Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്യം എത്ര തന്നെ പുരോഗതി പ്രാപിച്ചാലും മാറാത്ത ഒന്നാണല്ലോ പട്ടിണിയും ദാരിദ്ര്യവും. എത്ര തന്നെ വലിയ പദ്ധതികളും മറ്റും വന്നാലും ഇന്നും ഇന്ത്യയിൽ പട്ടിണിയും ദാരിദ്ര്യവും യാതൊരു കുറവുമില്ലാതെ തുടരുന്നു. ഇതിനൊരു കൈതാങ്ങായി വരുന്ന ചെറിയതും വലിയതുമായ പല തരം സന്നദ്ധസഹായ സംഘടനകളും സേവനങ്ങളും പലർക്കും മാതൃകയാകാറുമുണ്ട്. അത്തരത്തിൽ എല്ലാ സിറ്റിയിലും ഒരു മാതൃകയുണ്ടാക്കേണ്ട പ്രവർത്തനമാണ് ചെന്നൈയിൽ പ്രവർത്തിക്കുന്ന ഈ ഫ്രിഡ്ജ്.

പേര് ഫ്രിഡ്ജ് ആണെന്നെ ഉള്ളൂ.. പ്രവർത്തങ്ങൾ വാക്കുകൾക്കതീതമാണ്. രാവിലെ 7 മണിക്ക് ഇത് തുറക്കും. ഇതിനു ഒരു കാവൽക്കാരനും ഉണ്ട്. ആളുകൾക്ക് വന്ന് എന്തും സഹായമായി ഇതിലേക്ക് നിക്ഷേപിക്കാം. ഭക്ഷണം ആയാലും വസ്ത്രം ആയാലും പുസ്തകം ആയാലും വേണ്ടിയില്ല. കേടുവന്നതോ നശിച്ചതോ പഴകിയതോ പാടില്ല എന്നെ ഉള്ളൂ. എല്ലാം ഉപയോഗപ്രദമായവ ആകണം എന്ന് മാത്രം.
ചെന്നയിലിലുള്ള ഫാത്തിമ ജാസ്മിൻ എന്ന ഡോക്ടറാണ് ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ചെന്നൈ ബസന്ത് നഗറിലാണ് ഈ ഫ്രിഡ്ജ് കൂട്ടം വെച്ചിരിക്കുന്നത്. ഇപ്പോൾ അത് നഗരത്തിലെ ഒട്ടനവധി പാവങ്ങൾക്ക് ആശ്രയമാകുന്നു.
“നമ്മൾ പലർക്കും ഒട്ടനവധി ഭക്ഷണം ദിവസവും ബാക്കി വരുന്നുണ്ട്. അവയെല്ലാം പലപ്പോഴും കളയാറാണ് നമ്മൾ. ഞാൻ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരു സ്ത്രീക്കാണ് അവയൊക്കെ കൊടുക്കാറുള്ളത്. അങ്ങനെയിരിക്കെ ഇതുപോലെ ഒരുപാട് പേര് ഇനിയും പുറത്തുണ്ടാകുമല്ലോ എന്ന് ഞാൻ ചിന്തിച്ചു” ഇവർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു.
മറ്റുള്ളവരിലേക്കും ഈ സേവനങ്ങൾ എത്തിക്കാൻ അവർ ആഗ്രഹിച്ചു. പക്ഷെ ചോദിക്കാൻ മടിയായി. ഇത്തരത്തിൽ സഹായം വേണോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ ചിലർക്കെങ്കിലും മാനസികമായി അതൊരു ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുമല്ലോ. അതുപോലെ പലർക്കും ഭക്ഷണം മാത്രമായിരുന്നില്ല ആവശ്യം. ഭക്ഷണത്തോടൊപ്പം വസ്ത്രവും മറ്റു പലതും ആവശ്യമുള്ളവർ ഏറെയുണ്ടായിരുന്നു.
അങ്ങനെയാണ് ഈ ഒരു ആശയത്തിലേക്ക് അവർ എത്തിയത്. ആളുകൾക്ക് ധൈര്യമായി കയറി എന്തും എടുക്കാം. ആരും ഒന്നും ചോദിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ഇല്ല. തന്റെ സ്വന്തം പോക്കെറ്റിൽ നിന്നും തന്നെ പണം ചിലവാക്കി അങ്ങനെ ഫാത്തിമ ജാസ്മിൻ ഈ ഫ്രിഡ്ജ് തുടങ്ങി.
‘ദി പബ്ലിക് ഫൌണ്ടേഷൻ’ എന്നൊരു ലേബലിൽ ‘അയ്യാമിട്ടു ഉണ്’ എന്നാണ് ഈ ഫ്രിഡ്ജിനു പേരിട്ടിരിക്കുന്നത്. “നിങ്ങൾ കഴിക്കുന്നതിനു മുമ്പായി ആവശ്യക്കാർക്ക് ഭക്ഷണം നൽകുവിൻ’ എന്നാണ് ഈ തമിഴ് വാക്കിന്റെ അർഥം.
Leave a Reply