Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കി മുന്നേറുന്ന ആമിര്‍ ഖാന്‍ ചിത്രം ദംഗലിനെ കുറിച്ച് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വെളിപ്പെടുത്തല്‍.
ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മലയാളിയും യു.ടി.വി മോഷന്‍ പിക്ചേഴ്സിന്റെ ക്രിയേറ്റീവ് ഹെഡുമായ ദിവ്യ റാവുവാണ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദംഗലിലേക്ക് ആമിര്‍ ഖാനു പകരക്കാരനായി കണ്ടുവെച്ചിരുന്നത് മോഹന്‍ലാലിനെ ആയിരുന്നുവെന്നാണ് ദിവ്യയുടെ വെളിപ്പെടുത്തല്‍.
ചിത്രത്തില്‍ അഭിനയിക്കാന്‍ ആമിര്‍ ഖാന്‍ വിസമ്മതിച്ചിരുന്നെങ്കില്‍ മോഹന്‍ലാലിനെ സമീപിക്കാനായിരുന്നു തീരുമാനം, ദിവ്യ പറയുന്നു. മഹാവീര്‍ സിങ് ഫോഗട്ട് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആമിര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ദംഗലിന്റെ ആശയം ദിവ്യ റാവുവിന്റേതായിരുന്നു. 2012ല്‍ വന്ന ഒരു പത്രവാര്‍ത്തയാണ് ഈ ചിത്രത്തെക്കുറിച്ചുള്ള ആലോചനയിലേക്ക് തന്നെ നയിച്ചതെന്നും ദിവ്യ അഭിമുഖത്തില്‍ പറയുന്നു.
തന്റെ പെണ്‍മക്കളെ ഗുസ്തി ചാമ്പ്യന്‍മാരാക്കാന്‍ പരിശീലനം നല്‍കിയ മഹാവീര്‍ സിങ് എന്ന പിതാവിനെക്കുറിച്ചു വന്ന ആ വാര്‍ത്ത ദിവ്യ നിര്‍മ്മാതാവ് സിദ്ധാര്‍ഥ് റോയ് കപൂറിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ദിവ്യയും സംഘവും ഈ ആശയവുമായി സംവിധായകന്‍ നിതേഷ് തിവാരിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ ചിത്രത്തിന്റെ ജനനം.
നിലവിലെ ബോളിവുഡ് റെക്കോര്‍ഡുകളെല്ലാം മറികടന്ന് കുതിക്കുന്ന ദംഗല്‍ ഇതിനോടകം 700 കോടി കലക്ഷന്‍ നേടിക്കഴിഞ്ഞു. ഗുസ്തിക്കാരന്‍ മഹാവീര്‍ ഫോഗട്ടിന്റെ കഥ പറഞ്ഞ ആമിര്‍ ഖാന്‍ ചിത്രം ദംഗല്‍ എഴുപത്തിരണ്ടാമത് ഫിലിംഫെയര്‍ അവാര്‍ഡ്ദാന ചടങ്ങിലും നിറഞ്ഞുനിന്നു.

മികച്ച ചിത്രം, നടന്‍, സംവിധായകന്‍, മികച്ച ആക്ഷന്‍ എന്നിവ അടക്കം നാല് അവാര്‍ഡുകളാണ് ഈ സ്പോര്‍ട്സ് ബയോപിക് ദംഗല്‍ സ്വന്തമാക്കിയത്.
മഹാവീര്‍ ഫോഗട്ടിനെ വിവിധ കാലങ്ങളിലൂടെ അവതരിപ്പിച്ച ആമിര്‍ ഖാന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടി. ചിത്രം സംവിധാനം ചെയ്ത നിതേഷ് തിവാരിയാണ് മികച്ച സംവിധായകന്‍. മികച്ച ആക്ഷനുള്ള അവാര്‍ഡ് ദംഗലിലെ ഗുസ്തിയെ തന്മയത്വത്തോടെ അവതരിപ്പിച്ച ശ്യാം കൗശല്‍ കരസ്ഥമാക്കി.
Leave a Reply