Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് നഗരത്തിൽ എത്തുന്നവർ ഒരിക്കല്ലെങ്കിലും കാണാതിരിക്കില്ല മാവൂർ റോഡിൽ ഭിക്ഷാടനത്തിനിരിക്കുന്ന പൂന്താനത്തെ…ഭിക്ഷാടനമാണ് ഇവരുടെ ജോലി.മാസാവരുമാനമാകട്ടെ ഒരുലക്ഷത്തോളം രൂപയും.കത്തുന്ന വെയിലിലും കോരിച്ചൊരിയുന്ന മഴയിലും നാണയത്തുട്ടുകൾക്കായി കൈനീട്ടുന്ന ഇവരുടെ നാട്ടിലെ ആസ്തിഅറിഞ്ഞാൽ ഞെട്ടും.
തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ 25 ഏക്കറിനടുത്ത് കൃഷിഭൂമി സ്വന്തമായുണ്ട്. പരുത്തിയും എള്ളും നിലക്കടലയും കൃഷിചെയ്യുന്ന കൃഷിഭൂമി.നാട്ടിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്ളാറ്റ്. മക്കളും മരുമക്കളും വിദേശത്ത്. ഭർത്താവിന് നാട്ടിൽ തരക്കേടില്ലാത്ത വരുമാനം. എന്നിട്ടും പൂന്താനം ഭിക്ഷാടനത്തിനായി എന്തിന് കോഴിക്കോടത്തിയെന്ന് ചോദിച്ചാൽ ഭിക്ഷാടനത്തിലൂടെ നേടുന്ന പ്രതിമാസ വരുമാനമാണ് ഉത്തരം.ഇവരുടെ മാത്രമല്ല…നഗരത്തിലെ ഭിക്ഷാടനത്തിന് എത്തുന്ന മിക്കവരുടെയും ഉത്തരം ഇതുതന്നെ ആയിരിക്കും.
മുടി പറ്റെ വെട്ടി മുഷിഞ്ഞ ഷർട്ടും ലുങ്കിയുമുടുത്ത് ദയനീയത അഭിനയിച്ച് ആയിരങ്ങളാണ് ഈ സ്ത്രീ ദിവസേന സമ്പാദിക്കുന്നത്. ഫുട്പാത്തിലൂടെ നടന്നു പോകുന്നവരുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ചും കുട്ടികളുടെ മുമ്പിൽ കരഞ്ഞും കാലുപിടിച്ചും ശ്രദ്ധയാകർഷിച്ചാണ് ഈ പണം തട്ടൽ.
ഇങ്ങനെ ദിവസവും സമ്പാദിക്കുന്ന ചില്ലറ വൈകുന്നേരം സമീപത്തുള്ള ഹോട്ടലിൽ കൃത്യമായി എത്തിക്കും. ചില്ലറയും നോട്ടും എണ്ണി തിട്ടപ്പെടുത്തി ഹോട്ടൽ ഉടമ നോട്ടുകളായാണ് പൂന്താനത്തിന് മാസാവസാനം മടക്കിനൽകുക. ഒരു ദിവസം രണ്ടായിരം മുതൽ മൂവായിരം രൂപ വരെ ഇവർ ഹോട്ടലിൽ ഏൽപ്പിക്കും. നോമ്പുകാലങ്ങളിൽ വരുമാനം കൂടും. ഹോട്ടലിന് ദിവസവും ചില്ലറ നൽകുന്നതിന്റെ പ്രത്യുപകാരമായി കടത്തിണ്ണയിൽ അന്തിയുറങ്ങാനും മറ്റ് എല്ലാ സൗകര്യങ്ങളും പൂന്താനത്തിന് ഹോട്ടലുകാർ ഒരുക്കി കൊടുത്തിട്ടുണ്ട്.
