Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോതമംഗലം: നാട്ടിലെത്തിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിക്കൊമ്പന്‍ കിണറ്റില്‍ വീണു. കിണറ്റില്‍ വീണ കുട്ടികൊമ്പന് കാവല്‍നിന്നതു പത്ത് ആനകള്‍.അവസാനം നാട്ടുകാര്‍ എത്തി കുട്ടിക്കൊമ്പനെ രക്ഷിച്ചപ്പോള്‍ നാട്ടുകാര്‍ക്കും വനപാലകര്‍ക്കും തുമ്പികൈ ഉയര്‍ത്തി തള്ളയാനയുടെ വക അഭിവാദ്യവും. കാണേണ്ട വീഡിയോ തന്നെയാണ്..
കോതമംഗലത്തിനടുത്ത് കുട്ടമ്ബുഴ ഉരുളന്‍തണ്ണി റോഡില്‍ ഒന്നാംപാറ ക്ഷേത്രപ്പടിക്ക് സമീപം കിളിരൂര്‍ ജോമോന്റെ റബ്ബര്‍ത്തോട്ടത്തിലെ പാഴ്ക്കിണറിലാണ് ഉദ്ദേശം അഞ്ചു വയസ്സുള്ള കുട്ടിക്കൊമ്ബന്‍ വീണത്.
ഇന്നലെപുലര്‍ച്ചെ രണ്ടോടെയാണ് ഉരുളന്‍തണ്ണി ഒന്നാംപാറയില്‍ കിളിരൂര്‍ ജോമോന്റെ സ്ഥലത്തുള്ള മൂന്നടി താഴ്ചയുള്ള കിണറ്റില്‍ ആനക്കുട്ടി വീണത്. ആട്ടിക്കളം പ്ലാന്റേഷനില്‍നിന്നാണ് ആനക്കൂട്ടമെത്തിയത്. കുട്ടിക്കൊമ്ബന്‍ കിണറ്റില്‍ വീണതിനു ശേഷം ആനക്കൂട്ടം വിട്ടുപോകാതെ അവിടെ നിലയുറപ്പിച്ചു.
തുടര്‍ന്ന് ഉരുളന്‍തണ്ണി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ രാത്രി തന്നെ സ്ഥലത്തെത്തി. ആനക്കൂട്ടം തന്നെ കുട്ടിയെ കരയ്ക്കു കയറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. രാത്രിയായതിനാല്‍ വനപാലകര്‍ മടങ്ങി അതിരാവിലെ തിരിച്ച് എത്തുകയായിരുന്നു. അവസാനം ഒമ്പതുമണിയോടെ കുട്ടിക്കൊമ്പന്‍ കരയ്ക്കു കയറുകയായിരുന്നു.
കരയ്ക്കെത്തിയ ആനക്കുട്ടിയെ മറ്റു ആനകള്‍ ഓടിവന്നു തഴുകുകയും തലോടുകയും തുടങ്ങി സ്‌നേഹപ്രകടനങ്ങള്‍ കൊണ്ട് പൊതിഞ്ഞു. തുടര്‍ന്ന് ആണാകള്‍ തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ് അമ്മയാനയുടെ നന്ദിപ്രകടനം നടന്നത്. തിരിഞ്ഞു നിന്ന് നാട്ടുകാരെയും വനപാലകരെയും നോക്കി അമ്മയാന തുമ്പിക്കൈ പൊക്കി നന്ദി പ്രകടിപ്പിക്കുംവിധം ആട്ടുകയായിരുന്നു.
ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ്. രാജന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.പി. റോയി, എസ്.എഫ്.ഒ: ടോം ഫ്രാന്‍സിസ്, ബി.എഫ്.ഒ: ജോബിന്‍ ജോണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ബിനേഷ്, സിജു, എ.എ. തോമസ്, എം.എം. ചാക്കോച്ചന്‍, ജയന്‍, സുനി, ബേബി, എസ്.ഐ: ബിജുകുമാര്‍ എന്നിവരായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Leave a Reply