Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:43 am

Menu

Published on February 9, 2017 at 10:52 am

ആ മുറിപ്പാടുകളെ ഞാന്‍ വജ്രാഭരണങ്ങളായി കാണുന്നു; വൈരൂപ്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ട് ഈ പെണ്‍കുട്ടി

burns-victim-refuses-surgery-loves-scars

അമേരിക്കയിലെ സിന്‍സിനാതി സ്വദേശി ആലിസ്സ മക്‌ഡൊനാള്‍ഡിനെ ആദ്യം കാണുന്നവര്‍ ഒന്ന് പേടിക്കും. കാരണം പൊള്ളലേറ്റ് വികൃതമായ അവളുടെ മുഖം ആരെയും പേടിപ്പിക്കുന്നത് തന്നെയാണ്.

എന്നാല്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത ആത്മവിശ്വാസം കൊണ്ടാണ് ഈ 25കാരി ഇപ്പോള്‍ ശ്രദ്ധനേടുന്നത്. തന്റെ ഈ വിരൂപത മാറ്റാന്‍ ഇനി യാതൊരു ശസ്ത്രക്രിയകള്‍ക്കും തയാറല്ലെന്ന ധീരവും ഉറച്ചതുമായ തീരുമാനമെടുത്തിരിക്കുകയാണിവര്‍.

വെറും രണ്ട് വയസുള്ളപ്പോഴാണ് ആലിസ്സയ്ക്ക് ആ അത്യാഹിതം സംഭവിക്കുന്നത്. ഡേകെയറിലിരിക്കെ ഉരുകിയ വെണ്ണ അവളുടെ കുഞ്ഞ് മുഖത്തേക്ക് പതിക്കുകയായിരുന്നു. മുഖം മുഴുവന്‍ പൊള്ളിയടര്‍ന്ന നിലയിലാണ് അവളെ ആശുപത്രിയിലെത്തിക്കുന്നത്. പിന്നെ പതിയെ കോമയിലേക്ക്.

ഈ അവസ്ഥ അവള്‍ അതിജീവിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വരെ വിധിയെഴുതി. പുരോഹിതനെക്കൊണ്ടു വന്ന് അന്ത്യോപചാരങ്ങള്‍ നല്‍കിക്കൊള്ളാനും പറഞ്ഞു. എന്നാല്‍ എല്ലാ മുന്‍വിധികളും തെറ്റിച്ചുകൊണ്ട് അവള്‍ ജീവിതത്തിലേക്ക് തിരികെയെത്തി. പക്ഷെ മുഖം മുഴുവന്‍ മുറിപ്പാടുകള്‍.

അപകടത്തില്‍ മുഖത്തിന്റെ 85 ശതമാനവും വെന്തുപോയ അവള്‍ക്ക് നൂറിലധികം ശസ്ത്രക്രിയകളിലൂടെ കണ്ണുകളും ചുണ്ടുകളുമൊക്കെ വെച്ചുപിടിപ്പിക്കുകയായിരുന്നു. എന്നിട്ടും അവള്‍ സാധാരണപോലെ ആയില്ല. ആളുകള്‍ അവളെ ഭീകരജീവിയെന്ന് വരെ വിളിച്ചു.

എന്നാല്‍ ഏറ്റവും പോസിറ്റീവായ ചിന്തകള്‍കൊണ്ട് തന്റെയും മറ്റുള്ളവരുടെയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കുകയാണ് ആലിസ്സയിപ്പോള്‍. ഈ മുറിവുകളെ താന്‍ പ്രണയിക്കുന്നുവെന്ന് അവള്‍ പറയുന്നു. ഇവയാണ് എനിക്കേറ്റവും നന്നായി ചേരുന്ന ആഭരണമെന്നും ഇതാണ് ആത്മവിശ്വാസമെന്നും ആലിസ്സ ഉറച്ച സ്വരത്തില്‍ പറയുന്നു.