സമ്പാദിച്ച പണവുമായി മാസത്തിലൊരിക്കൽ നാട്ടിലേക്ക് പോകും. രണ്ടോ മൂന്നോ ദിവസത്തെ സുഖവാസത്തിനുശേഷം വീണ്ടും നഗരത്തിലെത്തി ഭിക്ഷാടനം തുടരും. കഴിഞ്ഞ 15 വർഷത്തോളമായി പൂന്താനത്തിന്റെ ജീവിതമാണിത്. പൂന്താനത്തിന്റെ സുഖലോലുപജീവിതത്തെക്കുറിച്ച് നഗരത്തിലെ പലർക്കുമറിയാം.
നാട്ടിൽ പോയി വരുമ്പോഴെല്ലാം പരിചയമുള്ളവർക്ക് നിലക്കടലയും മറ്റും യഥേഷ്‌ടം സമ്മാനിക്കാറുമുണ്ട്. ഇവരുടെ നാട്ടിലെ സ്‌ഥിതിയെ പറ്റി മാവൂർ റോഡിലെ ചുമട്ടുതൊഴിലാളികൾക്കും മറ്റു പലർക്കും അറിയാമെങ്കിലും പണം നൽകുന്നവരോട് ഇക്കാര്യം പറയാറില്ല.
ഇവരുടെ ദൈന്യത കണ്ട് പലപ്പോഴും കാൽനടക്കാരും സന്നദ്ധസംഘടനയിൽ പെട്ടവരും ഭക്ഷണവും വെള്ളവും വാങ്ങി നൽകാറുണ്ട്. എന്നാൽ ഇവർ പോയി കഴിഞ്ഞാൽ ഭക്ഷണം ആരും കാണാതെ അടുത്തുള്ള ഓടയിൽ കൊണ്ടു പോയി തള്ളാറാണ് പതിവെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. പണം നിക്ഷേപിക്കുന്ന ഹോട്ടലിൽ നിന്നു മാത്രമാണ് മെനു അനുസരിച്ചുള്ള ഭക്ഷണം. നോട്ട് പിൻവലിച്ചശേഷം കാര്യമായി പണം തടയാത്തതിനാൽ പൂന്താനം കുറച്ച് ദിവസം നാട്ടിലായിരുന്നു. ചെറിയ തുകയുടെ നോട്ടുകളായാണ് ഇപ്പോഴത്തെ പ്രതിദിന വരുമാനം. സഹായിയായി ഒരു കുട്ടിയെ നാട്ടിൽനിന്ന് അടുത്തിടെ കൂടെ കൂട്ടിയിട്ടുണ്ട്.
അന്നന്നത്തെ അന്നത്തിനായി മറ്റുള്ളവരുടെ മുൻപിൽ കൈനീട്ടി ജീവിക്കാൻ വിധിക്കപ്പെട്ടവർ ഉണ്ട് നമ്മുടെ നഗരത്തിൽ.വാർധക്യത്തിന്റെ അവശതയിൽ ചുളിവികൾ വീണ് തുടങ്ങുമ്പോൾ മക്കളും ബന്ധുക്കളും നടതള്ളിയവർ.അംഗഭംഗം വന്ന് കടത്തിണ്ണയിലും ബസ്റ്റാന്റുകളിലും അഭയം കണ്ടെത്തുന്ന സന്നദ്ധസംഘടനകളുടെ പൊതിച്ചോറും കാത്തുകെട്ടി കണ്ണും നട്ട് ഇരിക്കുന്നവർ.ഇവർക്കൊക്കെ നമ്മൾ സമ്മാനിക്കുന്ന നാണയത്തുട്ടുകൾ ആയിരിക്കും ഏക ആശ്രയം.ഒരു നേരത്തെ വിശപ്പടക്കുന്നതിന് അപ്പുറത്ത് യാതൊരു സമ്പാദ്യവുമില്ലാത്തവർ…എന്നാൽ നമുക്ക് ചുറ്റും കാണുന്ന ഭിക്ഷാടകരിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ ഇത്തരത്തിലുള്ളൂ എന്നതാണ് സത്യം.
Leave a Reply