Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 4:05 am

Menu

Published on May 3, 2017 at 12:03 pm

രക്ഷിതാക്കളുടെ പേടിസ്വപ്‌നമായി ബ്ലൂ വെയ്ല്‍ സൂയിസൈഡ് ചലഞ്ച്

beware-blue-whale-online-game-life-threat-for-kids

ന്യൂഡല്‍ഹി: വിവിധ ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികള്‍ക്ക്  ഇന്ന് ഹരമാണ്. പോക്കിമോനും ആന്‍ഗ്രി ബേഡ്സും എന്ന് വേണ്ട ആയിരക്കണക്കിന് വ്യത്യസ്തമാര്‍ന്ന ഗെയിമുകളും ഇന്ന് സൈബര്‍ലോകത്ത് ലഭ്യമാണ്.

എന്നാലിപ്പോള്‍ കൗമാരക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഓണ്‍ലൈന്‍ ഗെയിം ബ്ലൂ വെയ്ല്‍ ചലഞ്ചിനെക്കുറിച്ചുള്ള ആശങ്കയിലാണ് വിവിധ രാജ്യങ്ങളിലെ മാതാപിതാക്കള്‍. മൊബൈല്‍ ഫോണുകളുടെ സാധ്യത കൂടി ഉപയോഗപ്പെടുത്തിയാണ് പല ഗെയിമുകളും ഇന്ന് കുട്ടികളെ ലക്ഷ്യമിട്ട് ഇറങ്ങുന്നത്. ഗെയിമുകളോടുള്ള കുട്ടികളുടെ കടുത്ത ആരാധന പല പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്.

ഇത്തരത്തിലൊന്നാണ് ബ്ലൂ വെയ്ല്‍ ചലഞ്ചും. റഷ്യയില്‍ ചില കൗമാരക്കാരുടെ ആത്മഹത്യകള്‍ക്ക് പ്രേരണയായിട്ടുള്ളത് ബ്ലൂ വെയ്ല്‍ ഗെയിമാണെന്ന് ആരോപണമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് റഷ്യന്‍ അധികൃതര്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല.

ഗെയിം കളിക്കുന്ന കുട്ടികളുടെ ജീവന്‍ പോലും നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഈ കളി ഇന്ന് രക്ഷിതാക്കളെ ആശങ്കുടെ മുള്‍മുനയില്‍ എത്തിക്കുന്നത്.

കളിയുടെ അവസാനഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നതാണ് ബ്ലൂ വെയില്‍ എന്ന ഗെയിം. ഗെയിം തുടങ്ങിയെന്ന് കരുതുന്ന റഷ്യയില്‍ ഇത്തരത്തില്‍ ഏകദേശം 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് വിവരം.

50 ദിവസങ്ങളിലായി വിവിധ വെല്ലുവിളികള്‍ മറികടന്ന് മുന്നേറുന്നുവെന്ന ആശയമാണ് ബ്ലൂ വെയ്ല്‍ ഗെയിമിനുള്ളത്. ഓരോ ദിവസം ചെല്ലും തോറും ടാസ്‌കുകളുടെ കാഠിന്യം വര്‍ദ്ധിക്കും. ഒടുവിലെ ദിവസങ്ങളില്‍ കളിക്കാരെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് ബ്ലൂ വെയ്ല്‍ ഗെയിം. ഈ ആശയം സോഷ്യല്‍ മീഡിയയിലൂടെ ലോകമൊട്ടാകെ വലിയ തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

ബ്ലൂ വെയ്ല്‍ ചലഞ്ചിലെ 50 ദിവസത്തെ വെല്ലുവിളികള്‍ ഓരോ ദിവസം ചെല്ലും തോറും കടുപ്പമേറി വരും. തുടക്കത്തില്‍ പുസ്തകത്തിലെ പ്രത്യേക ഭാഗം വായിക്കലും രാത്രി പ്രത്യേക സമയം ഉണര്‍ന്ന് ചില സ്ഥലങ്ങളിലേക്ക് പോകുന്നതും സിനിമകള്‍ കാണുന്നതുമൊക്കെയാകും.

