Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യാതൊരു സാങ്കേതികത്തികവുമില്ലാതിരുന്ന മൊബൈല്‍ ക്യാമറകളെ സ്മാര്‍ട്ടാക്കാന്‍ ആപ്പിള്‍ വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല. ഇന്നു സര്‍വസാധാരണമായ ടച്-ടു-ഫോക്കസ്, പിഞ്ച്-ടു-സൂം, ഡബിള്‍-ടാപ്-ടു സൂം തുടങ്ങി ഫീച്ചറുകളുമായി എത്തിയ ഐഫോണ്‍ വേരിയന്റുകള്‍, പഴയകാല സ്റ്റാറുകളായിരുന്ന നോക്കിയയുടെയുംം ബ്ലാക്ബെറിയുടെയുമൊക്കെ തിളക്കം കെടുത്തിയിരുന്നു.
2013ല്‍, ഐഫോണ്‍ 5ല്‍ അവതരിപ്പിച്ച ട്രൂ ടോണ്‍ ഫ്ളാഷ്, 2015ല്‍ കൊണ്ടുവന്ന ലൈവ് ഫോട്ടോസ് തുടങ്ങി സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രഫിയ്ക്ക് ആപ്പിള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ എടുത്തുപറയേണ്ടവയാണ്. ഇപ്പോഴിതാ സ്മാര്‍ട്ട്ഫോണ്‍ ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ പുതിയ സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആപ്പിള്‍.

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചു ഫോട്ടോ എടുക്കാന്‍ പഠിപ്പിക്കുന്ന ഒരു വെബ് പേജാണ് ആപ്പിള്‍ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 40 സെക്കന്‍ഡ് വീതമുള്ള വിഡിയോ ക്ലിപ്പുകളാണ് ഇതില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്.
‘ഐഫോണ്‍ 7 ഉപയോഗിച്ച് എങ്ങനെ ഷൂട്ടു ചെയ്യാം’ (How to shoot on iPhone 7) എന്നാണ് വെബ്സൈറ്റിന്റെ പേരെങ്കിലും, ഫോട്ടോഗ്രഫിയിലേക്ക് ആദ്യമായി ചുവടുവെയ്ക്കുന്നവര്‍ക്ക് ഉപകാരപ്രദമാണ്.
ഐഫോണ്‍ 7പ്ലസിന്റെ പോര്‍ട്രെയ്റ്റ് മോഡ് പോലെയുള്ള ചില ക്ലിപ്പുകള്‍ ഫോണ്‍ കൈവശമുള്ളവര്‍ക്കു മാത്രമേ ഉപകരിക്കൂ. എങ്കിലും മിക്ക ക്ലിപ്പുകളും ക്യാമറാ ഫീച്ചറുകളെ അടുത്തറിയാത്തവര്‍ക്ക് ഗുണമകരമാകുന്നവയാണ്.
നിലവില്‍ 16 വീഡിയോ ക്ലിപ്പുകളാണ് വെബ്സൈറ്റിലുള്ളത്. സ്ട്രീറ്റ് ലൈറ്റില്‍ ചിത്രങ്ങളെടുക്കുന്നത് എങ്ങനെ, മൂവി റെക്കോഡു ചെയ്യുമ്പോള്‍ സ്റ്റില്‍ എടുക്കുന്നത് എങ്ങനെ, ഒറ്റ കൈ ഉപയോഗിച്ച് സെല്‍ഫി എടുക്കുന്നതെങ്ങിനെ, സെല്‍ഫി എങ്ങനെ എഡിറ്റു ചെയ്യാം, ഗ്രൂപ് പോര്‍ട്രെയ്റ്റ് എടുക്കുന്നതെങ്ങനെ, ഫ്ളാഷില്ലാതെ എങ്ങനെ ഷൂട്ടു ചെയ്യാം എന്നിവ പഠിപ്പിക്കുന്ന ക്ലിപ്പുകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പലതും ഏതു ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ഉപകരിക്കുന്നവയുമാണ്.
Leave a Reply