Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാമ്പാടി: കോളേജ് മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ മരണത്തിലൂടെ ചര്‍ച്ചയാകുന്നത് കോളേജിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കൂടിയാണ്.
മാനേജ്‌മെന്റിന്റെ ഗുണ്ടാവിളയാട്ടമാണ് കോളേജിലും ഹോസ്റ്റലുകളിലും നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ തന്നെ ആരോപിക്കുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ പോലും എല്ലാവര്‍ക്കും പേടിയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളാണ് ഇത്തരം പ്രവൃത്തികളുടെ ഇരകള്‍. ഇവിടങ്ങളിലെല്ലാം എന്തും നടക്കുമെന്നതാണ് അവസ്ഥ. ഇപ്പോള്‍ ജിഷ്ണുവിന്റെ മരണം വേണ്ടിവന്നു കോളേജിന്റെ ഇത്തരം ക്രൂര കൃത്യങ്ങള്‍ പുറംലോകമറിയാന്‍.
കോളേജ് ക്യാമ്പസിനുള്ളിലെ ഹോസ്റ്റലില്‍ തങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ലെന്ന് നെഹ്‌റു കോളേജിലെ വിദ്യാര്‍ഥിനികള്‍ പറയുന്നു. രാത്രിയില്‍ പോലും പുരുഷന്മാരായ ചിലര്‍ പരിശോധന എന്ന പേരില്‍ ഹോസ്റ്റലില്‍ കയറിയ സംഭവങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോളേജിലെ വനിതാ ഹോസ്റ്റലിനടുത്ത് ചുറ്റിത്തിരിയുന്ന ഷോമാനെക്കുറിച്ചും വിദ്യാര്‍ഥിനികള്‍ പരാതിപ്പെടുന്നുണ്ട്. ഷോമാന്‍ എന്ന പേരിട്ടുവിളിക്കുന്ന ആള്‍, ഹോസ്റ്റലിന് പുറക് വശത്ത് വന്ന നഗ്നനായി നില്‍ക്കുന്നത് ഭൂരിഭാഗം ദിവസങ്ങളിലും നടക്കുന്ന സംഭവമാണെന്ന് വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കി.
ഷോമാന്‍ എന്ന് പറയുന്നത് ഒരാള്‍ അല്ല. ഒരു കൂട്ടം ആളുകളാണ്. ഇക്കാര്യത്തില്‍ വൈസ് പ്രിന്‍സിപ്പളോട് പരാതിപ്പെട്ടപ്പോള്‍ നിങ്ങള്‍ വിളിച്ച കയറ്റിയതാവും അവരെയെന്നായിരുന്നു മറുപടി. വലിയ ചുറ്റുമതിലുള്ള ക്യാമ്പസിനകത്ത് സെക്യൂരിറ്റി ജീവനക്കാരുടെ അനുമതി ഇല്ലാതെ ഒന്നും നടക്കില്ല. പിന്നെയെങ്ങനെയാണ് ഇത്തരം ആളുകള്‍ ഹോസ്റ്റലിലെത്തുന്നതെന്നും വിദ്യാര്‍ഥിനികള്‍ ചോദിക്കുന്നു.
ഇത് മാത്രമല്ല പെണ്‍കുട്ടികളുടെ മുറികള്‍ക്കുള്ളില്‍ എന്താണ് നടക്കുന്നത് എന്നറിയാന്‍ ഓരോ മുറികള്‍ക്കും സീ ഹോളുകള്‍ ഉണ്ട്. രാത്രിയില്‍ പല തവണ ഈ ഹോളുകളിലുടെ നോക്കാന്‍ വാര്‍ഡന്‍ എത്തും. പല ദിവസങ്ങളിലും ഈ ഹോളുകളിലൂടെ നോക്കുന്ന ആളുകള്‍ ആരാണെന്ന് പോലും തങ്ങള്‍ക്കറിയില്ലെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു.
