Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനബെല്‍ എന്ന ഹോളിവുഡ് ചിത്രം മിക്ക ആളുകളും കണ്ടിട്ടുണ്ടാകാം. ഒരു പെണ്‍കുട്ടിയുടെ ആത്മാവ് പ്രവേശിച്ച പാവയുടെ കഥയാണിത്. ലോകത്തിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന ഈ പാവയുടെ കഥയ്ക്ക് അന്‍പതു വര്‍ഷത്തോളം പഴക്കമുണ്ട്.
1970 മുതലാണ് ഈ പാവ ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പാവ. ഒരു നഴ്‌സിങ് വിദ്യാര്‍ഥിക്ക് സമ്മാനമായി ലഭിച്ച പാവയിലാണ് അനബെല്‍ ഹിഗിന്‍സ് എന്ന പെണ്‍കുട്ടിയുടെ ആത്മാവ് കുടികൊള്ളുന്നതായി കണ്ടെത്തിയത്. പ്രേതസാന്നിധ്യം കണ്ടെത്തി അവയ്ക്കു പരിഹാരം കാണുന്ന പാരാനോര്‍മല്‍ ആക്ടിവിറ്റി ഇന്‍വെസ്റ്റിഗേറ്റര്‍മാരായ ദമ്പതികള്‍ എഡ് വോറനും ലൊറെയ്‌നുമാണ് അനബെല്ലിന്റെ ആത്മാവിനെയും തിരിച്ചറിഞ്ഞത്.

ഏറെ വാര്‍ത്താപ്രാധാന്യവും നേടിയ ഈ സംഭവത്തെ അടിസ്ഥാനമാക്കി അനബെല്ലല്ലാതെ നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ മെക്‌സിക്കോയിലെ ഒരു ദ്വീപിന്റെ കാര്യം ഇതിലും ഭയാനകമാണ്. കാരണം ഇവിടെയുള്ള പാവകള്‍ക്ക് കണക്കില്ല.
മെക്‌സിക്കോ സിറ്റിയില്‍ നിന്ന് രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ പാവദ്വീപില്‍ (Isla de las Munecas) എത്തിച്ചേരാം. ദൂരെ നിന്നു തന്നെ മരങ്ങളിലും വേലിപ്പടര്‍പ്പുകളിലും തൂങ്ങിയാടുന്ന പാവകള്‍ നിങ്ങള്‍ക്ക് കാണാനാകും. അടുത്തെത്തുംതോറും കാഴ്ച കൂടുതല്‍ ഭയപ്പെടുത്തും.

കാരണം ഈ ദ്വീപില്‍ കാണപ്പെടുന്ന പല പാവകള്‍ക്കും കൈയ്യും കാലുമില്ല. ചിലതിന് തല മാത്രം. ചിലത് മുടിയിഴകളില്‍ തൂക്കിയിട്ടിരിക്കുന്നു. തടിച്ചതും മെലിഞ്ഞതുമായ പാവകളുണ്ട്, അവയുടെ ദേഹത്ത് ചെതുമ്പല്‍ പിടിച്ചതു പോലെ അടയാളങ്ങള്‍. എല്ലാറ്റിന്റെയും കണ്ണുകള്‍ പേടിപ്പെടുത്തുന്ന വിധത്തിലുള്ളതാണ്.
ചിലത് നമ്മെത്തന്നെ തുറിച്ചുനോക്കുന്നതു പോലെത്തോന്നും. വെള്ളാരങ്കല്ലു പോലുള്ളതും ഇടിച്ചു തകര്‍ത്തതുമായ കണ്ണുകള്‍. ചിലതിന്റെ ദേഹമാകെ ചോരനിറം, ചിലതിന് കോമ്പല്ലുകള്‍, ചിലത് നമ്മെ നോക്കി ചിരിക്കുന്നതായി കാണാം. കാലപ്പഴക്കം കാരണം മിക്കതിലും എട്ടുകാലി വലകള്‍. ചില പാവകളുടെ കണ്ണില്‍ നിന്നും വായില്‍ നിന്നുമെല്ലാം പുഴുക്കളും വണ്ടുകളും.