സ്‌കൂളില്‍ പോകാന്‍ തുടങ്ങിയ കാലത്താണ് എന്റെ വിരൂപത ഞാന്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. മറ്റുകുട്ടികള്‍ എന്നെക്കണ്ട് ഭയന്നോടുന്നതും ചിലര്‍ കൂക്കിവിളിക്കുന്നതുമൊക്കെ അതിജീവിച്ചാണ് ഞാന്‍ വളര്‍ന്നത്.

burns-victim-refuses-surgery-because-she-loves-her-scars1

ഞാന്‍ ജന്മനാ ഇങ്ങനെയായിരുന്നില്ല. അബദ്ധത്തില്‍ പൊള്ളലേറ്റ് ഇങ്ങനെയായിപ്പോയതാണ്. സത്യങ്ങള്‍ തിരിച്ചറിഞ്ഞ് എന്റെ ഈ രൂപത്തെ ഉള്‍ക്കൊള്ളാന്‍ കുറേ കാലതാമസമെടുത്തു. എങ്കിലും ഒടുവില്‍ ഞാന്‍ തീരുമാനിച്ചു ഇനി യഥാര്‍ത്ഥ രൂപം തിരികെക്കിട്ടാനോ വൈരൂപ്യം മാറ്റാനോ ഒരു ശസ്ത്രക്രിയക്കും ഞാന്‍ ഒരുക്കമല്ല, ആലിസ്സ പറയുന്നു.

ഈ മുറിപ്പാടുകളെ വജ്രാഭരണങ്ങളായിട്ടാണ് കാണുന്നതെന്നും അതുകൊണ്ടു തന്നെ തനിക്കു നിരാശയില്ലെന്നും അവള്‍ പറഞ്ഞു.

ഒരു ഹാലോവീന്‍സ് ഡേയാണ് ആലിസ്സയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കുട്ടികളൊക്കെ പേടിപ്പിക്കുന്ന മുഖംമൂടികള്‍ ധരിച്ച് നഗരത്തില്‍ അലഞ്ഞു നടക്കുന്ന ആ ദിവസം എന്തോ വാങ്ങാനായി ഒരു കടയില്‍ക്കയറിയ അവളെക്കണ്ട് കടയുടമ പറഞ്ഞു; ഇത്രയും റിയലിസ്റ്റിക്കായ ഒരു മുഖംമൂടി താന്‍ കണ്ടിട്ടില്ലെന്ന്.

ഇത് മുഖംമൂടിയല്ല തന്റെ യഥാര്‍ത്ഥ രൂപമാണെന്നും പറഞ്ഞപ്പോള്‍ അവരൊന്നു ഞെട്ടി ക്ഷമചോദിച്ചുവെന്ന് ആലിസ്സ പറയുന്നു. അതോടെ ഇനി മുഖം പഴയപോലെയാക്കാന്‍ ശസ്ത്രക്രിയ വേണ്ടെന്ന് അവള്‍ ഉറപ്പിക്കുകയായിരുന്നു.

കേവലം മുഖസൗന്ദര്യത്തിന്റെ പേരിലാവരുത് ജനങ്ങള്‍ തന്നെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതെന്നാണ് അവള്‍ പറയുന്നത്. തന്റെ കഴിവുകളുടെ അടിസ്ഥാനത്തിലാവണം അത്.

16 വയസ്സുമുതലാണ് താനീ തീരുമാനങ്ങളെടുത്തത്. അന്നു മുതല്‍ ഇന്നുവരെ വളരെ സന്തോഷവതിയായാണ് തന്റെ ജീവിതം. ആളുകള്‍ നിങ്ങളെക്കുറിച്ച് എന്തു പറയുന്നു ചിന്തിക്കുന്നു എന്നൊന്നും ഓര്‍ക്കരുത്. ആ ചിന്ത എന്നു നിര്‍ത്തുന്നോ അന്നുമുതല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കുമെന്ന് ആലിസ്സ ആത്മവിശ്വാസത്തോടെ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News