Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
യുദ്ധത്തിലും മറ്റ് സൈനിക നടപടികളിലും സൈനികര്‍ക്ക് വെടിയേല്‍ക്കുന്നതും അതുവഴി മരണം സംഭവിക്കുന്നതുമെല്ലാം പതിവാണ്. എന്നാല്‍ ബുള്ളറ്റ് പ്രൂഫുകള്‍ ഇതിന് ഒരു പരിധിവരെ തടയിടും. എന്നാല്‍ ഇത്തരം പടച്ചട്ടകള്‍ക്ക് പകരം ബുള്ളറ്റുകളെ തടയാന്‍ പശ ഉപയോഗിച്ചാലോ?
അതെ സംഗതി സത്യമാണ്. അമേരിക്കന്‍ വ്യോമസേനയിലെ കേഡറ്റായ ഹേലേ വെയര്‍ ഇത്തരത്തില്‍ വെടിയുണ്ടയെ തടയുന്ന പശ കണ്ടുപിടിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെ നീണ്ട പരീക്ഷണങ്ങളുടേയും ഇരുപതോളം ശ്രമങ്ങളുടേയും ഫലമാണ് പുതിയ കണ്ടുപിടുത്തം.
സൈനികരുടെ പടച്ചട്ടക്ക് പകരമായി ഈ പശ ഉപയോഗിക്കുന്നതോടെ പടച്ചട്ടയുടെ ഭാരം കുറയ്ക്കാനാകുമെന്നതാണ് പ്രധാന നേട്ടം. മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് കെമിസ്ട്രി പ്രോജക്ടിന്റെ ഭാഗമായാണ് ഹേലേ വെയറിന് ഇത്തരമൊരു ആശയം ലഭിക്കുന്നത്.

വെടിയുണ്ടകളെ തടയാന്‍ ശേഷിയുള്ള ഫൈബറുകളെക്കുറിച്ചായിരുന്നു അന്നത്തെ പഠനം. സമ്മര്‍ദ്ദമേറും തോറും കട്ടികൂടുന്ന ഓബ്ലെക്ക് എന്ന മിശ്രിതത്തെക്കുറിച്ചായി പിന്നീട് ഗവേഷണം. വെടിയുണ്ടകളെ തടയാന്‍ സാധിക്കുന്ന മിശ്രിതം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോ. സിയൂസ് ബുക്കിന്റെ ഉപദേശങ്ങളും ലഭിച്ചു. ഇതിനിടെ ഉണങ്ങുമ്പോള്‍ കട്ടി കൂടുന്ന പശിമയുള്ള വസ്തു കണ്ടെത്തിയത് ഗവേഷണത്തില്‍ നിര്‍ണ്ണായകമായി.
ഒടുവില്‍ സൈനികര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ ഈ ഗവേഷണഫലത്തെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തിനായി ഹേലേ വെയര്‍, അമേരിക്കന്‍ വ്യോമസേനാ അക്കാദമിയിലെ സ്റ്റാറ്റജിക്ക് സ്റ്റഡീസ് കേഡറ്റായ റയാന്‍ ബുര്‍ക്കിനെ സമീപിക്കുകയായിരുന്നു.
അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ബുര്‍ക്കിന് നിലവിലെ പട്ടാളക്കാരുടെ പടച്ചട്ടയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരുന്നു. 2016 പകുതിയോടെയാണ് എയര്‍ഫോഴ്സ് സിവില്‍ എന്‍ജിനീയറിംങ് സെന്ററിലെ ഗവേഷകരുടെ കൂടി അനുമതിയോടെ ഈ ലക്ഷ്യത്തില്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്.
ആദ്യം ഉപയോഗിച്ച മിശ്രിതങ്ങളൊന്നും ഫലം കണ്ടില്ല. വെടിയുണ്ടകള്‍ അവയെ തുളച്ച് പൊയ്ക്കൊണ്ടിരുന്നു. പിന്നീടാണ് പാളികളായി മിശ്രിതങ്ങള്‍ ഉപയോഗിക്കുകയെന്ന രീതിയിലേക്ക് അവര്‍ എത്തിയത്. ഡിസംബര്‍ ഒമ്പതിന് നടത്തിയ പരീക്ഷണത്തില്‍ ആദ്യമായി വെടിയുണ്ടയെ ഇവരുടെ കൃത്രിമ മിശ്രിതം തടഞ്ഞു.

9 എം.എം ബുള്ളറ്റുകള്‍ മുതല്‍ .40 സ്മിത്ത് ആന്റ് വെസ്സണ്‍ റൗണ്ട്, .44 മാഗ്‌നം റൗണ്ട് ബുള്ളറ്റുകള്‍ വരെ ഹേലേ വെയറിന്റേയും റയാന്‍ ബുര്‍ക്കിന്റേയും കൃത്രിമ പശ തടഞ്ഞു.
9 എം.എം വെടിയുണ്ടകള്‍ പാളികളെ കടന്നുവെങ്കിലും ഫൈബര്‍ തടസത്തെ ഭേദിക്കാനായില്ല. .40 ബുള്ളറ്റ് മൂന്നാം പാളിയിലും .44 വെടിയുണ്ട ആദ്യപാളിയിലും കീഴടങ്ങി. ആനകളെ വെടിവെച്ച് വീഴ്ത്തുന്നതിന് ഉപയോഗിക്കുന്നവയാണ് .44 മാഗ്‌നം വെടിയുണ്ടകള്‍. ഈ പരീക്ഷണങ്ങളിലൂടെ ടൈപ്പ് 3 പടച്ചട്ടയുടെ ശേഷി ഇവരുടെ മിശ്രിതത്തിന് ലഭിച്ചു. അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്നത് ടൈപ്പ് 3 പടച്ചട്ടയാണെന്നതാണ് ശ്രദ്ധേയമായ വസ്തുത.
അമേരിക്കന്‍ നാവിക സൈനികര്‍ സുരക്ഷാ ഉപകരണങ്ങളും ആയുധങ്ങളുമടക്കം ശരാശരി 53 കിലോഗ്രാം ചുമക്കുന്നുവെന്നാണ് കണക്കാക്കുന്നത്. കരസൈനികരുടെ കാര്യമെടുത്താല്‍ ഇത് 57 കിലോഗ്രാമോളം വരും. ഇതില്‍ പടച്ചട്ടക്ക് മാത്രം മൂന്ന് കിലോഗ്രാമോളം തൂക്കമുണ്ട്. ഈ തൂക്കത്തില്‍ കാര്യമായ കുറവ് വരുത്താന്‍ ഇവരുടെ പശ കണ്ടുപിടുത്തത്തിനാകുമെന്നാണ് കരുതുന്നത്.
Leave a Reply