Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 1:05 am

Menu

Published on May 8, 2013 at 5:21 am

ടാങ്കര്‍ലോറി തൊഴിലാളിസമരം ഒത്തുതീര്‍ന്നു

tanker-strike-compromised

ഫറോക്ക്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഫറോക്ക് ഡിപ്പോയിലെ ടാങ്കര്‍ലോറി തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ചൊവ്വാഴ്ച വൈകിട്ട് എ.ഡി.എം. കെ.പി. രമാദേവിയുടെ സാന്നിധ്യത്തില്‍ യൂണിയന്‍നേതാക്കളും ഡിപ്പോ അധികൃതരും നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

ചെങ്ങോട്ടുകാവ് റെയില്‍വേ മേല്‍പ്പാലം അറ്റകുറ്റപ്പണിക്ക് അടച്ചതിനെത്തുടര്‍ന്ന് ടാങ്കര്‍ ലോറികളെ വഴിതിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് ആരംഭിച്ചത്. ഡിപ്പോയില്‍ നിന്ന് വടകര, കണ്ണൂര്‍ ഭാഗത്തേക്കുള്ള ടാങ്കര്‍ലോറികളെ അത്തോളി, ഉള്ള്യേരി, കൊയിലാണ്ടി വഴി ദേശീയ പാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം. ചര്‍ച്ചയില്‍ രാവിലെ 11 മണിമുതല്‍ വൈകിട്ട് മൂന്നുമണിവരെ ഈ വഴിയില്‍ ടാങ്കര്‍ ലോറികള്‍ ഓടാന്‍ തീരുമാനമായതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ബുധനാഴ്ച രാവിലെമുതല്‍ തീരുമാനം നടപ്പാക്കുമെന്ന് എ.ഡി.എം. കെ.പി. രമാദേവി പറഞ്ഞു. റൂട്ടില്‍ കടന്നുപോകുന്ന ടാങ്കര്‍ലോറികളുടെ പട്ടിക ട്രാഫിക് പോലീസിന് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ എ.ഡി.എം. വിളിച്ചു ചേര്‍ത്ത ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.

ചൊവ്വാഴ്ച നടന്ന ചര്‍ച്ചയില്‍ ഫറോക്ക് ഐ.ഒ.സി. ഡിപ്പോ മാനേജര്‍ സി.പി. നായര്‍ അസി. മാനേജര്‍ ശോഭിത്, ട്രേഡ് യൂണിയന്‍ നേതാക്കളായ എ. പത്മനാഭന്‍, പി. ദിനേശ്കുമാര്‍, എം. പ്രകാശ്കുമാര്‍, പരമേശ്വരന്‍, ദേവരാജന്‍, ഷാലി, സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. പ്രശ്‌നം പരിഹരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടുമുതല്‍ ടാങ്കര്‍ലോറികള്‍ ഇന്ധന വിതരണം പുനരാരംഭിച്ചതായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News