ഈ ദ്വീപ് സന്ദര്‍ശിച്ച പലരും തങ്ങള്‍ക്ക് ഇവിടെ ഭയാനകമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നുണ്ട്. ഈ പാവ ദ്വീപിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ജൂലിയന്‍ സാന്റാന ബെറേറ എന്നയാളെ കുറിച്ച് അറിയണം.
‘ചൈനാംപാസ്’ എന്നാണ് പ്രദേശവാസികള്‍ക്കിടയില്‍ ആ കൊച്ചുദ്വീപ് അറിയപ്പെടുന്നത്. 1970കളില്‍ ജൂലിയന്‍ സാന്റാന ബെറേറ എന്നയാള്‍ ഇവിടേക്ക് തന്റെ താമസം മാറ്റി. ദ്വീപില്‍ പൂക്കളും പച്ചക്കറിയുമെല്ലാം കൃഷി ചെയ്ത് വിദൂരത്തുള്ള ടൗണില്‍ കൊണ്ടുപോയി വിറ്റായിരുന്നു ജീവിതം.

ഇയാള്‍ എന്തിന് ഇവിടെ എത്തി എന്നത് ബന്ധുക്കള്‍ക്കു പോലും നിശ്ചയമില്ലാത്ത കാര്യമായിരുന്നു. ആരോടും മിണ്ടാതെ, ദ്വീപിലെ മരക്കൂട്ടങ്ങള്‍ക്കിടയില്‍ തട്ടിക്കൂട്ടിയ ഒരു വീട്ടിലായിരുന്നു ഇയാളുടെ ജീവിതം. എന്നാല്‍ ഒരുനാള്‍ ദ്വീപില്‍ ജൂലിയന്‍ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടു. വെള്ളത്തില്‍ വിറങ്ങലിച്ചു കിടക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ മൃതശരീരം.
പിന്നീടായിരുന്നു ഇവിടെ പ്രശ്‌നങ്ങളുടെ തുടക്കം. രാത്രിയില്‍ വീടിനും ചുറ്റിലും കുഞ്ഞുകാലടിയൊച്ചകള്‍, വിദൂരത്തു നിന്ന് ഏതോ പെണ്‍കുട്ടിയുടെ വേദന നിറഞ്ഞ കരച്ചില്‍, വനത്തില്‍ ആരൊക്കെയോ പിറുപിറുക്കുന്ന ശബ്ദങ്ങള്‍.
തൊട്ടടുത്ത ദിവസം ആ പെണ്‍കുട്ടിയുടെ മൃതദേഹം കിടന്ന അതേസ്ഥലത്ത് ഒരു പാവക്കുട്ടി ഒഴുകിയെത്തി. ആ പാവയെ ബെറേറ സമീപത്തെ ഒരു മരത്തില്‍ കെട്ടിനിര്‍ത്തി. തുടര്‍ന്നുള്ള രാത്രികളിലും കരച്ചിലും ശബ്ദങ്ങളും നിലച്ചില്ല.