യു.എ.ഇയിലെ രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് എന്ന നിലയിലുള്ള ഒരു വാട്ട്സ്ആപ് സന്ദേശവും പുറത്തിറക്കിയിട്ടുണ്ട്. ‘ബ്ലൂ വെയ്ല്‍ എന്ന ഗെയിം നിങ്ങളുടെ കുട്ടികള്‍ കളിക്കുന്നത് കണ്ടാല്‍ തടയണമെന്നും അതിന്റെ അമ്പതാം ഘട്ടത്തില്‍ കുട്ടിയെ ആത്മഹത്യയിലേക്കാണ് ക്ഷണിക്കുന്നതെന്നും’ സന്ദേശത്തില്‍ പറയുന്നു.

കുട്ടികളുടെ മരണത്തിന് പിന്നാലെ ബ്രിട്ടനിലെ ചില സ്‌കൂളുകളില്‍ കുട്ടികള്‍ക്കും ഗെയിമിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാതിരാത്രിയില്‍ ഹൊറര്‍ സിനിമകള്‍ കാണാനാണ് ഗെയിം ആദ്യഘട്ടങ്ങളില്‍ ആവശ്യപ്പെടുക.

പിന്നീട് കൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ തൊലിയിലും കുത്തി മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. തെളിവായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദേശിക്കുന്നുണ്ട്. ഗെയിമിന്റെ അവസാന ഘട്ടത്തിലാണ് ആത്മഹത്യ ചെയ്യാന്‍ വെല്ലുവിളിക്കുന്നത്.

ഇനി ഇത്തരത്തില്‍ ചെയ്തില്ലെങ്കില്‍ ഉപയോക്താവിന് ഭീഷണി സന്ദേശമാവും ലഭിക്കുക. ആകെ അമ്പത് സ്റ്റേജുകളുള്ള ഗെയിമാണ് ഇത്. നിങ്ങള്‍ ഈ ഗെയിം ഒരുവട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നതാണ് ഒരു കാര്യം. നിങ്ങളുടെ വിവരങ്ങള്‍ മുഴുവനും ഹാക്ക് ചെയ്യപ്പെടുകയും ചെയ്യും.

ഈ മരണക്കളിക്ക് ബ്ലൂവെയ്ല്‍ എന്ന് പേരു വന്നതിന് പിന്നിലും കാരണമുണ്ട്. നീലത്തിമിംഗലങ്ങള്‍ മരണാസന്നമാകുമ്പോള്‍ തിരിച്ചുപോകാനാവില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെ തീരങ്ങള്‍ക്കടുത്തേക്ക് നീന്താറുണ്ടെന്ന വിശ്വാസമുണ്ട്.

ഇങ്ങനെ തീരത്തിനോട് അടുത്തെത്തുന്ന നീലത്തിമിംഗലങ്ങള്‍ ചത്ത് തീരത്തടിയുകയാണ് ചെയ്യുകയെന്നും കരുതപ്പെടുന്നു. മരണത്തിലേക്ക് സ്വയം തിരഞ്ഞെടുത്തുള്ള ഈ പോക്കിനെയാണ് ബ്ലൂ വെയ്ല്‍ ചലഞ്ച് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

റഷ്യക്ക് പുറമേ ഉക്രൈന്‍, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളിലും ബ്ലൂ വെയ്ല്‍ ചലഞ്ചിന് കൗമാരക്കാരിലെ ആത്മഹത്യയുമായി ബന്ധമുണ്ടോ എന്ന അന്വേഷണം നടന്നുവരികയാണ്. ഇതുവരെ ആത്മഹത്യകളും ഈ ഗെയിമും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാനായിട്ടില്ല.

ലോകത്ത് ആദ്യമായല്ല അപകടകരമായ ഒരു ഗെയിം വാര്‍ത്തകളില്‍ നിറയുന്നത്. 2015ല്‍ ‘ചാര്‍ലി ചാര്‍ലി’ എന്ന ഗെയിമും കുട്ടികളുടെ ജീവന് ഭീഷണിയായി തന്നെയായിരുന്നു എത്തിയിരുന്നത്. പ്രേതങ്ങളുമായി സംസാരിക്കാന്‍ അവസരമൊരുക്കുന്നെന്ന അവകാശവാദത്തോടെയാണ് ഈ ഗെയിം പ്രചരിച്ചത്.

രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്ചീനമായി തുലനം ചെയ്തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ് എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന് ചാര്‍ലി എന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും.

ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ് വിശ്വാസം. ഇന്റര്‍നെറ്റില്‍ ഈ ഗെയിം വ്യാപകമായതോടെ പല കുട്ടികളും ഇതിന് അടിമപ്പെടുകയും മാനസികമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന തുടര്‍ന്ന് ഗെയിം പിന്‍വലിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News