Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:52 am

Menu

Published on May 4, 2013 at 6:15 am

ഇന്ത്യന്‍ സ്വകാര്യ പറവകളെ തേടി കൂടുതല്‍ ഗള്‍ഫ് കമ്പനികള്‍

gulf-airline-companies-likes-to-invest-in-indian-airlines

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസില്‍ അബൂദബിയിലെ ഇത്തിഹാദ് 24 ശതമാനം ഓഹരി വാങ്ങിയതോടെ കൂടുതല്‍ ഗള്‍ഫ് വിമാന കമ്പനികള്‍ ഇന്ത്യയിലെ കമ്പനികളില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ഗള്‍ഫ് റൂട്ടിലെ സമവാക്യങ്ങള്‍ ജെറ്റ്-ഇത്തിഹാദ് കരാര്‍ മാറ്റിയെഴുതുമെന്ന് ഉറപ്പായയോടെയാണ് കൂടുതല്‍ ഗള്‍ഫ് വിമാന കമ്പനികള്‍ ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളില്‍ ഓഹരി നിക്ഷേപം നടത്താന്‍ ശ്രമം തുടങ്ങിയത്. കടത്തില്‍ മുങ്ങിനില്‍ക്കുന്ന ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികള്‍ക്കും ഈ പങ്കാളിത്തം ഏറെ അനുഗ്രഹമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ ആഴ്ചയാണ് അബൂദബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേസ് 2058 കോടി രൂപ മുടക്കി ജെറ്റ് എയര്‍വേസിന്‍െറ 24 ശതമാനം ഓഹരി വാങ്ങാന്‍ തീരുമാനിച്ചത്.
ഖത്തര്‍ എയര്‍വേസും എയര്‍ അറേബ്യയുമാണ് ഇത്തിഹാദിന് പിറകെ ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചത്.
ജെറ്റിന് പുറമെ സ്പൈസ് ജെറ്റ്, ഗോഎയര്‍, ഇന്‍ഡിഗോ എന്നിവയാണ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള സ്വകാര്യ വിമാന കമ്പനികള്‍. ഖത്തര്‍ എയര്‍വേസ് സ്പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളെ സമീപിച്ചുകഴിഞ്ഞതായാണ് സൂചന. അതേസമയം, ഗള്‍ഫ് വിമാന കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറെ ആകര്‍ഷകമായ ഇന്‍ഡിഗോ, വിദേശ വിമാന കമ്പനികള്‍ക്ക് ഓഹരി വില്‍ക്കുന്നതില്‍ കാര്യമായ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചിറകരിയപ്പെട്ട കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വേസിനെ സമീപിച്ചിരുന്നതായാണ് സൂചന. നിലവിലെ അവസ്ഥയില്‍ ഇനി ഖത്തര്‍ എയര്‍വേസ് കിങ്ഫിഷറില്‍ താല്‍പര്യം കാണിക്കുമോയെന്ന് സംശയമാണ്.
അതേസമയം, ഷാര്‍ജ ആസ്ഥാനമായ ചെലവുകുറഞ്ഞ വിമാന സര്‍വീസ് കമ്പനിയായ എയര്‍ അറേബ്യ, എയര്‍ ഏഷ്യയുടെ മാതൃകയില്‍ ഇന്ത്യയില്‍ സ്വാധീനം നേടാനാണ് ശ്രമിക്കുന്നത്. മലേഷ്യയിലെ എയര്‍ ഏഷ്യ, ടാറ്റാ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്ത്യയില്‍ പുതിയ സ്വകാര്യ വിമാന കമ്പനി തുടങ്ങാനാണ് നീക്കംനടത്തുന്നത്. ഈ മാതൃകയാവും എയര്‍ അറേബ്യയും പിന്തുടരുക.
