Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുപ്രസിദ്ധമായ ബര്‍മുഡ ട്രയാംഗിളിനെ കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. കപ്പലുകളുടേയും വിമാനങ്ങളുടേയും പേടിസ്വപ്‌നമായിരുന്നു ബര്‍മുഡ ട്രയാംഗിള്‍. ഇന്നും ചുരുളഴിയാത്ത രഹസ്യമായി ഇത് നിലകൊള്ളുന്നു.
ഇപ്പോള്‍ പറഞ്ഞുവരുന്നത് ബര്‍മുഡ ട്രയാംഗിളിനോ അതിനു മുകളിലോ ആയി ആള്‍ക്കാര്‍ പേടിക്കുന്ന ഒന്നിനെ കുറിച്ചാണ്. ജാപ്പനീസ് തീരത്തിനടുത്തുള്ള ചെകുത്താന്റെ കടല്‍ എന്നറിയപ്പെടുന്ന ഭാഗമാണിത് (ഡെവിള്‍സ് സീ അഥവാ ഡ്രാഗണ്‍സ് ട്രയാംഗിള്‍). നാവികര്‍ക്ക് ഈ ഭാഗത്തേക്ക് ഒന്ന് നോക്കാന്‍ പോലും ഭയമാണിന്ന്.
കാരണം ഇതിനോടകം ചെകുത്താന്റെ കടല്‍ വലിച്ചെടുത്തിരിക്കുന്നത് അത്രയേറെ കപ്പലുകളെയാണ്. ആകാശത്തു കൂടെ പോകുന്ന വിമാനങ്ങളെയും വെറുതെ വിടില്ല. ആ ഭാഗങ്ങളില്‍ തകര്‍ന്നു വീണ വിമാനങ്ങളും ഒട്ടേറെ.

അപകടകാരികളായ 12 ചുഴികളെ (വൈല്‍ വോര്‍ട്ടെക്‌സ്) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും കുപ്രസിദ്ധമായത് ബര്‍മുഡ ട്രയാംഗിളാണ്. അത്രത്തോളം തന്നെ അപകടകരമാണ് ജാപ്പനീസ് തീരത്തെ ഡെവിള്‍സ് സീ അഥവാ ഡ്രാഗണ്‍സ് ട്രയാംഗിള്‍ എന്നറിയപ്പെടുന്ന സ്ഥലവും.
പസഫിക് സമുദ്രത്തില്‍ മിയാകി ദ്വീപിനെ ചുറ്റി കാണപ്പെടുന്ന ഭാഗമാണിത്. ടോക്കിയോവില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ. എന്നാല്‍ കൃത്യമായി ഇന്നും ഡ്രാഗണ്‍സ് ട്രയാംഗിള്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നതാണു വസ്തുത.
എങ്കിലും ഏകദേശ സൂചനകളനുസരിച്ച് ജാപ്പനീസ് സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട് ഡ്രാഗണ്‍സ് ട്രയാംഗിള്‍ വഴിയുള്ള യാത്ര സൂക്ഷിച്ചു വേണം. കാരണം സര്‍ക്കാരിനു തന്നെ അനുഭവമുണ്ട്. ജപ്പാന്റെ എണ്ണം പറഞ്ഞ കപ്പലുകളിലൊന്നും അതിലെ മുപ്പതോളം പേരെയുമാണ് ചെകുത്താന്റെ കടല്‍ ഒരിക്കല്‍ കൊണ്ടുപോയത്.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ കടല്‍ യാത്രികരുടെ പേടിസ്വപ്നമായിരുന്നു ഡ്രാഗണ്‍സ് ട്രയാംഗിള്‍ എന്നത് പല യാത്രാവിവരണങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ജപ്പാനും ബോനിന്‍ ദ്വീപ് സമൂഹവും ചേര്‍ന്നാണ് ഇതിന് ത്രികോണസ്വഭാവം നല്‍കുന്നത്.
ഫിലിപ്പീന്‍ കടലിന്റെ ഒരു ഭാഗവും ഇതോടൊപ്പം ചേരുന്നുണ്ട്. പഴയകാലത്ത് ചൈനീസ് നാവികര്‍ വിശ്വസിച്ചിരുന്നിരുന്നത് കടലിലെ ഈ പ്രത്യേക ഭാഗത്ത് ഒരു വമ്പന്‍ വ്യാളി ഒളിച്ചിരിപ്പുണ്ടെന്നാണ്. അതിന്റെ വിശപ്പടക്കാനായാണ് കപ്പലുകളെ വലിച്ചെടുക്കുന്നതെന്നും വിശ്വാസം. അങ്ങനെയാണ് ഡ്രാഗണ്‍സ് ട്രയാംഗിള്‍ എന്ന പേരും ലഭിക്കുന്നത്.

