Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതീഹ്യങ്ങളും കഥകളും നമുക്ക് പരിചിതമാണ്. കൂടാതെ തൃക്കാക്കരയപ്പന്‍, പുലിക്കളി, കുമ്മാട്ടിക്കളി, ഓണവില്ല് തുടങ്ങിയവയും ഓണത്തോടനുബന്ധിച്ച് നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ്.
ഇത്തരത്തില്‍ ഓണത്തോടനുബന്ധിച്ച് കാണുന്ന ഒരു തെയ്യരൂപമാണ് ഓണപ്പൊട്ടന്‍. പ്രത്യേകിച്ചും വടക്കേ മലബാറിലാണ് ഇത് കാണപ്പെടുന്നത്. ഓണേശ്വരന്‍ എന്നും ഓണപ്പൊട്ടന്‍മാര്‍ അറിയപ്പെടുന്നുണ്ട്. ഒരു പ്രത്യേക സമുദായക്കാരാണ് ഓണപ്പൊട്ടന്‍മാരാവുന്നത്. മലയസമുദായത്തില്‍ പെട്ട ഇവര്‍ ഓണപ്പൊട്ടന്‍മാരായി വേഷം കെട്ടുന്നു.
മഹാബലിയുടെ പ്രതിപുരുഷനായാണ് ഓണപ്പൊട്ടന്‍ വേഷം കെട്ടുന്നത്. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാനായി മാവേലിത്തമ്പുരാന്‍ എഴുന്നെള്ളുന്നുവെന്ന സങ്കല്‍പ്പമാണ് ഓണപ്പൊട്ടന്‍. പത്ത് ദിവസത്തെ വ്രതത്തിന് ശേഷമാണ് ഓണപ്പൊട്ടനെന്ന വേഷം കെട്ടുന്നത്.
ഈര്‍ക്കിള്‍ കൊണ്ടാണ് മുഖത്തെഴുത്ത് ചെയ്യുന്നത്. ബ്രഷ് ഉപയോഗിക്കുകയില്ല. കടക്കണ്ണ് വരക്കേണ്ടത് അത്യാവശ്യമാണ്. നെറ്റിയില്‍ ഗോപി പൊട്ടാണ് മുഖ്യ ആകര്‍ഷണം.
വേഷം കെട്ടി കിരീടം ചൂടിക്കഴിഞ്ഞാല്‍ പിന്നെ സംസാരിക്കാന്‍ പാടില്ല എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഓണപ്പൊട്ടന്‍ എന്ന് ഈ തെയ്യ രൂപത്തെ വിളിക്കുന്നതും.
ഓണപ്പൊട്ടന്‍ സംസാരിക്കാത്തതിനു പുറകില്‍ മറ്റൊരു കഥയുണ്ട്. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ വന്ന് കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രജകളെ കണ്ടാലും സംസാരിക്കാന്‍ പാടില്ലെന്ന് വാമനന്‍ നിബന്ധന വെച്ചിരുന്നു. ഈ ഐതിഹ്യം നിലനില്‍ക്കുന്നത് കൊണ്ടാണ് ഓണപ്പൊട്ടന്‍ സംസാരിക്കാത്തത് എന്നാണ് വിശ്വാസം.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഓണപ്പൊട്ടന്‍ പ്രജകളെ കാണാനായി ഇറങ്ങുന്നത്. മുരിക്ക് കൊണ്ടുണ്ടാക്കിയ കിരീടം, വാഴനാര് കൊണ്ട് മുടി, പനയോല കൊണ്ട് ഓലക്കുട, തെച്ചിപ്പൂ കൊണ്ടുള്ള അലങ്കാരങ്ങള്‍ കൈക്കും കാലിനും എന്നിവയാണ് പ്രധാനപ്പെട്ട അലങ്കാരങ്ങള്‍.
Leave a Reply