‍കുക.

പതിനഞ്ച് ദിവസത്തെ അനുമതി ലഭിക്കാന്‍ ഉള്ള കടമ്പകള്‍ പോലെതന്നെയാണ് ആറുമാസത്തെ പെര്‍മിഷനും ഉള്ളത്. ഇവിടെയും ഒരു ലക്ഷദ്വീപ് സ്വദേശി നമ്മളെ സ്പോണ്‍സര്‍ ചെയ്യേണ്ടി വരും. എന്നാല്‍ ഇത് സാധാരണയായി ദ്വീപില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഉള്ളതാണ്.

രണ്ടുതരം യാത്രാമാര്‍ഗ്ഗങ്ങളാണ് ലക്ഷദ്വീപില്‍ എത്താനായുള്ളത്. കപ്പല്‍ മാര്‍ഗ്ഗവും വ്യോമമാര്‍ഗ്ഗവും. വിമാനയാത്രയെ അപേക്ഷിച്ച് യാത്രാ ചെലവ് കുറവാണെങ്കിലും സമയം അധികമെടുക്കും കപ്പല്‍ യാത്രയില്‍. നേരിട്ടുള്ള കപ്പല്‍ ആണെങ്കില്‍ 16 മുതല്‍ 18 മണിക്കൂര്‍ വരെ യാത്രയ്ക്കെടുക്കും. അഞ്ഞൂറ് രൂപ മുതലാണ് ചാര്‍ജ്. കൊച്ചി, മംഗലാപുരം, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കപ്പലുകളുള്ളത്.

കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ ആറു ദിവസം ലക്ഷദ്വീപിലേക്ക് വിമാന സര്‍വ്വീസ് ലഭ്യമാണ്. എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്. ഒന്നര മണിക്കൂര്‍ സമയം മാത്രമേ കൊച്ചിയില്‍ നിന്നും അഗത്തിയിലെത്താന്‍ വേണ്ടി വരൂ. ഇവിടുത്തെ 11 ദ്വീപുകളില്‍ അഗത്തിയില്‍ മാത്രമാണ് എയര്‍പോര്‍ട്ട് ഉള്ളത്.

36 ദ്വീപുകളുടെ ഒരു സമൂഹമാണ് ലക്ഷദ്വീപ്. എന്നാല്‍ അതില്‍ 11 ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. ഇന്ത്യക്കാര്‍ക്ക് ഇവിടുത്തെ ആറു ദ്വീപുകളില്‍ സഞ്ചാരിക്കാനാണ് അനുമതിയുള്ളത്. അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നിവിടങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കുമ്പോള്‍ വിദേശികള്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, എന്നീ ദ്വീപുകള്‍ മാത്രമേ സന്ദര്‍ശിക്കാന്‍ കഴിയൂ.

അനുമതി കിട്ടുന്നതനുസരിച്ചു മാത്രമേ യാത്ര പ്ലാന്‍ ചെയ്യാന്‍ പറ്റുകയുള്ളു എങ്കിലും ലക്ഷദ്വീപ് യാത്രയ്ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയമാണ് അനുയോജ്യം. ഈ സമയത്ത് മികച്ച കാലാവസ്ഥ ഇവിടെ പ്രതീക്ഷിക്കാം. തണുപ്പ് പറ്റാത്തവര്‍ക്ക് ഫെബ്രുവരി മാസം തിരഞ്ഞെടുക്കുകയുമാകാം.

ലക്ഷദ്വീപിലേക്ക് യാത്രയ്ക്ക് പോകുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്. ഇവിടുത്തെ പ്രധാനദ്വീപുകളില്‍ ഒഴിച്ച് മറ്റ് ദ്വീപുകളില്‍ അധികം കടകളൊന്നും കാണാന്‍ കഴിയില്ല. അതിനാല്‍ മറ്റു ദ്വീപികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ആവശ്യമുള്ള സാധനങ്ങള്‍ കൈയ്യില്‍ കരുതണം.

യാത്രയില്‍ ഉടനീളം സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് നാച്വര്‍ ടൂറിസം ആന്റ് സ്പോര്‍ട്സ് പ്രതിനിധികളുടെ സഹായം സ്വീകരിക്കാന്‍ മടിക്കരുത്. പവിഴപുറ്റുകള്‍ ഉള്ള സ്ഥലത്ത് സഞ്ചരിക്കുമ്പോള്‍ അവ പറിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. പവിഴപുറ്റുകള്‍ അടര്‍ത്തിമാറ്റുന്നത് ആവസവ്യസ്ഥയെ താളം തെറ്റിക്കും. നിരോധിക്കപ്പെട്ട മരുന്നുകളും മയക്കുമരുന്നുകളും കൊണ്ട് ചെല്ലുന്നത് ശിക്ഷാര്‍ഹമാണ്. ലക്ഷദ്വീപില്‍ മദ്യം അനുവദനീയമല്ല.

Loading...

Leave a Reply

Your email address will not be published.

More News