Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വളര്‍ത്തുമൃഗങ്ങളോട് പ്രത്യേക താല്‍പ്പര്യമുള്ളവരാണ് നമ്മളില്‍ പലരും. വീടുകളില്‍ ഇവയ്ക്ക് പ്രത്യേക പരിഗണന തന്നെ നമ്മള്‍ ഇവയ്ക്ക് നല്‍കാറുണ്ട്.
എന്നാല്‍ വവ്വാലുകളെ ഇത്തരത്തില്‍ വീട്ടില്‍ വളര്‍ത്തുന്നതായി ചിന്തിച്ചുനോക്കൂ. ആയിരത്തിലധികം വവ്വാലുകള്‍ക്കൊപ്പം കഴിയുന്ന ഒരു വീട്ടമ്മയുണ്ട് ഗുജറാത്തില്‍. കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നുണ്ടല്ലേ? 73കാരിയായ ശാന്താബെന്‍ പ്രജാപതിയാണ് ഈ കക്ഷി.
ഒന്നും രണ്ടുമല്ല നീണ്ട 20 വര്‍ഷത്തോളമായി ശാന്താബെന്നിനൊപ്പം വവ്വാലുകളുണ്ട്. ഗുജറാത്തിലെ ഒരു ചെറു ഗ്രാമമായ രാജ്പുരയിലാണ് വവ്വാലുകളുമൊത്തുള്ള ശാന്താബെന്നിന്റെ താമസം.
പണ്ട് അയല്‍ക്കാര്‍ക്കെല്ലാം മണ്ണുകൊണ്ടു നിര്‍മ്മിച്ച വീടുകളാണുണ്ടായിരുന്നത്. അവരെല്ലാം അതുമാറ്റി കോണ്‍ക്രീറ്റ് വീടുകളിലേക്ക് മാറിയപ്പോള്‍ മണ്‍ചുവരില്‍ താവളമുറപ്പിച്ചിരുന്ന വവ്വാലുകള്‍ക്ക് താമസിക്കാന്‍ സ്ഥലമില്ലാതെയായി. അങ്ങനെയാണ് തന്റെ മണ്‍വീടിനുള്ളിലേക്ക് വവ്വാലുകളെത്തിയതെന്ന് ശാന്താബെന്‍ പറയുന്നു. ശാന്താബെന്നിന്റെ കളിമണ്ണ് കൊണ്ട് നിര്‍മിച്ച വീട്ടില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി ഈ വവ്വാലുകളുണ്ട്.
ആദ്യം ഒരു വവ്വാല്‍ മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഇത് തന്നെ വളരെയധികം ശല്യപ്പെടുത്തിയിരുന്നു. അതുകൊണ്ട് ഈ വവ്വാലിനെ ഇവിടെ നിന്നും ഒഴിവാക്കാനും പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ വവ്വാലുകളെ തുരത്തുന്നത് പാപമാണെന്നാണ് പരക്കെയുള്ള വിശ്വാസം. അതുകൊണ്ടു തന്നെ പിന്നീട് ഇതിനെ തുരത്താന്‍ ശ്രമിച്ചില്ലെന്നും ശാന്താബെന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് ശല്യമായി മാറുന്ന വവ്വാലുകള്‍ തനിക്ക് പ്രിയപ്പെട്ടവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യം ഒരു വവ്വാലാണ് ഇവിടെ താമസത്തിനെത്തിയത്. എന്നാല്‍ പിന്നീട് ഓരോ ദിവസം ചെല്ലുന്തോറും ഇവിടേക്കെത്തുന്ന വവ്വാലുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഇവരുടെ വീടിനുള്ളിലെ രണ്ടു മുറികള്‍ നിറയെ വവ്വാലുകളാണ്. ഇവിടെയിപ്പോള്‍ ആയിരത്തിലധികം വവ്വാലുകളുണ്ടെന്നാണ് കണക്ക്.
നാലുമക്കളുടെ അമ്മകൂടിയായ ശാന്താബെന്‍ അവരിലൊരാള്‍ക്കു ജന്മം നല്‍കിയതും വവ്വാലുകള്‍ താമസിക്കുന്ന ഈ മുറിക്കുള്ളിലായിരുന്നു. പ്രസവസമയത്ത് കുറച്ചു വവ്വാലുകളും മുറിക്കുള്ളിലുണ്ടായിരുന്നുവെന്നും ശാന്താബെന്‍ പറയുന്നു. വവ്വാലുകളോടുള്ള പേടി കാരണം മക്കളും കൊച്ചുമക്കളുമൊന്നും ഈ മുറിയ്ക്കുള്ളിലേക്കു കടക്കാറില്ല.
അയല്‍ക്കാരും ബന്ധുക്കളുമടക്കം പലരും ഈ വീടുപേക്ഷിച്ച് മറ്റെവിടേക്കെങ്കിലും മാറാന്‍ പറഞ്ഞെങ്കിലും ശാന്താബെന്‍ അതിനും ഒരുക്കമല്ല. കാരണം സമയമാകുമ്പോള്‍ ഈ വവ്വാലുകള്‍ ഇവിടം വിട്ടു പോകുമെന്നും അവര്‍ക്കിഷ്ടമുള്ള കാലത്തോളം ഇവിടെ തുടരട്ടെയെന്നുമാണ് ശാന്താബെന്നിന്റെ അഭിപ്രായം.
ഈ വവ്വാലുകളെ പരിപാലിക്കാനും അവയോടു സംസാരിക്കാനും ശാന്താബെന്‍ സമയം കണ്ടെത്തുന്നു. വവ്വാലുകള്‍ താമസിക്കുന്ന ഈ വീട് എല്ലാ ദിവസവും വൃത്തിയാക്കണം. ഇടയ്‌ക്കൊക്കെ മടുപ്പു തോന്നാറുണ്ടെങ്കിലും ഇക്കാര്യത്തിന് ഒരിക്കലും മുടക്കം വരുത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇവര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ബാറ്റ് വുമണ്‍ എന്നാണ് ശാന്താബെന്‍ അറിയപ്പെടുന്നത്.
Leave a Reply