Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എന്നും ഗുജറാത്ത് സ്വദേശി ഹര്‍സുഖ്ഭായ് ദൊബാരിയയുടെ ടെറസില്‍ ധാരാളം അതിഥികളെത്തും. വേറൊന്നിനുമല്ല ഭക്ഷണം കഴിക്കാനാണ്. ഹര്‍സുഖിന്റെ വീട്ടിലെത്തിയാല്‍ ആഹാരത്തിന് മുട്ടുണ്ടാകില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം. ഒരു ദിവസം പോലും വൈകാതെ ഹര്‍സുഖ് ഇവര്‍ക്ക് ആഹാരമൊരുക്കുന്നു.
ഈ അതിഥികള്‍ മറ്റാരുമല്ല. തത്തകളും തുന്നല്‍ക്കുരുവികളും മഞ്ഞക്കിളികളും പ്രാവുകളും കാക്കകളുമെല്ലാം ഉള്‍പ്പെടുന്ന പക്ഷിക്കൂട്ടമാണ്. ഗുജറാത്തിലെ ഉള്‍നാടന്‍ ഗ്രാമമായ മെറ്റോഡയിലാണ് ഹര്‍സുഖ്ഭായിയുടേയും കുടുംബത്തിന്റേയും താമസം.
കഴിഞ്ഞ 17 വര്‍ഷങ്ങളായി ഹര്‍സുഖ്ഭായിയും കുടുംബവും മുടങ്ങാതെ പക്ഷികള്‍ക്കായി ഭക്ഷണമൊരുക്കുന്നു. പുലര്‍ച്ചെ ആറുമണി മുതല്‍ ഇവിടേക്ക് പക്ഷികളുടെ വിരുന്നെത്തല്‍ തുടങ്ങും. ഒന്നും രണ്ടുമല്ല നാലായിരത്തിലേറെ പക്ഷികളാണ് ഇവിടേക്ക് ഭക്ഷണം തേടിയെത്തുന്നത്. ഗുജറാത്തിലെ ബേഡ് മാന്‍ എന്നാണ് ഹര്‍സുഖ്ഭായി അറിയപ്പെടുന്നത് തന്നെ.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഹര്‍സുഖ്ഭായിയുടേയും കുടുംബത്തിന്റേയും ദിവസം ആരംഭിക്കുന്നത് ഉണര്‍ന്നാലുടന്‍ കുടുംബം മട്ടുപ്പാവിലെത്തി പക്ഷികള്‍ക്കായുള്ള ഭക്ഷണമൊരുക്കും. തിനയാണ് പ്രധാനമായും പക്ഷികള്‍ക്കു നല്‍കുന്നത്. പക്ഷികള്‍ക്ക് ഭക്ഷണം നല്‍കാനായി പ്രത്യേകം സ്റ്റാന്‍ഡും ഇദ്ദേഹം വീടിന്റെ ടെറസില്‍ ക്രമീകരിച്ചിട്ടുണ്ട്. മട്ടുപ്പാവില്‍ ക്രമീകരിച്ചിട്ടുള്ള കമ്പികള്‍ക്കിടയില്‍ തിന കുത്തിനിര്‍ത്തിയാണ് പക്ഷികള്‍ക്കു നല്‍കുന്നത്.
തുന്നല്‍ക്കാരന്‍ കുരുവികളാണ് രാവിലെ ആറുമണിക്ക് ഇവിടേക്ക് ആദ്യമെത്തുന്നത് ആറരയോടെ തത്തകള്‍ കൂട്ടമായെത്തിത്തുടങ്ങും. പിന്നീടാണ് മഞ്ഞക്കുരുവികളുടേയും പ്രാവിന്റേയും കാക്കകളുടേയും പേരറിയാത്ത മറ്റു പക്ഷികളുടേയും വരവ്.
ഏകദേശം രണ്ടായിരത്തിനും മൂവായിരത്തിനുമിടയില്‍ തത്തകളും രണ്ടായിരത്തോളും തുന്നല്‍ക്കുരുവികളും നാലായിരത്തോളം മറ്റു കുരുവികളുമാണ് ദിവസേന ഇവിടേക്കെത്തുന്നതെന്ന് ഹര്‍സുഖ്ഭായി പറയുന്നു.
മഴക്കാലത്തു മാത്രമെത്തുന്ന പക്ഷികളും ഇക്കൂട്ടത്തിലുണ്ട്. മഴക്കാലത്ത് പക്ഷികള്‍ക്ക് ഭക്ഷണമൊരുക്കാനായി ദിവസം 1700-1800 രൂപയോളം ചിലവു വരും. മറ്റു സീസണുകളില്‍ ദിവസം ആയിരം രൂപയില്‍ താഴയേ വരൂ.
17 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹര്‍സുഖ്ഭായിയും പക്ഷികളുമായുള്ള ചങ്ങാത്തം ആരംഭിക്കുന്നത്. ഒരു അപകടത്തെ തുടര്‍ന്ന് വീട്ടിലിരിക്കെ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ സുഹൃത്ത് ഭക്ഷിക്കാനായി ഒരുകെട്ടു തിനയുമായാണെത്തിയത്.
ഹര്‍സുഖ്ഭായി ആ തിന വെറുതേ വീടിനു മുന്നില്‍ കെട്ടിത്തൂക്കിയിട്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു തത്തകള്‍ വന്നിരുന്ന് തിന കഴിക്കുന്നത് കണ്ടു. പിറ്റേന്ന് തിന തിന്നാനായി അഞ്ചു തത്തകളെത്തി. അങ്ങനെ ഓരോ ദിവസം കൂടുംതോറും കിളികളുടെ എണ്ണം കൂടാന്‍ തുടങ്ങി. പിന്നീട് ഇതൊരു പതിവായി മാറി.
ഹര്‍സുഖ്ഭായിയുടെ വീട്ടിലേക്ക് വിരുന്നെത്തുന്ന പക്ഷികളേയൊന്നും ആരും പിടിക്കാറില്ല. പക്ഷികള്‍ ഭക്ഷണം കഴിച്ച് സന്തോഷത്തോടെ തിരികെ അവയുടെ കൂടുകളിലേക്ക് പറക്കുകയാണ് പതിവ്.
Leave a Reply