നഗരത്തില്‍ നിന്ന് കിലോമീറ്ററുകളോളം ദൂരെയായതിനാല്‍ ദ്വീപില്‍ മറ്റു ശബ്ദങ്ങളൊന്നും എത്തുകയുമില്ല. ദ്വീപിലേക്ക് പാവകളും മറ്റ് കളിപ്പാട്ടങ്ങളും ഒഴുകിയെത്താനും തുടങ്ങി. ഇങ്ങനെ ഒഴുകിയെത്തുന്ന കളിപ്പാട്ടങ്ങളും പാവകളുമെല്ലാം ജൂലിയന്‍ ശേഖരിച്ച് മരങ്ങളിലും തന്റെ വീടിനു ചുറ്റുമുള്ള കമ്പിവേലിയിലുമെല്ലാം സ്ഥാപിച്ചു. താന്‍ കണ്ട പെണ്‍കുട്ടിയുടേതുള്‍പ്പെടെ മരിച്ചവരുടെയെല്ലാം ആത്മാക്കള്‍ ഓരോ പാവകളിലേക്കും പ്രവേശിക്കുമെന്നായിരുന്നു ജൂലിയന്റെ വിശ്വാസം. താമസിക്കാന്‍ ഇടം കിട്ടുമെന്നതിനാല്‍ അവ തന്നെ ഉപദ്രവിക്കില്ലെന്നും ജൂലിയന്‍ കരുതി.
എന്തായാലും ദിനംപ്രതി പാവകളുടെ എണ്ണം കൂടി, അവ ആയിരക്കണക്കിനായി. ദ്വീപുനിറയെ പലതരത്തിലുള്ള പാവകള്‍ തൂങ്ങിയാടി.
ഒടുവില്‍ 2001ല്‍ ദ്വീപിലെത്തിയ ഒരു ബന്ധുവാണ് കണ്ടെത്തിയത്, പണ്ട് ആ പെണ്‍കുട്ടി മരിച്ചുകിടന്ന അതേസ്ഥലത്ത് മരിച്ചു കിടക്കുന്ന ജൂലിയനെ. അദ്ദേഹത്തിന്റെ ആത്മാവും ദ്വീപിലെ പാവകളിലൊന്നില്‍ പ്രവേശിച്ചുവെന്നാണ് പിന്നീടു പടര്‍ന്ന കഥ.
ജൂലിയന്റെ കുടുംബം പിന്നീട് ഈ ദ്വീപ് ഏറ്റെടുത്തു. www.isladelasmunecas.com എന്ന പേരില്‍ ഒരു ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടൂറിസവും പ്രമോട്ട് ചെയ്യുന്നു. ഐക്യരാഷ്ട്രസഭ ഹെറിറ്റേജ് സൈറ്റ് ആയും പ്രഖ്യാപിച്ചിട്ടുണ്ട് ഈ സ്ഥലത്തെ.
ആയിരക്കണക്കിനു പേരാണ് ഈ പാവദ്വീപിലേക്ക് വര്‍ഷംതോറും എത്തുന്നത്. വരുന്നവരെല്ലാം പലതരം പാവകളെയും കൊണ്ടുവരുന്നു. തങ്ങള്‍ കണ്ടതില്‍വച്ച് ഏറ്റവും അസ്വസ്ഥതയുള്ളവാക്കുന്ന ദ്വീപ് എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.

ദ്വീപിലെത്തുന്ന സന്ദര്‍ശകരിലേറെയും ദ്വീപിലൂടെയുള്ള യാത്രകളിലുടനീളം, ആ പ്രേതപ്പാവകളുടെ കണ്ണുകള്‍ തങ്ങളെത്തന്നെ പിന്തുടരുന്നുവെന്ന് തോന്നാറുണ്ടെന്നും പറയുന്നു.
കാമുകിയുമായി വേര്‍പിരിഞ്ഞതിനെത്തുടര്‍ന്നാണ് ജൂലിയന്‍ ദ്വീപിലെ ഏകാന്തവാസത്തിലേക്കു മാറുന്നത്. തികച്ചും ഒരു സന്യാസിയെപ്പോലുള്ള ജീവിതം. അതിനിടെ വിരസതയകറ്റാന്‍ വേണ്ടി തയാറാക്കിയതാണ് പെണ്‍കുട്ടിയുടെ മരണകഥയെന്നും പറയപ്പെടുന്നു.
അത്തരമൊരു സംഭവം തന്നെ നടന്നിട്ടില്ലെന്നു വിശ്വസിക്കുന്നവരുമേറെ. പക്ഷേ ഇപ്പോഴും രാത്രികളില്‍ ദ്വീപിലേക്കു പോകാന്‍ അധികമാരും മെനക്കെടാറില്ല. എന്തിനേറെപ്പറയണം, പകല്‍വെളിച്ചത്തില്‍പ്പോലും അസ്വസ്ഥതയേറെയുണ്ടാക്കും ദ്വീപിലെ കാഴ്ചകള്‍.
Leave a Reply