Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തിലെ ചിലയിടങ്ങളെങ്കിലും പാമ്പുകളുടെ കേന്ദ്രമാണ്. വിഷമുള്ളതും ഇല്ലാത്തതുമായ പലയിനം പാമ്പുകള്‍ ഇത്തരത്തിലുണ്ട്. പാമ്പ് ഒരിക്കലും ഒരു ആക്രമണകാരിയല്ല. ആക്രമണത്തില്‍ നിന്നു രക്ഷപ്പെടുന്നതിനോ പ്രതിരോധിക്കുന്നതിനോ പേടികൊണ്ടോ ആണ് പാമ്പ് കടിക്കുന്നത്.
അതുകൊണ്ട് പാമ്പിനെ ഭയപ്പെടേണ്ടതില്ലെന്നു പറയാം. പലപ്പോഴും നമ്മുടെ ചവിട്ടേല്‍ക്കുമ്പോഴാണ് പാമ്പ് കടിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ കടിക്കുമ്പോള്‍ ഏല്‍ക്കുന്ന വിഷത്തിന്റെ അളവിലും ഏറ്റക്കുറച്ചില്‍ ഉണ്ടാകും.
ഓരോ തരം പാമ്പിന്റെയും വിഷവും ഓരോ തരത്തിലാണ് ശരീരത്തെ ബാധിക്കുന്നത്. ചിലത് ശ്വസന വ്യവസ്ഥയെ ബാധിക്കും, ചിലത് നാഡീവ്യൂഹത്തെ തളര്‍ത്തും മറ്റു ചിലത് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും. ഇങ്ങനെ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളെ പല വിധത്തിലാണ് വിഷം ബാധിക്കുന്നത്.
ഏത് ഇനം പാമ്പാണ് കടിച്ചത് എന്നു തിരിച്ചറിയുന്നത് ചികിത്സ എളുപ്പമാക്കും. അതുപോലെ തന്നെ പ്രധാനമാണ് എത്രമാത്രം വിഷം ശരീരത്തില്‍ കടന്നു എന്നതും. വിഷത്തിന്റെ അളവ് എത്രയെന്ന് രക്ത പരിശോധനയിലൂടെ കണ്ടെത്തുന്നതിനുള്ള നൂതനമാര്‍ഗങ്ങള്‍ പല രാജ്യങ്ങളിലും വികസിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ പാമ്പുകടിയേറ്റാല്‍ നല്‍കേണ്ട പ്രഥമശുശ്രൂഷയെപ്പറ്റി തെറ്റായ ധാരണകള്‍ പലര്‍ക്കുമുണ്ട്. അതിലൊന്നാണ് കടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം ഊറ്റിക്കളയണമെന്നത്. ഈ മുറിവുണ്ടാക്കല്‍ അനാവശ്യവും അപകടകരവുമാണ്.
അതുപോലെ തന്നെ പ്രധാനമാണ് കടിയേറ്റ ഭാഗത്തിനു മുകളില്‍ ചുറ്റിക്കെട്ടുന്നതിലെ അപാകത. ചരടോ വള്ളിയോ ഉപയോഗിച്ച് ഒരിക്കലും ഇവിടം കെട്ടരുത്. തുണിയോ ടൗവലോ ഉപയോഗിച്ചു മാത്രമേ കെട്ടാവൂ. അതും മുറുക്കി കെട്ടരുത്. വലിച്ചു മുറുക്കി കെട്ടിയാല്‍ ആ ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും ശരീരഭാഗം മുറിച്ചുമാറ്റേണ്ട അവസ്ഥ വരെ ഉണ്ടാകുകയും ചെയ്യും. ഒരു വിരല്‍ കടക്കാവുന്ന തരത്തില്‍ അയച്ചു മാത്രമേ കെട്ടാവൂ.
ഇനി പാമ്പു കടിച്ചയാളെ അധികം നടക്കാനോ ഓടാനോ അനുവദിക്കരുത്. നടക്കുകയോ ഓടുകയോ ചെയ്താല്‍ രക്തയോട്ടം വേഗത്തിലാകുകയും വിഷം പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും. ആളെ ഭയപ്പെടുത്താതെ സമാധാനിപ്പിക്കുകയും എത്രയും വേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയുമാണ് ചെയ്യേണ്ടത്.
Leave a Reply