ഗള്‍ഫ് മേഖലയിലെ വിമാന കമ്പനികള്‍ ഇന്ത്യയിലെ വ്യോമയാന മേഖലയില്‍ സ്വാധീനം നേടുന്നത് എയര്‍ ഇന്ത്യയെയും ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളുടെ ഗള്‍ഫ് ബിസിനസിനെയും മാത്രമല്ല ബാധിക്കുക. ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും സര്‍വീസുകള്‍ നടത്തുന്ന പാശ്ചാത്യ വിമാന കമ്പനികളെയും ബാധിക്കും. ഗള്‍ഫ് മേഖയിലേക്ക് കൂടുതല്‍ സര്‍വീസ് ലഭ്യമാകുന്നതോടെ ഇന്ത്യയില്‍നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും യാത്ര ചെയ്യുന്നവര്‍ക്ക് ഗള്‍ഫിലെ വിവിധ ഹബുകള്‍ പ്രയോജനപ്പെടുത്തി യാത്രകള്‍ ആസൂത്രണംചെയ്യാന്‍ കഴിയും. ഇത് യാത്രക്കൂലി ഗണ്യമായി കുറയാന്‍ സഹായിക്കുകയും ചെയ്യും.
ഇന്ത്യയില്‍നിന്ന് വിദേശങ്ങളില്‍ യാത്രക്കാരെ എത്തിക്കുന്ന വിമാന കമ്പനികളുടെ കാര്യത്തില്‍ ആദ്യ പത്തില്‍ പോലും എത്താതിരുന്ന ഇത്തിഹാദാണ് ജെറ്റുമായുള്ള കരാറിനെ തുടര്‍ന്ന് ഒന്നാം സ്ഥാനത്ത് എത്തുന്നത്.
എമിറേറ്റ്സ് എയര്‍ലൈന്‍സിനാണ് ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ഉണ്ടായിരുന്നത്. ആദ്യ അഞ്ചില്‍ ഖത്തര്‍ എയര്‍വേസും എയര്‍ അറേബ്യയും ഉണ്ടായിരുന്നു. എന്നാല്‍, ജെറ്റ്-ഇത്തിഹാദ് കരാര്‍ പൂര്‍ണ പ്രാബല്യത്തില്‍ വരുന്നതോടെ എമിറേറ്റ്സിനൊപ്പം ഖത്തര്‍ എയര്‍വേസിന്‍െറയും എയര്‍ അറേബ്യയുടെയും ഇന്ത്യയില്‍നിന്നുള്ള ബിസിനസില്‍ ഗണ്യമായ കുറവുണ്ടാവും. ഇതിന് തടയിടാനാണ് ഗള്‍ഫ് വിമാന കമ്പനികളുടെ ശ്രമം.
അതിനിടെ, 32 ശതമാനം ഓഹരി പങ്കാളിത്തം എടുത്തതിന് തൊട്ടുപിറകെ ജെറ്റ് എയര്‍വേസിന് ഇത്തിഹാദ് വളരെ ആകര്‍ഷകമായ നിരക്കില്‍ 30 കോടി ഡോളര്‍ വായ്പ നല്‍കാന്‍ തീരുമാനിച്ചു. ഇത് ഇപ്പോള്‍ വന്‍ കടബാധ്യതയുള്ള ജെറ്റിന് ഏറെ ഗുണംചെയ്യും.
അവിശ്വസനീയമായ മൂന്നു ശതമാനം നിരക്കിലാണ് ഇത്തിഹാദ് ജെറ്റിന് വായ്പ ലഭ്യമാക്കുക. ഇതുവഴി പലിശ ഇനത്തില്‍ ഇപ്പോള്‍ ചെലവഴിക്കുന്ന തുകയില്‍ മൂന്നു കോടി ഡോളറോളം (ഏകദേശം 160 കോടി രൂപ) ലാഭിക്കാന്‍ ജെറ്റിന് കഴിയും. നിലവില്‍ വയ്പകള്‍ക്ക് 14 ശതമാനം പലിശയാണ് ജെറ്റ് നല്‍കിവരുന്നത്.
2012 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 10,000 കോടി രൂപയിലേറെയാണ് ജെറ്റിന്‍െറ കടബാധ്യത. ഇതിനുള്ള പലിശയായി മാത്രം 1400 കോടി രൂപയിലേറെ പ്രതിവര്‍ഷം കമ്പനി ചെലവഴിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News