Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിലെ മാജിക്കല്‍ റിയലിസത്തിന്റെ മാന്ത്രികന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 12 വയസ്. ഖസാക്ക് എന്നൊരൊറ്റ വാക്കുകൊണ്ട് ഏതൊരാള്‍ക്കും ഓര്‍മ്മിച്ചെടുക്കാവുന്ന, അല്ല, മറക്കാതിരിക്കുന്ന എഴുത്തുകാരന്‍. ഇന്നോളം മലയാളത്തില്‍ എഴുതപ്പെട്ട നോവലുകളിലൊന്നും ഖസാക്കിനോളം മലയാളിയെ പിന്തുടര്‍ന്നിട്ടില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കിയ മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസകാരന്‍, ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ.വി.വിജയന്‍.

മലയാളത്തിലെ നോവല്‍ സങ്കല്‍പ്പങ്ങളെ തന്നെ തകിടം മറിച്ച ഒന്നായിരുന്നു ഖസാക്കിന്റെ ഇതിഹാസം. മലയാളനോവല്‍ ഖസാക്കിന് മുന്‍പും ഖസാക്കിന് ശേഷവും എന്ന വേര്‍തിരിവ് അതോടെ സ്വാഭാവികമായും സൃഷ്ടിക്കപ്പെടുകയായിരുന്നു.
എഴുത്തിന്റെയും വരയുടെയും വിശാലമായ ലോകമായിരുന്നു അദ്ദേഹത്തിന്റേത്. ആഖ്യാനത്തിലെ വ്യത്യസ്തത കൊണ്ടും, ചെത്തി മിനിക്കിയെടുത്ത ഭാഷ കൊണ്ടും അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി എന്നിവര്‍ ഇന്നും വായനക്കാരന്റെ മനസ്സില്‍ പച്ചയായി നില്‍ക്കുന്നതും അതുകൊണ്ടു തന്നെ.
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലായിരുന്നു ഒ.വി വിജയന്റെ ജനനം. അച്ഛന്‍ വേലുക്കുട്ടി,അമ്മ കമലാക്ഷിയമ്മ. മലബാര്‍ സ്പെഷല്‍ പൊലീസ് എന്ന എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്.

കുട്ടിക്കാലത്ത് അച്ഛന്‍ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്.പി ക്വാട്ടേഴ്സില്‍ ആയിരുന്നു വിജയന്‍ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം സെക്കന്റ് ഫോറം മുതലേ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ.
മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ ബിരുദം നേടി. പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അധ്യാപകനായി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ആയിരുന്നു അധ്യാപകവൃത്തി.
പിന്നീട് അധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാര്‍ട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതല്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകനായി. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കല്‍ അറ്റ്ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു.
ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദിയില്‍) എന്ന കാര്‍ട്ടൂണ്‍ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരിക) മാതൃഭൂമി, ഇന്ത്യാ ടുഡേ എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്.
1975 ല്‍ ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നിശിതമായ വിമര്‍ശനം എഴുത്തിലൂടെയും കാര്‍ട്ടൂണുകളിലൂടെയും ആവിഷ്‌കരിച്ച ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാള്‍ വിജയനാണ്.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍, മുട്ടത്തുവര്‍ക്കി അവാര്‍ഡുകള്‍, എഴുത്തച്ഛന്‍ പുരസ്‌കാരം, പത്മശ്രീ(2001) തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 1993ല്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി സമ്മാനിച്ചത്.
Leave a Reply