Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദൈവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. കല്ലും, മരവുമടക്കം പലതിലും ദൈവത്തിന്റെ സാന്നിധ്യം കാണുന്നവര്‍ ഈ തലമുറയിലടക്കം ഉണ്ട്. എന്നാല്‍ പറഞ്ഞ് വരുന്നത് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ദൈവത്തെ പറ്റിയാണ്.
രാജസ്ഥാനിലെ പാലി – ജോധ്പുര്‍ ഹൈവേയിലാണ് ഇങ്ങനെയൊരു ദൈവമുള്ളത്. അതെ തുരുമ്പെടുത്ത 350 സി.സി. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്. ഇവിടെ ഇതിനായി ഒരു ക്ഷേത്രം തന്നെയുണ്ട്. പാലി ജില്ലയിലാണ് ഈ ബുള്ളറ്റ് ബാബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഓം ബന്ന എന്നാണ് ഈ വഴിയോര ഗ്രാമത്തിന്റെ പേര്. ബുള്ളറ്റ് ബാബയില്‍ നിന്നാണ് ഗ്രാമത്തിനും ഈ പേര് ലഭിച്ചത്. അതൊരു അത്ഭുതപ്പെടുത്തുന്ന കഥയാണ്. 1991 ലാണ് ഇതിനാസ്പദമായ സംഭവം. ബന്നാ ഗ്രാമത്തില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഛോട്ടില ഗ്രാമത്തിന്റെ തലവനായ ജോഗ് സിങ്ങിന്റെ മകനായിരുന്നു ഓം സിങ്.
രജപുത്രയുവാക്കളുടെ പേരിനൊപ്പം ബന്ന എന്ന് ചേര്‍ത്ത് വിളിക്കുന്നത് പതിവാണ്. അതിനാല്‍ ഓം ബന്ന എന്നായിരുന്നു ഓം സിങ് അറിയപ്പെട്ടിരുന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഓം ബന്ന ഒരു 350 സിസി ബുള്ളറ്റ് വാങ്ങി.
എന്നാല്‍ ഒരു ദിവസം രാത്രി പാലിയില്‍നിന്ന് ഛോട്ടിലയിലേക്കുള്ള യാത്രയില്‍ വഴിയരികിലെ മരത്തിലിടിച്ച് ബന്ന ദൂരെയ്ക്ക് തെറിച്ചു വീണു. മണല്‍കൂനകള്‍ക്കിടയില്‍ നിന്നാണ് ബന്നയുടെ ശവശരീരം ലഭിച്ചത്. പൊലീസുകാരെത്തി ബൈക്ക് സ്റ്റേഷനിലേക്കെടുത്തു കൊണ്ടു പോയി.

എന്നാല്‍ അന്നു രാത്രിതന്നെ, അപകടമുണ്ടായ സ്ഥലത്ത് ബുള്ളറ്റ് തിരിച്ചെത്തി. ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന ധാരണയില്‍ പൊലീസുകാര്‍ ബൈക്ക് വീണ്ടും സ്റ്റേഷനിലെത്തിച്ച് പെട്രോള്‍ ഊറ്റിക്കളഞ്ഞു. പക്ഷേ, അന്നു രാത്രിയും അനുഭവം പഴയതു തന്നെ. ഭയന്നു പോയ പൊലീസുകാര്‍ ബൈക്ക് ഉടന്‍ തന്നെ ബന്നയുടെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു.
അവര്‍ ആ ബുള്ളറ്റ് ഗുജറാത്തിലുള്ള ഒരാള്‍ക്ക് വിറ്റു. എന്നാല്‍ 400 കിലോമീറ്റര്‍ അകലത്തില്‍നിന്ന് അപകടം നടന്ന സ്ഥലത്ത് ബൈക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടു. അതോടെ ബുള്ളറ്റ് വാങ്ങിയ ആളും അത് ഉപേക്ഷിച്ചു.

കഥ തീര്‍ന്നില്ല, മരിച്ച ദിവസം രാത്രി ഓം ബന്നയുടെ ആത്മാവ് അതുവഴി പോയ ഒരു ട്രക്കിന് ലിഫ്റ്റ് ചോദിച്ചുവെന്നും പറയപ്പെടുന്നു. അപകടം നടന്ന സ്ഥലമെത്തിയപ്പോള്‍ ട്രക്കിന്റെ ഡ്രൈവറോട് ഹോണടിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് നീ എന്ത് കാര്യത്തിനായി പോകുന്നുവോ തീര്‍ച്ചയായും അത് സാധിക്കുമെന്ന് പറഞ്ഞ ശേഷം ബന്നയുടെ ആത്മാവ് അപ്രത്യക്ഷനായെന്നത് മറ്റൊരു കഥ.

ബന്ന മരിച്ച നാള്‍ മുതല്‍ അര്‍ധരാത്രിയില്‍ ഇടയ്ക്ക് ബുള്ളറ്റിന്റെ ഇരമ്പല്‍ കേള്‍ക്കാറുണ്ടെന്ന് ബന്ന ഗ്രാമത്തിലുള്ളവര്‍ പറയുന്നു.
ഇതില്‍ ഏറ്റവും രസകരം ബുള്ളറ്റ് ബാബയോടുള്ള ആരാധനയാണ്. കാരണം ബുള്ളറ്റ് ബാബയ്ക്ക് നിവേദ്യമായി നല്‍കിവരുന്നത് ബിയറാണ്. ഈ ക്ഷേത്രത്തിന് പൂജാരിയൊക്കെയുണ്ട്. റോഡരികില്‍ ബന്നയുടെ ബൈക്കിടിച്ച മരത്തിനോട് ചേര്‍ന്ന് ഒരു തറ കെട്ടിയിട്ടുണ്ട്. അതില്‍ ഓം ബന്നയുടെ ചിത്രം, മാര്‍ബിളിലുള്ള വിഗ്രഹം എന്നിവ വെച്ചാണ് പൂജ. ഈ വിഗ്രഹത്തിലാണ് ഭക്തര്‍ ‘മദ്യധാര’ നടത്തുന്നത്. ഇതിന് പിന്നിലാണ് മേല്‍ക്കൂരയൊക്കെ കെട്ടി ബുള്ളറ്റ് ബാബയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

എല്ലാ വര്‍ഷവും അഷ്ടമിനാളില്‍ ബുള്ളറ്റ് തനിയെ സ്റ്റാര്‍ട്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. സമീപ ഗ്രാമങ്ങളിലുള്ളവരുള്‍പ്പെടെ വിവാഹ ദിവസം ഇവിടെയെത്തി പ്രണാമം അര്‍പ്പിക്കുന്നതും പതിവാണ്.
മാത്രമല്ല രജപുത്ര കുടുംബത്തിലെ അംഗങ്ങളെല്ലാം നവജാത ശിശുക്കളെ ബുള്ളറ്റ് ബാബയ്ക്ക് മുന്നില്‍ കൊണ്ടുവരും. തങ്ങളുടെ കുലദൈവമായാണ് അവര്‍ ബന്നയെ കരുതുന്നത്. ആദ്യമായി മുടിമുറിക്കുന്ന ചടങ്ങും ബുള്ളറ്റ് ബാബയുടെ സന്നിധിയിലാണ് നടത്താറുള്ളത്.
Leave a Reply