Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനാര്‍ദന റെഡ്ഡിയാണ് തന്റെ മകള്‍ ബ്രാഹ്മണിയുടെ വിവാഹമാണ് വന്‍ സംഭവമാക്കി മാറ്റിയിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി രാജീവ് റെഡ്ഡിയാണ് വരന്‍. വിവാഹത്തിന് എല്‍.സി.ഡി. ക്ഷണക്കത്താണ് വിതരണം ചെയ്തത്. കുടുംബക്കാര്‍ ചേര്‍ന്ന് അഭിനയിച്ച വീഡിയോ ഗാനം തെളിയുന്ന എല്‍.സി.ഡി. ക്ഷണക്കത്ത് നേരത്തെ ചര്‍ച്ചയായിരുന്നു.

ബെംഗളൂരു ഇതുവരെ കണ്ടിട്ടില്ലാത്ത ആര്‍ഭാടങ്ങളുടെ അകമ്പടിയിലാണ് വിവാഹം നടക്കുന്നത്. നവംബര്‍ 12ന് നടന്ന മെഹന്ദിയോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. പ്രമുഖര്‍ പങ്കെടുത്ത സംഗീതപരിപാടിയായിരുന്ന ആദ്യ ദിവസത്തെ ആകര്‍ഷണം. ആഘോഷം അഞ്ചുദിവസം നീളും. ബുധനാഴ്ചയാണ് മാംഗല്യം. വധുവിന്റെ വസ്ത്രശേഖരത്തില്‍ വിവാഹദിനത്തില്‍ അണിയുന്നതിനായി 19 കോടി വിലമതിക്കുന്ന സാരിയും ഉള്‍പ്പെടുന്നു. ഈ സാരിയില്‍ 90 കോടി രൂപ വില വരുന്ന ആഭരണങ്ങളും ചേര്‍ത്തിട്ടുണ്ട്.

14-ാം നൂറ്റാണ്ടില്‍ രാജാവായിരുന്ന കൃഷ്ണദേവരായരുടെ പുനരവതാരമാണ് താനെന്ന് വിശ്വസിക്കുന്ന ജനാര്‍ദന റെഡ്ഡി ബെംഗളൂരുവിലെ 36 ഏക്കര്‍ വരുന്ന പാലസ് ഗ്രൗണ്ടിലാണ് മകളുടെ വിവാഹം നടത്തുന്നത്. പഴയ കാലത്തെ കൊട്ടാരത്തിന്റെ മാതൃകയിലാണ് വിവാഹവേദി. ഇതൊരുക്കാന്‍ മാത്രം 150 കോടി രൂപ ചെലവായതായാണ് റിപ്പോര്‍ട്ട്. ഹംപിയിലെ വിജയ വിറ്റാല ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന കല്യാണ മണ്ഡപമാണ് ഒരുക്കിയിരിക്കുന്നത്. തിരുപ്പതി ക്ഷേത്രത്തിലെ എട്ട് പൂജാരിമാരാണ് ചടങ്ങുകള്‍ നടത്തുക.

അതേസമയം, അനധികൃത ഖനനത്തിന് സി.ബി.ഐ കോടതി ശിക്ഷിച്ച പ്രതിയാണ് ജനാര്‍ദന റെഡ്ഡി. 2011-ലാണ് ജനാര്‍ദന റെഡ്ഡിയെ അറസ്റ്റ് ചെയ്തത്. ജന്മദേശമായ ബെല്ലാരിയിലും കഡപ്പയിലും എത്തില്ല എന്ന ഉറപ്പില്‍ കഴിഞ്ഞ വര്‍ഷം ജനവരിയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിവാഹം പ്രമാണിച്ച് ജാമ്യവ്യവസ്ഥയില്‍ കോടതി ഈ മാസം ഒന്ന് മുതല്‍ 21 വരെ ഇളവും അനുവദിച്ചിരുന്നു. ഇതിനിടെ, കണക്കില്‍പെടാത്ത 38 കോടിയുടെ സ്വത്തുവകകള്‍ 2014-ല്‍ കണ്ടുകെട്ടിയിരുന്നു.


നോട്ടു പിന്‍വലിക്കലിന് പിന്നാലെ ജനങ്ങള്‍ വലയുമ്ബോള്‍ ഇത്രയും ആര്‍ഭാടത്തോടെ സംഘടിപ്പിച്ചിരിക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പിയുടെ ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

Leave a Reply