Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യുയോർക്ക്: നിലവിലെ അവസ്‌ഥ തുടർന്നാൽ കുറച്ചു വർഷങ്ങൾക്കുള്ളിൽ മനുഷ്യകുലം നശിക്കുമെന്ന് വിഖ്യാത ശാസ്ത്രജ്‌ഞൻ സ്റ്റീഫൻ ഹോക്കിംഗ്. ഓക്സ്ഫഡ് സർവകലാശാലയിൽ വിദ്യാർഥികളോടു സംസാരിക്കവെയാണ് ഹോക്കിംഗിന്റെ മുന്നറിയിപ്പ്.മനുഷ്യൻ ഭൂമി ഉപേക്ഷിക്കാൻ സമയമായെന്നും ബഹിരാകാശ യാത്രയെക്കുറിച്ച് കാര്യമായി ആലോചിക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.
‘അതീവദുർബലം’ എന്നാണ് ഭൂമിയുടെ നിലവിലെ അവസ്ഥയെപ്പറ്റി അദ്ദേഹം വിശേഷിപ്പിച്ചത്. ഇതുപേക്ഷിച്ച് മറ്റു ഗ്രഹങ്ങളിലേക്ക് താമസം മാറ്റിയാലല്ലാതെ മനുഷ്യകുലത്തിന് നിലനിൽപുണ്ടാകില്ല. അതിനാൽത്തന്നെ ബഹിരാകാശ വിഷയങ്ങളിൽ സാധാരണക്കാരുൾപ്പെടെ താത്പര്യം പ്രകടിപ്പിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദ് ഒറിജിൻ ഓഫ് ദ് യൂണിവേഴ്സ് എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം.
നേരത്തേ അന്യഗ്രഹശക്തികളെപ്പറ്റിയും സ്റ്റീഫൻ ഹോക്കിങ് മുന്നറിയിപ്പ് നൽകിയിരുന്നു. അന്യഗ്രജീവികൾ ഭൂമിയിലേക്കു വന്നാൽ അവയ്ക്കു മുന്നിൽ കീഴടങ്ങുകയല്ലാതെ മനുഷ്യനു മുന്നിൽ വേറൊരു വഴിയുമുണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അന്യഗ്രഹജീവികളുണ്ടെങ്കിൽ അവ എല്ലാക്കാര്യത്തിലും മനുഷ്യരേക്കാളും മുന്നിലായിരിക്കും. കൊളംബസ് അമേരിക്ക കണ്ടെത്തിയ പോലെയായിരിക്കും അവയുടെ ഭൂമിയിലേക്കുള്ള വരവ്. കൊളംബസിന്റെ വരവിനെത്തുടർന്ന് സ്വന്തം ഭൂമി തന്നെ നഷ്ടപ്പെട്ട് അടിമകളാക്കപ്പെട്ട അമേരിക്കയിലെ പ്രാദേശിക ജനതയുടെ ജീവിതത്തിനു സമാനമായിരിക്കും ഇതെന്നും ഹോക്കിങ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഒരുപക്ഷേ എന്നന്നേക്കുമായി ഭൂമിയുടെ നാശമായിരിക്കും അന്യഗ്രഹജീവികളുടെ വരവ് നമുക്ക് സമ്മാനിക്കുക. ഏതെല്ലാം ഗ്രഹങ്ങളിൽ അവയെത്തുന്നുവോ അതെല്ലാം തങ്ങളുടെ കോളനിയാക്കുമെന്നത് ഉറപ്പാണ്. അതിനു സഹായിക്കുന്ന ആധുനിക സാങ്കേതികസൗകര്യങ്ങളും അവയ്ക്കൊപ്പമുണ്ടാകും. മുകളിൽ നിന്ന് അവ നമ്മളെ നിരീക്ഷിച്ചതിനു ശേഷം മാത്രമേ ഭൂമിയിലേക്കു വരികയുള്ളൂ. അങ്ങനെ ദശാബ്ദങ്ങളായുള്ള നിരീക്ഷണങ്ങളിലൂടെ അവയ്ക്ക് കണ്ടെത്താനാകുന്ന ഒരു കാര്യമുണ്ട്. ആയുധങ്ങളാൽ ശക്തരായവർ അവരെക്കാളും ദുർബലരായവരെ അടിച്ചമർത്തുന്ന കാഴ്ചകളാണ് ഭൂമിയിലാകെ. ഒപ്പം മികച്ച സാമ്പത്തിക പിന്തുണയുള്ളവർ ദുർബല ജനവിഭാഗങ്ങളെയും മറ്റ് രാജ്യങ്ങളെയും കീഴടക്കുന്ന കാഴ്ചയും. മനുഷ്യൻ തലമുറകളായി അത് തുടർന്നു വരുന്നു.
അന്യഗ്രഹജീവികൾ ഏതെങ്കിലും ഗ്രഹത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ ഇക്കാര്യങ്ങളെല്ലാം കണ്ട് വിലയിരുത്താൻ തക്ക ബുദ്ധിയുള്ളവയായിരിക്കും. മനുഷ്യവംശത്തിന്റെ മുഴുവൻ പ്രവൃത്തികളും അവ ട്രാക്ക് ചെയ്ത് ഡേറ്റയാക്കിയിട്ടു പോലുമുണ്ടാകാം. അതുകൊണ്ടുതന്നെ അവയ്ക്ക് ആക്രമിക്കാനും എളുപ്പമായിരിക്കും. മനുഷ്യവംശത്തെ തകർക്കാനുള്ള ആയുധങ്ങൾ നമ്മുടെ ചരിത്രം പഠിച്ചുറപ്പിച്ചു കൊണ്ടുതന്നെ അവർ ഒരുക്കിയിട്ടുണ്ടാകുമെന്നു ചുരുക്കം. മനുഷ്യന് ബാക്ടീരിയകളുടെ വലുപ്പത്തോടു തോന്നുന്ന അതേ പുച്ഛം തന്നെയായിരിക്കും അന്യഗ്രഹജീവികൾക്ക് മനുഷ്യനോട് ഉണ്ടാവുകയെന്നും ഹോക്കിങ്ങിന്റെ വാക്കുകൾ.
Leave a Reply