Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പടവെട്ടി ഡോക്ടറേറ്റ് നേടിയ യുവതി അച്ഛനെ ഓര്‍ത്ത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു. തൃശൂര്‍ സ്വദേശിനിയായ പ്രീതി മാടമ്പി എന്ന യുവതിയാണ് തന്റെ പഠനകാലത്തെ ബുദ്ധിമുട്ടുകളും എല്ലാമെല്ലാമായ അച്ഛന്‍ കഷ്ടപ്പെട്ട് പഠിപ്പിച്ച കഥയും തന്റെ ഫേസ്ബുക്കിലൂടെ വിവരിച്ചത്.
നാലുവര്‍ഷം മുമ്പ് അന്തരിച്ച അച്ഛന്‍ മാടമ്പിയുടെ ഓര്‍മ്മകളാണ് പ്രീതി പങ്കുവെച്ചത്. കോഴിക്കോട് സര്‍വകലാശാലയിലെ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗത്തില്‍ നിന്ന് ഇക്കഴിഞ്ഞ ജൂണ്‍ 30നായിരുന്നു പ്രീതി ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
ബിരുദ- ബിരുദാനന്തര പഠനത്തിന് ചേര്‍ന്നപ്പോള്‍ ചുറ്റുമുള്ളവര്‍ പരിഹസിച്ച കാര്യവും പ്രീതി കുറിപ്പില്‍ പറയുന്നുണ്ട്. ചോറിനു കൂട്ടാന്‍ ചേമ്പു പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് നവോദയ സ്‌കൂളില്‍ ചേര്‍ന്നപ്പോഴാണെന്ന കാര്യവും പ്രീതി പങ്കുവയ്ക്കുന്നു.
പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ: ‘ജൂണ്‍ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കോമേഴ്‌സ് ആന്‍ഡ് മാനേജ്മന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ വെച്ച് എനിക്ക് ഡോക്ടറേറ്റ് അവാര്‍ഡ് ചെയ്തിരിക്കുന്നു. പോയി പറയച്ഛാ ..എല്ലാരോടും …അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്..’.

പ്രീതി മാടമ്പിയുടെ കുറിപ്പ് വായിക്കാം………
വലതു തോളില്‍ കൈക്കോട്ടും ഇടതു കയ്യില്‍ മുഷിഞ്ഞ പ്ലാസ്റ്റിക് സഞ്ചിയില്‍ ഒഴിഞ്ഞ വെള്ളം കുപ്പിയും വെട്ടുകത്തിയും വെച്ച് ആകെ വിയര്‍ത്തു ചെളി പറ്റിയ ചുവന്ന തോര്‍ത്തുമുണ്ട് മാത്രമുടുത്തു എല്ലാ വൈകുന്നേരവും വീട്ടില്‍ കേറി വന്നിരുന്ന ഒരു മനുഷ്യ രൂപമുണ്ട്. കയ്യില്‍ ചുരുട്ടി പിടിച്ച നനഞ്ഞ 150 രൂപ എടുത്തു മുറ്റത്തു കളിക്കുന്ന എന്റെ കയ്യില്‍ തന്നിട്ട് പറയും ‘ കൊണ്ടുപോയി അച്ഛന്റെ പേഴ്സില്‍ വെക്ക്’ എന്ന്.
പഠിക്കാന്‍ മിടുക്കികളായിരുന്ന പെണ്മക്കള്‍ ശൈശവം കഴിഞ്ഞു കൗമാരത്തിലേക് കടന്നപ്പോള്‍ ചിലവിനെ കുറിച്ചോര്‍ത്തു ആധി കൊള്ളുന്ന സമയത്താണ് എനിക്ക് നവോദയ സ്‌കൂള്‍ പ്രവേശനം ലഭിക്കുന്നത്. ‘ പോവാം അല്ലേ മോളെ ..’. ഞാന്‍ എതിര്‍ത്തൊന്നും പറഞ്ഞില്ല. ബന്ധുക്കളില്‍ ചിലര്‍ അച്ഛനോട് ചോദിച്ചു ‘ അനക്ക് എന്തിന്റെ കേടാ മാടമ്പ്യേ…..കുട്ട്യോളെ വല്ലോടത്തും കൊണ്ടിട്ടു പഠിപ്പിച്ചാ അവറ്റകള് വഴിതെറ്റി പോകില്ലേ..’.അച്ഛന്‍ പക്ഷെ പുഞ്ചിരിച്ചു.
പിന്നീടങ്ങോട്ട് ഏഴു വര്‍ഷം സ്വര്‍ഗ്ഗത്തിലെന്ന പോലെ ജീവിച്ചു. ചോറിനു കൂട്ടാന്‍ ചേമ്പും പപ്പായയും ചക്കയും ചമ്മന്തിയും അല്ലാതെ വേറെയും ചിലതുണ്ടെന്നറിഞ്ഞത് അവിടെ വെച്ചാണ്. ചോറിനും കറികള്‍ക്കുമൊന്നും സ്വാദില്ലെന്നു പലരും പറഞ്ഞപ്പോഴും ഞാനതെല്ലാം ആര്‍ത്തിയോടെ തിന്നു.
എല്ലാ മാസവും ക്ലാസ് ടീച്ചര്‍ സഞ്ചയികയിലേക്കുള്ള കാശ് ചോദിക്കുമ്പോള്‍ തന്റെ കുട്ടി മറ്റുള്ളവരുടെ മുന്നില്‍ നാണം കെടാതിരിക്കാന്‍ സന്ദര്‍ശന ദിനത്തില്‍ അമ്മയെയും ചേച്ചിയെയും കൂട്ടാതെ വന്നു ആ വണ്ടിക്കൂലിയും ലാഭിച്ചു മുടങ്ങാതെ 50 രൂപ അച്ഛന്‍ എന്റെ കയ്യില്‍ വെച്ച് തരുമായിരുന്നു.
വര്‍ഷങ്ങള്‍ കടന്നു പോയി. ബിരുദം കഴിഞ്ഞു ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നപ്പോള്‍ ചുറ്റുമുള്ളവര്‍ വീണ്ടും പരിഹസിച്ചു. ‘ മാടമ്പ്യേട്ടാ.. എന്തിനാ മക്കളെ ഇങ്ങനെ പഠിപ്പിച്ച കൂട്ടണത് …പിള്ളേര് പഠിച്ച് പഠിച്ച് ഡോക്ടറേറ്റ് എടുക്ക്വോ …’ജൂണ്‍ 30 2017 വെള്ളിയാഴ്ച കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കോമേഴ്‌സ് ആന്‍ഡ് മാനേജ്മന്റ് സ്റ്റഡീസ് സെമിനാര്‍ ഹാളില്‍ വെച്ച് എനിക്ക് ഡോക്ടറേറ്റ് അവാര്‍ഡ് ചെയ്തിരിക്കുന്നു. പോയി പറയച്ഛാ ..എല്ലാരോടും …അച്ഛന്റെ മോള് ഡോക്ടറേറ്റ് എടുത്തു ന്ന്…
Leave a Reply