വനിത വാര്‍ഡന്മാര്‍ തന്നെയാണോ, അതോ പുരുഷന്മാര്‍ എത്താറുണ്ടോ എന്നും തങ്ങള്‍ക്ക് സംശയമുണ്ടെന്നും ഹോസ്റ്റലിനുള്ളില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള നൈറ്റ് ഡ്രസ്സ് ഇടാനുള്ള അവകാശം പോലുമില്ലെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.
ഇവിടെ ആരും മോശമായി വസ്ത്രം ധരിക്കാറില്ല. എന്നാലും ചില വസ്ത്രം ധരിച്ചാല്‍ വാര്‍ഡന്‍ വന്ന് ഭീഷണിപ്പെടുത്തും. ഫോണ്‍ ഉപയോഗം വിലക്കിയതാണ്. ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ അര്‍ദ്ധരാത്രിയില്‍ പോലും നഗ്നയാക്കി ദേഹ പരിശോധന നടത്താറുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടിക്കും സ്വകാര്യതയില്ല. ഇത്തരം പരിശോധനകള്‍ നടത്തുന്നത് മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വെച്ചാണ്. പരിശോധനയ്ക്കായി മറ്റ് കുട്ടികള്‍ക്ക് മുന്നില്‍ വച്ച് വസ്ത്രം അഴിക്കാത്തവരെ മര്‍ദ്ദിച്ച സംഭവം പോലും ഉവിടെ ഉണ്ടായിട്ടുണ്ടെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
2007 ല്‍ നേരത്തെ ആരോപണ വിധേയനായ പി.ആര്‍.ഒ സഞ്ജിത്തും കൃഷ്ണദാസും രാത്രി പത്ത് മണിക്ക് ഗേള്‍സ് ഹോസ്റ്റലില്‍ കയറിയ സംഭവും ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.
ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ യഥാര്‍ത്ഥത്തില്‍ ഹോസ്റ്റലല്ല. മറിച്ച് ഒരു ടോര്‍ച്ചറിങ്ങ് സെന്ററാണെന്ന് ഇവിടെ താമസിക്കുന്ന വിദ്യാര്‍ഥികള്‍ പറയുന്നു. ഒരു കുട്ടിക്കും ഒരു സ്വാതന്ത്രവും ഇല്ല. മാനേജ്‌മെന്റ് പറയുന്നത് കേട്ട് പാവകളെപോലെ ജീവിക്കാത്തവര്‍ക്ക് കനത്ത മര്‍ദ്ദനം ഏല്‍ക്കേണ്ടി വരാറുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഭക്ഷണം ലഭിക്കാത്ത ദിവസം അത് ചോദ്യം ചെയ്താല്‍, പഴയ ഭക്ഷണം കഴിക്കാന്‍ തന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹോസ്റ്റലിലെത്താന്‍ നിശ്ചയിച്ച സമയം അല്‍പമൊന്ന് തെറ്റിയാല്‍ വലിയ മാനസിക പീഡനങ്ങളാണ് നേരിടേണ്ടി വരുക. രാത്രി ഹോസ്റ്റലില്‍ കയറ്റാതെ പുറത്ത് നിര്‍ത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ഒരിക്കല്‍ ഇത്തരം സംഭവം ഉണ്ടായപ്പോള്‍ ഒരു വിദ്യാര്‍ഥിയെ നേരിട്ട് പിറ്റേ ദിവസം പി.ആര്‍.ഒ സഞ്ജിത്തിന്റെ അടുത്തേക്ക് വിട്ടെന്നും അവിടെയുള്ള ഇടിമുറിയില്‍ വച്ച് ആ വിദ്യാര്‍ഥിയുടെ മുഖത്ത് പലതവണ അടിച്ചുവെന്നും മറ്റുള്ളവര്‍ പറയുന്നു.
നേരത്തെ നെഹ്‌റു കോളേജിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പൂര്‍വ വിദ്യാര്‍ഥി വിനീത് രാജനും രംഗത്തെത്തിയിരുന്നു.
നെഹ്‌റു കോളേജിലെ പീഡനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോഴൊന്നും തന്നെ ഒരു പൂര്‍വ്വവിദ്യാര്‍ഥി എന്ന നിലയില്‍ അതൊന്നും എന്നെ ഏറെ അത്ഭുതപ്പെടുത്തുകയോ അമ്പരപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിനീത് പറയുന്നു.
