Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: വൈദ്യുതി മീറ്റർ റീഡിങ് എടുക്കുന്നതിന് വീട്ടിൽ ആൾ വരുമ്പോൾ വീട് പൂട്ടിക്കിടക്കുകയാണെങ്കിൽ ഇനി മുതൽ പിഴ നൽകേണ്ടിവരുമെന്നു വൈദ്യുതി ബോർഡ്. തുടർച്ചയായി രണ്ടു ബില്ലിങ് മാസങ്ങളിൽ വീടു പൂട്ടിക്കിടന്നാലാണ് പിഴ ചുമത്തുക.
വീടുകൾക്കു മാത്രമല്ല, വ്യവസായങ്ങൾക്കും പിഴ ബാധകമാണ്. കഴിഞ്ഞ ഒന്നാം തീയതി മുതൽ ഇതു നിലവിൽ വന്നുകഴിഞ്ഞു. സിംഗിൾ ഫേസ് കണക്‌ഷന് 250 രൂപയും ത്രീഫേസിന് 500 രൂപയും ഹൈടെൻഷന് 5000 രൂപയും എക്സ്ട്രാ ഹൈടെൻഷന് 10,000 രൂപയുമാണ് പിഴ. വീടുകളിൽ രണ്ടുമാസത്തിലൊരിക്കലാണ് മീറ്റർ റീഡർമാർ റീഡിങ് രേഖപ്പെടുത്താൻ എത്തുന്നത്.
ചില ഉപയോക്താക്കൾ ദീർഘകാലത്തേക്കു ഫ്ലാറ്റും വീടും പൂട്ടി സ്ഥലം വിടുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഈ നടപടി. ഇങ്ങനെ പോകുന്നവർ മുൻകൂട്ടി നിശ്ചിത മാസത്തെ മിനിമം നിരക്ക് അടയ്ക്കുകയും സെക്‌ഷൻ ഓഫിസിൽ അറിയിക്കുകയും ചെയ്താൽ പിഴ ഒഴിവാക്കാം.
എന്നാൽ ഈ തീരുമാനം വൈദ്യുതി ഉദ്യോഗസ്ഥർ ദുരുപയോഗപ്പെടുത്തുമെന്ന ആശങ്ക ഉപയോക്താക്കൾക്ക് ഉണ്ട്. മീറ്റർ റീഡർമാർക്ക് എന്തെങ്കിലും നിസാര കാരണങ്ങൾകൊണ്ട് റീഡിങ് എടുക്കാൻ സാധിക്കാതെ പോയാലും ഇത് ഉപയോഗിച്ച് പിഴ ചുമത്താനാവും. മീറ്റർ റീഡർമാർ എത്തുന്ന സമയം മുൻകൂട്ടി അറിയാൻ ഇപ്പോൾ സംവിധാനമില്ല.
Leave a Reply