Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കപ്പയും മത്തിക്കറിയും കേരളീയരുടെ നാവില്‍ വെള്ളമൂറിക്കുന്ന സംഗതിയാണ്. കപ്പ വിഭവങ്ങള്‍ കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരുമാണ് മലയാളികള്‍. ഈ വിഭവത്തിന് ഔഷധ ഗുണമേറെയുണ്ടുതാനും. കാര്‍ബോഹൈഡ്രേറ്റ്‌സ്, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവയാല്‍ സമ്പുഷ്ടമാണ് കപ്പ.
പോഷകഗുണങ്ങള്‍ ഏറെയടങ്ങിയിട്ടുള്ള കപ്പ ധൈര്യമായി ഭക്ഷണത്തിലുള്‍പ്പെടുത്താവുന്നതാണ്. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കപ്പ ഒരു അനുഗ്രഹമാണ്. പൊണ്ണത്തടിയേക്കാള്‍ പേടിക്കേണ്ട അവസ്ഥയാണ് ശരീരഭാരം ആവശ്യത്തിനില്ലാത്തത്. അതുകൊണ്ട് ശരീരഭാരം കൂട്ടാനാഗ്രഹിക്കുന്നവര്‍ക്ക് ഇനിമുതല്‍ കപ്പ കഴിച്ചു തുടങ്ങാം.
കൊഴുപ്പും സോഡിയവും വളരെ കുറഞ്ഞ അളവില്‍ മാത്രമേ കപ്പയില്‍ അടങ്ങിയിട്ടുള്ളൂ. മാത്രമല്ല ധാരാളം കാര്‍ബോഹൈഡ്രേറ്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരം പുഷ്ടിപ്പെടുത്താന്‍ ഇവ സഹായിക്കും. കപ്പയില്‍ അടങ്ങിയിരിക്കുന്ന അയണ്‍ രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. രക്തക്കുറവു പരിഹരിച്ച് അനീമിയ തടയാന്‍ കപ്പ നല്ലതാണ്.
കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍ പരിഹരിക്കാന്‍ കപ്പയിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും ബി- കോംപ്ലക്‌സ് വൈറ്റമിനും സഹായിക്കും. ഗര്‍ഭിണികള്‍ ഗര്‍ഭകാലയളവില്‍ കപ്പ കഴിക്കുന്നത് വൈകല്യങ്ങളില്ലാത്ത കുഞ്ഞു പിറക്കാന്‍ നല്ലതാണ്.
കപ്പയുടെ മറ്റൊരു സവിശേഷത അതില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന ദഹനയോഗ്യമായ നാരുകളാണ്. ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും ഈ നാരുകള്‍ സഹായിക്കും.
നല്ല ആരോഗ്യത്തിനു പ്രോട്ടീന്‍ അത്യാവശ്യമാണ്. ഇറച്ചിയിലും മീനിലും പാലുല്‍പന്നങ്ങളിലും ഇവ ധാരാളമടങ്ങിയിട്ടുണ്ടെങ്കിലും സസ്യഹാരികള്‍ക്ക് ഇവ അപ്രാപ്യമാണ്. അതിനാല്‍ പ്രോട്ടീന്റെ കുറവു പരിഹരിക്കാന്‍ സസ്യാഹാരികള്‍ ദിവസേന കപ്പ കഴിച്ചാല്‍ മതി. മസിലുകളുടെ വളര്‍ച്ചക്കും മറ്റും കപ്പയില്‍ ഉയര്‍ന്ന തോതിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സഹായിക്കും.
കപ്പയില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ, കാല്‍സ്യം അയണ്‍ എന്നിവ എല്ലുകളെ സംരക്ഷിക്കുന്നു. പ്രായാധിക്യം മൂലമുള്ള എല്ലുകളുടെ തേയ്മാനം സന്ധിവാതം എന്നിവയെ ചെറുക്കാനും കപ്പ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും.
തലച്ചോറിലേക്കുള്ള ഞരമ്പുകളുടെ പ്രവര്‍ത്തനം സുഗമമാക്കാനും കോശങ്ങളെ ശക്തിപ്പെടുത്താനും ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സ് ഉയര്‍ന്ന അളവില്‍ ഊര്‍ജം പകര്‍ന്ന് ഉന്‍മേഷം വര്‍ദ്ധിപ്പിക്കും.
Leave a Reply