Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഓരോ ദിവസം കഴിയുന്തോറും വേനലിന്റെ കാഠിന്യം കൂടിവരുന്ന അവസ്ഥയാണിപ്പോൾ കേരളത്തിൽ.ചൂട് കൂടുന്നതനുസരിച്ച് വീടിനകത്തുമാത്രമല്ല വീടിനു പുറത്തും കഴിയാൻ പറ്റാത്ത സ്ഥിതിയാണ്. വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ കൃത്യമായി പ്ലാന്‍ ചെയ്യുകയാണെങ്കില്‍ വീടിനകത്തെ ചൂട് പരമാവധി കുറയ്ക്കാവുന്നതാണ്. പരിസ്ഥിതിക്കനുസൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് വീടിനകത്ത് പ്രധാനമായും ചൂട് കൂടാന്‍ കാരണം. ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗത്തെ കുടിച്ച് പലരും ചിന്തിക്കുന്നത് വീട് നിര്‍മ്മിച്ചതിനുശേഷമാണ്.ചൂടിനെ പ്രതിരോധിക്കാൻ വീട് പണിയുമ്പോൾ തന്നെ എന്തെല്ലാം മാർഗ്ഗങ്ങൾ ചെയ്യാം എന്നതിനെ കുറിച്ചാനിവിടെ പറയുന്നത്.അവ എന്തൊക്കെയാണെന്ന് നോക്കാം….
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഈ ഭാഗത്ത് ചുമരുകള്‍ വരാതെ വീടിന്റെ കാര്‍പോര്‍ച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയില്‍ ക്രമീകരിക്കാം. ജനലുകള്‍ക്ക് വീതി കൂടിയ സണ്‍ഷേഡുകള്‍ പണിയുന്നതും നന്നായിരിക്കും.
വെയില്‍ അധികം പതിക്കാത്ത വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പരമാവധി വലിയ ജനലുകള്‍ വയ്ക്കാം. ഇതുവഴി തണുത്ത കാറ്റിനെ കൂടുതലായി മുറികളിലെത്തിക്കാം. ചുമരിന് പുറത്തേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ വരാന്തകള്‍ പണിയുന്നതും ചൂടിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമാണ്.
ഫ്‌ലോറിങ്ങില്‍ പ്രകൃതിദത്തമായ രീതിക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. തറയോടുകളുടേയും ചിരട്ടക്കരിയുടേയും തറകള്‍ തിരിച്ചുവരുന്നുണ്ട്. തറയില്‍ ടൈലുകള്‍ പതിക്കുന്നത് മുറിയില്‍ ചൂട് നിറയ്ക്കും. മരപ്പലകകൊണ്ടുള്ള നിലങ്ങളും (വുഡണ്‍ ഫ്‌ലോറിങ്) ഇപ്പോള്‍ ട്രെന്‍ഡായിട്ടുണ്ട്. വീടിനകത്ത് നടുമുറ്റം ഒരുക്കുന്നതുവഴി അകത്തുള്ള ചൂടിനെ പുറന്തള്ളാന്‍ സാധിക്കും.
മരം ചെലവേറിയ നിര്‍മാണവസ്തുവായതോടെ ഗ്ലാസിന്റെ ഉപയോഗം കൂടി. കൂടുതലായി ചൂട് അകത്തേക്ക് കടത്തിവിടുന്ന ഗ്ലാസിന്റെ ഉപയോഗം എത്രകണ്ട് കുറയ്ക്കാമോ അത്രകണ്ട് ചൂടും കുറയ്ക്കാം. ജനലുകള്‍ക്ക് സണ്‍ഗ്ലാസുകളോ അള്‍ട്രാവയലറ്റ് ഫില്‍റ്റര്‍ ഗ്ലാസുകളോ വെക്കുന്നത് നന്നായിരിക്കും.
പരന്ന മേല്‍ക്കൂരകളേക്കാള്‍ ചെരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചെരിഞ്ഞ മേല്‍ക്കൂരയ്ക്ക് മേല്‍ ഓട് പതിക്കുന്നതും ഗുണം ചെയ്യും. സീലിങ്ങിന് 12 അടി വരെ പൊക്കം കൊടുക്കുകയും ആവാം. ലാറി ബേക്കറുടെ കണ്ടെത്തലായ ‘ഫില്ലര്‍ കോണ്‍ക്രീറ്റ് റഫറോ സിമന്റ് റൂഫ്’ എന്ന ആശയവും വീട്ടിനകത്ത് ചൂട് കുറയ്ക്കാന്‍ സഹായകമാണ്. കോണ്‍ക്രീറ്റിനകത്ത് ഓട് വച്ച് വാര്‍ക്കുന്ന രീതിയാണിത്. കോണ്‍ക്രീറ്റിന്റെ ചെലവിനത്തില്‍ നല്ലൊരു തുക ലാഭിക്കാനും ഇതുവഴി സാധിക്കും.
വീട്ടുമുറ്റത്ത് കോണ്‍ക്രീറ്റ് പാകുന്നതും ടൈലുകള്‍ പതിക്കുന്നതും മഴവെള്ളത്തെ ഭൂമിയിലേക്ക് ഇറക്കിവിടാതെ ഒഴുകിപ്പോകാന്‍ ഇടയാക്കും. ഇത് വേനല്‍ക്കാലത്ത് വീടിന് ചുറ്റും ചൂട് കൂട്ടും. പുല്ലുകള്‍ വച്ചുപിടിപ്പിക്കുന്നതിനേക്കാള്‍ ധാരാളം ഇലകളുള്ള ഒന്നോ രണ്ടോ മരങ്ങള്‍ നടുകയാണ് നല്ലത്. ഒരു മരം മുറ്റത്തുണ്ടായാല്‍ വീടിനകത്ത് ചൂട് പകുതി കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
കമ്പി, സിമന്റ്, ഗ്ലാസ്, സിമന്റ് ബ്ലോക്കുകള്‍, ടൈലുകള്‍, പെയിന്റ് എന്നിവ ചൂട് ആഗിരണം ചെയ്യുന്നവയാണ്. അതുകൊണ്ട് ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് വേണ്ടത്. വീടിന് തറ പണിയാന്‍ കരിങ്കല്ലോ വെട്ടുകല്ലോ ഉപയോഗിക്കാം. ചുമരിന് മണ്‍കട്ടകള്‍, ഇഷ്ടിക എന്നിവയാകാം. സിമന്റിന് പകരമായി ചുമര്‍ തേയ്ക്കുന്നതിന് മണ്ണുപയോഗിക്കുന്ന ‘മഡ് പ്ലാസ്റ്ററിങ്ങി’ന് പ്രിയമേറി വരികയാണ്.