ആറ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കോളേജിന് അല്ലെങ്കില്‍ ആ ഗ്രൂപ്പ് ഓഫ് കോളേജുകള്‍ക്ക് യാതൊരു തരത്തിലുള്ള മാറ്റവും സംഭവിച്ചില്ലല്ലോ എന്നത് മാത്രമാണ് എന്നെ അമ്പരപ്പിച്ച ഒരേ ഒരു കാര്യം.
ക്യാമ്പസിനകത്താണ് നെഹ്‌റു ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് നിലകൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ അഡ്മിഷന്‍ കാലത്ത് പുറത്ത് നിന്ന് അന്വേഷണങ്ങള്‍ക്ക് വരുന്ന രക്ഷിതാക്കളോടോ, വിദ്യാര്‍ഥികളോടോ ആശയവിനിമയം പാടില്ലെന്ന കര്‍ശനനിര്‍േദശം അക്കാലത്ത് കോളേജില്‍ സര്‍ക്കുലറായി തന്നെ ഉണ്ടായിരുന്നു.
കാരണം, ഒരു വിദ്യാര്‍ഥി പോലും മറ്റൊരാളെയും ആ കോളേജിലേക്ക് സ്വാഗതം ചെയ്യില്ല എന്നത് മാത്രമായിരുന്നു. സെക്യൂരിറ്റി സ്റ്റാഫുകളുടെയും, അധ്യാപക-അനധ്യാപകരുടെയും കണ്ണില്‍ പെടാതെ എന്നിട്ടും പലരും പുറത്ത് നിന്ന് വരുന്നവര്‍ക്ക് കോളേജിലെ യാഥാര്‍ത്ഥ്യമെന്താണെന്ന അറിയിപ്പുകള്‍ കൈമാറി. അന്ന് അവര്‍ അതിനെ നേരിട്ടത് വെയിറ്റിങ്ങ് ഏരിയയ്ക്ക് സമീപങ്ങളിലെല്ലാം ക്യാമറക്കണ്ണുകളുടെ നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു.
കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസില്‍ പോവേണ്ടതയി വരും. അപ്പോഴെല്ലാം അവര്‍ക്ക് ഈ വെയിറ്റിങ്ങ് ഏരിയയില്‍ തന്നെയാണ് തങ്ങളുടെ ഊഴമാവുന്നത് വരെ കാത്ത് നില്‍ക്കേണ്ടി വരുന്നതും. ആ സമയം സ്വാഭാവികമായി അവിടെ അന്വേഷണങ്ങള്‍ക്കായി വന്ന ഏതെങ്കിലും രക്ഷിതാക്കള്‍ കോളേജിനെ കുറിച്ചോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഒരു വിഷയത്തെ കുറിച്ചോ ഇവരോട് ചോദിക്കും. ആ ചോദിച്ച വ്യക്തി പിന്നീട് അഡ്മിഷനില്‍ നിന്ന് പിന്മാറിയാല്‍ പിന്നീട് മാനസികമായി പീഡനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വരുന്നത് അവരുമായി സംസാരിച്ചവര്‍ ആരാണോ അവരായിരിക്കുമെന്നും വിനീത് വ്യക്തമാക്കുന്നു.
സംവിധായകനായ ആഷിഖ് അബു ഫേസ്ബുക്കില്‍ ഒരു ചിത്രം ഷെയര്‍ ചെയ്തിരുന്നു. നെഹ്‌റു കോളേജിലെ അദ്ധ്യാപകനായ ‘വട്ടോളി’ ഒരു വിദ്യാര്‍ഥിയെ വടിയുപയോഗിച്ച് മര്‍ദ്ദിക്കുന്നത്. ഞങ്ങളുടെ ഓര്‍മ്മയില്‍ ആ വട്ടോളി എന്ന അധ്യാപകന്റെ പോസ്റ്റ് ഫിസിക്കല്‍ ഇന്‍സ്ട്രക്റ്ററായിരുന്നു.
