Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പിസയും ബര്‍ഗറുമെല്ലാം നാടന്‍ രീതി വിട്ട് നമ്മുടെ തീന്‍മേശകളിലെത്തുന്ന കാലമാണിത്. പിസയുടെ തന്നെ വിവിധ രുചിഭേദങ്ങള്‍ ഇഷ്ടപ്പെടുന്നവരും കുറവല്ല. എന്നാല്‍ ഇത്തരക്കാരെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും വരുന്നത്.

ലോകത്തിലെ ഏറ്റവും പ്രിയങ്കരങ്ങളായ ഭക്ഷണങ്ങളില്‍ ഒന്നായ പിസയുടെ ഏറ്റവും പുതിയ രുചിഭേദത്തിന് ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് വില. സംഗതി ഞെട്ടിക്കുന്നതാണെങ്കിലും ഇതിന് പിസയ്ക്ക് ആവശ്യക്കാര്‍ നിരവധിയാണ്.
ധനികരായ ഭക്ഷണപ്രിയരെ മാത്രം ഉദ്ദേശിച്ച് ന്യൂയോര്‍ക്കിലെ പ്രധാന പിസ നിര്‍മ്മാതാക്കളായ ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ സൗത്ത് സീപോര്‍ട്ട് സ്ട്രീറ്റിലുള്ള ഇന്‍ഡസ്ട്രി കിച്ചന്‍ റസ്റ്റോറന്റാണ് തീര്‍ത്തും വ്യത്യസ്തമായ ഈ പിസ പാകം ചെയ്തത്.
‘ദ ഫാന്‍സ’ എന്ന് പേരിട്ടിരിക്കുന്ന പിസ ഉണ്ടാക്കിയിരിക്കുന്നത് 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഐസിങ്ങോട് കൂടിയാണ്. അതുകൊണ്ടു തന്നെ ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയാണ് ഇതിന്റെ വില.
സ്വര്‍ണം ചേര്‍ത്ത പിസ കഴിക്കുന്നതെങ്ങിനെയെന്ന് സംശയിക്കേണ്ട. അലങ്കാരത്തിനല്ല, ഭക്ഷ്യയോഗ്യമായാണ് പിസയില്‍ സ്വര്‍ണം ചേര്‍ത്തിരിക്കുന്നത്. അമേരിക്കന്‍ വില പ്രകാരം രണ്ടായിരം ഡോളറാണ് പിസയ്ക്ക്. അതായത് ഇതൊന്ന് രുചിച്ചു നോക്കാന്‍ തന്നെ പതിനായിരങ്ങള്‍ ചെലവാക്കേണ്ടതായി വരും. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ചീസ് ചേര്‍ത്താണ് ഈ പിസ ഒരുക്കിയിരിക്കുന്നതെന്ന് ഇന്‍ഡസ്ട്രി കിച്ചന്‍ റസ്റ്റോറന്റ് അധികൃതര്‍ പറയുന്നു.
ഈ പിസയെ കുറിച്ചുള്ള വിവരണം യൂട്യൂബിലും വൈറലാണ്. ഇതിനൊപ്പം പിസ നിര്‍മ്മിച്ച റസ്റ്റോറന്റും പ്രസിദ്ധിയാര്‍ജിച്ചു കഴിഞ്ഞു.
Leave a Reply