Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:48 pm

Menu

Published on May 20, 2017 at 2:17 pm

പൊണ്ണത്തടി കുറയ്ക്കാന്‍ ഇനി തീറ്റ കുറയ്‌ക്കേണ്ട; ബലൂണ്‍ ഗുളിക റെഡി

swallowable-gastric-balloon-could-help-the-obese-lose-weight

തടി കുറയ്ക്കാന്‍ വ്യായാമവും ഭക്ഷണ നിയന്ത്രണവുമേ വഴിയൊള്ളൂ എന്ന് ഇനി ചിന്തിക്കാന്‍ വരട്ടെ. ഇതാ ഇനി ഗുളിക കഴിച്ചും വണ്ണം കുറയ്ക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ചുമ്മാ ആളെ പറ്റിക്കുന്ന ഗുളികയൊന്നുമല്ല. ഒരു ഗാസ്ട്രിക് ബലൂണാണ് സംഗതി.

‘എലിപ്‌സ് ബലൂണ്‍’ എന്നു പേരിട്ടിരിക്കുന്ന ഇതിന് എളുപ്പത്തില്‍ വിഴുങ്ങാന്‍ തക്ക വലുപ്പമേയുള്ളു. ഇതോടൊപ്പം ഒരു കത്തീറ്ററും ഘടിപ്പിച്ചിട്ടുണ്ടാകും. ഗുളിക സഞ്ചരിക്കുന്നതിനനുസരിച്ച് കത്തീറ്ററും ആമാശയത്തിലേക്കെത്തും.

ശേഷം കത്തീറ്ററിലൂടെ പുറത്തു നിന്ന് കൃത്യം 550 മില്ലിലിറ്റര്‍ വെള്ളം ഈ ബലൂണിലേക്ക് നിറയ്ക്കും. അതോടെ ബലൂണ്‍ വീര്‍ത്ത് ആമാശയത്തിന്റെ മുക്കാല്‍ ഭാഗത്തും നിറയും. ശേഷം കത്തീറ്റര്‍ എടുത്തുമാറ്റും, ആമാശയത്തിനകത്ത് വെള്ളം നിറച്ച ബലൂണ്‍ സുരക്ഷിതമായിരിക്കും. വയര്‍ നിറഞ്ഞെന്ന അനുഭവമായിരിക്കും ഇതുവഴി പൊണ്ണത്തടിക്കാര്‍ക്ക് ലഭിക്കുക. അതിനാല്‍ത്തന്നെ അവര്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയും.

ശരീരത്തിലേക്കെത്തുന്ന അന്നജത്തിന്റെയും കാലറിയുടെയും കൊഴുപ്പിന്റെയുമെല്ലാം അളവ് ഇതോടെ കുറയും. അതുവഴി തടിയും. പോര്‍ച്ചുഗലില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓണ്‍ ഒബീസിറ്റിയിലാണ് ഈ കണ്ടുപിടിത്തം അവതരിപ്പിക്കപ്പെട്ടത്.

പൊണ്ണത്തടിയുള്ള 29 പുരുഷന്മാരിലും 13 വനിതകളിലും ഗവേഷണത്തിന്റെ ഭാഗമായി എലിപ്‌സ് ബലൂണ്‍ ഉപയോഗിച്ചിരുന്നു. ഭക്ഷണം നിയന്ത്രിച്ച് പൊണ്ണത്തടി കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരും ഐ.ജി.ബി ചികിത്സക്ക് തയാറാകാത്തവരുമായിരുന്നു ഇവര്‍.

16 ആഴ്ച എലിപ്‌സ് ബലൂണ്‍ ഈ 42 പേരുടെയും ആമാശയത്തിലിരുന്നു. അതുവഴി അന്നജവും കാലറിയുമെല്ലാം നേരത്തേതിനേക്കാളും കുറഞ്ഞാണ് ശരീരത്തിലെത്തിയത്. ഭക്ഷണം വാരിവലിച്ചു തിന്നാനും ആര്‍ക്കും തോന്നിയില്ല. 16 ആഴ്ചകള്‍ക്കൊടുവില്‍ ബലൂണ്‍ തനിയെ പൊട്ടി വിസര്‍ജ്യമായി ശരീരത്തിന് പുറത്തുപോകുകയും ചെയ്തു.

ശരാശരി 15 കിലോഗ്രാം എന്ന കണക്കിനാണ് ഓരോരുത്തരിലും ഇക്കാലയളവില്‍ വണ്ണം കുറഞ്ഞത്. അതായത് അധികവണ്ണത്തിന്റെ 31 ശതമാനവും നഷ്ടമായി. പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്റ്ററോള്‍ എന്നിവയുടെ അളവിലും കുറവ് രേഖപ്പെടുത്തി.

പൊണ്ണത്തടി കുറയ്ക്കാനുള്ള നീക്കം 15 മിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാമെന്നതാണ് എലിപ്‌സ് ബലൂണിന്റെ പ്രത്യേകത. എന്‍ഡോസ്‌കോപ്പിയോ അനസ്തീഷ്യയോ ഒന്നും ആവശ്യമില്ലതാനും. ഐജിബി വയറ്റിലേക്കിറക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയും ഈ ബലൂണ്‍ ഉപയോഗിക്കുമ്പോഴില്ല.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News