എന്നാല്‍ അന്നുവരെ ഏതെങ്കിലും കായിക ഇനത്തില്‍ ഒരു ടീം പോലും കോളേജിനായി പ്രാക്ടീസ് ചെയ്തതായി കണ്ടിട്ടില്ല. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ മുന്‍ കൈ എടുത്ത് ചെന്നാല്‍ തന്നെ അതിനെ തള്ളിപ്പറയുകയും, അധിക്ഷേപിക്കുകയും ചെയ്യുന്നതായിരുന്നു മാനേജ്‌മെന്റിന്റെ രീതി. ആ ക്യാമ്പസുകളിലാണ് ഫിസിക്കല്‍ ഇന്‍സ്ട്രകറ്ററായി ‘വട്ടോളി’ എന്ന അദ്ധ്യാപകന്റെ സേവനം.
വിദ്യാര്‍ഥികളെ ഭയപ്പെടുത്തി അച്ചടക്കം പഠിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ജോലി. പൊതുപരിപാടിക്കിടയില്‍ മൈക്ക് സ്റ്റാന്റുപയോഗിച്ച് വിദ്യാര്‍ഥികളെ പരസ്യമായി തല്ലിയ ചരിത്രം വരെ അദേഹത്തിനുള്ളതുകൊണ്ട് തന്നെ ആ വടിയുപയോഗിച്ചുള്ള നില്‍പ്പൊന്നും നെഹ്‌റുവിലെ പൂര്‍വ്വ വിദ്യാര്‍ഥികളില്‍ വലിയ ചലനമൊന്നും സൃഷ്ടിക്കാനിടയില്ലെന്നും വിനീത് വ്യക്തമാക്കി.
ഇനി സാമ്പത്തികമായി അവരെങ്ങനെയാണ് അക്കാലത്ത് വിദ്യാര്‍ഥികളെ ചൂഷണം ചെയ്തിരുന്നത് എന്നതിനെ കുറിച്ച് പറയാം. നിരവധി ഇവന്റുകളാണ് നെഹ്‌റു കോളേജ് ഓഫ് ഗ്രൂപ്പ് സംഘടിപ്പിച്ചിരുന്നത്. ആ ഇവന്റുകള്‍ക്കെല്ലാം ഒരു നിശ്ചിതതുക എല്ലാ വിദ്യാര്‍ഥികളും നല്‍കണം. അത് നിര്‍ബന്ധിത പിരിവായിരുന്നു.
നല്‍കാത്തവര്‍ക്ക് ഇന്റേണലുകള്‍ക്കും, അസൈന്മെന്റുകള്‍ക്കും, റെക്കോഡ് സബ്മിഷനിലുമൊക്കെ പിടിവീഴും. അതുകൊണ്ട് തന്നെ ആരും അക്കാര്യത്തില്‍ വീഴ്ച വരുത്താതെ ആ തുകകളെല്ലാം തന്നെ മാനേജ്‌മെന്റിന് കൈമാറിക്കൊണ്ടിരുന്നു. അതുപോലെ ഏതെങ്കിലും വിദ്യാര്‍ഥി ഇടയ്ക്ക് വച്ച് പഠനമുപേക്ഷിക്കേണ്ട ഘട്ടം വരുമ്പോള്‍, അത് ആരോഗ്യപരമാണെങ്കില്‍ പോലും ആ കുട്ടിയുടെ ഫീസ് കൈപ്പറ്റിയ ശേഷമേ സര്‍ട്ടിഫിക്കറ്റുകള്‍ വിട്ടു നല്‍കുകയുള്ളൂ.
എന്തിനേറേ, കോളേജില്‍ നിന്ന് അറ്റന്റന്‍സ് ഇല്ലാത്ത കാരണത്താല്‍ ഡീബാര്‍ ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് പോലും മുഴുവന്‍ ഫീസ് വാങ്ങിയെടുത്ത ചരിത്രം ആ മാനേജ്‌മെന്റിനുണ്ടെന്നും വിനീത് പറഞ്ഞു.
Leave a Reply