1800കളില്‍ പ്രദേശത്തെപ്പറ്റി മറ്റൊരു കഥയിറങ്ങിയിരുന്നു. ഇതുവഴി പോകുന്ന നാവികരുടെ മുന്നില്‍ ഒരു കപ്പല്‍ പ്രത്യക്ഷപ്പെടുന്നത് പതിവാണെന്ന്. അതില്‍ മറ്റാരുമില്ല, തങ്ങളെത്തന്നെ നോക്കി നില്‍ക്കുന്ന ഒരു സ്ത്രീ മാത്രം! ‘ചെകുത്താന്റെ കടലി’ല്‍ തകര്‍ന്ന കപ്പലുകള്‍ പാതിരാത്രികളില്‍ അലഞ്ഞുതിരിയുന്നത് കണ്ടതായും പ്രചാരണങ്ങള്‍ വന്നു.
കഥകളിങ്ങനെ പലവിധത്തില്‍ പരന്നു, വിമാനങ്ങളും കപ്പലുകളും കാണപ്പെടുന്നത് തുടര്‍ക്കഥയുമായി. അങ്ങനെയാണ് 1952ല്‍ ജാപ്പനീസ് സര്‍ക്കാര്‍ ഒരു കപ്പല്‍ ‘ചെകുത്താന്റെ കടലി’ലേക്ക് അയയ്ക്കുന്നത്. ‘കയ്യോ മാറു’ നമ്പര്‍ 5 (Kaio Maru No.5) എന്ന ആ കപ്പല്‍ പക്ഷേ പിന്നീട് തിരിച്ചെത്തിയില്ല. കപ്പലിനൊപ്പം അതിലുണ്ടായിരുന്ന 31 പേരെയും കാണാതായി. പിന്നീട് പലപ്പോഴായി കപ്പലിന്റെ അവശിഷ്ടങ്ങള്‍ തീരത്തടിയുകയും ചെയ്തു.
തുടര്‍ന്നാണ് യാത്രയ്ക്ക് ഏറ്റവും അപകടകരമായ പാതയാണെന്ന് രാജ്യാന്തരതലത്തില്‍ ജപ്പാന്‍ ഡെവിള്‍സ് ട്രയാംഗിളിനെപ്പറ്റി മുന്നറിയിപ്പു നല്‍കുന്നത്. 1952 മുതലുള്ള ആ മുന്നറിയിപ്പ് അതുപോലെ ഇന്നും തുടരുന്നു.
അതിശക്തമായ ഇലക്ട്രോ മാഗ്‌നറ്റിക് തരംഗങ്ങളുടെ സാന്നിധ്യമാണ് ഇവിടെ അപകടങ്ങള്‍ക്കു കാരണമായി ഗവേഷകരും മറ്റും പറയുന്നത്. ഒട്ടേറെ അന്വേഷണങ്ങളും ഈ പ്രദേശത്തെപ്പറ്റി നടന്നിട്ടുണ്ട്.
അമേരിക്കന്‍ ഭാഷാവിദഗ്ധനും ഇത്തരം അസാധാരണ സംഭവങ്ങളില്‍ ഗവേഷണത്തിന് താല്‍പ്പര്യമുള്ളയാളുമായ ചാള്‍സ് ബെര്‍ലിറ്റ്‌സ് ഇതിനെപ്പറ്റി ‘ദ് ഡ്രാഗണ്‍സ് ട്രയാംഗിള്‍’ എന്ന പേരില്‍ത്തന്നെ 1989ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1952 മുതല്‍ 1954 വരെയുള്ള കാലയളവില്‍ ചെകുത്താന്റെ കടലില്‍ അഞ്ച് യുദ്ധക്കപ്പലുകളും എഴുനൂറിലേറെ പേരെയും കാണാതായിട്ടുണ്ടെന്ന കണക്കും പുസ്തകത്തിലുണ്ട്.

കൂടാതെ 1995ല്‍ ലാറി കുഷ് എഴുതിയ ‘ദ് ബര്‍മുഡ ട്രയാംഗിള്‍ മിസ്റ്റെറി സോള്‍വ്ഡ്’ എന്ന പുസ്തകത്തിലും ചെകുത്താന്റെ കടലിനെപ്പറ്റി പരാമര്‍ശമുണ്ട്. ഇതില്‍, ബെര്‍ലിറ്റ്‌സ് എഴുതിയത് തെറ്റാണെന്നും കാണാതായത് യുദ്ധക്കപ്പലുകളല്ല മത്സ്യബന്ധനക്കപ്പലുകളാണെന്നും അദ്ദേഹം വാദിക്കുന്നു. മാത്രവുമല്ല ഇപ്പറഞ്ഞവയില്‍ ഏറെയും ചെകുത്താന്റെ കടലിനു പുറത്തു സംഭവിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല 1952 സെപ്റ്റംബര്‍ 24ന് ‘കയ്യോ മാറു’ എന്ന കപ്പല്‍ തകരാന്‍ കാരണം സമുദ്രത്തിനിടയിലുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനമാണെന്നും ഇദ്ദേഹം വാദിച്ചു. ഡ്രാഗണ്‍സ് ട്രയാംഗിള്‍ ആകട്ടെ അഗ്‌നിപര്‍വതങ്ങളാല്‍ സജീവമായിട്ടുള്ള ഭാഗവുമാണ്. ഭൂകമ്പത്തില്‍പ്പെട്ട് പലപ്പോഴും ദ്വീപുകള്‍ അപ്രത്യക്ഷമാകുന്നതും പുതിയ ദ്വീപുകള്‍ പ്രത്യക്ഷപ്പെടുന്നതും ഇവിടെ പതിവാണ്. കടലിന്നടിയിലെ അഗ്‌നിപര്‍വതങ്ങളും സ്ഥിരം ഭൂകമ്പങ്ങളുമാണ് ഡ്രാഗണ്‍സ് ട്രയാംഗിളിലെ അസാധാരണ അനുഭവങ്ങള്‍ക്ക് കാരണമെന്നും ലാറി കുഷ് വാദിക്കുന്നു.
ഇതൊക്കെയാണെങ്കിലും ഇന്നും നാവികരുടെ പേടിസ്വപ്നമാണ് കടലിലെ ഈ ഭാഗം. ഒപ്പം ലോകത്തില്‍ ഇന്നും ചുരുളഴിയാതെ കിടക്കുന്ന രഹസ്യവും.
Leave a Reply