Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ജുറാസിക് പാര്‍ക്ക് എന്ന സിനിമ ഉണ്ടാക്കിയ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടി വരും. കാരണം ജുറാസിക് പാര്‍ക്ക് സീരിസിലെ ഒരു ചിത്രം പോലും വിടാതെ കണ്ട ചരിത്രമുള്ളവരാണ് നമ്മളില്‍ പലരും. ഇന്നും കാണുന്നുമുണ്ട്.
സിനിമയിലൂടെ നമ്മെ പേടിപ്പിച്ച ആ ദിനോസറുകളെ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. ഇതൊക്ക കാണാന്‍ അങ്ങ് അമേരിക്ക വരെ പോകണ്ടേ എന്നോര്‍ത്ത് കാണാതിരിക്കുവാന്‍ പറ്റുമോ, അതും നമുക്ക് സ്വന്തമായി ഒരു ഡിനോസര്‍ പാര്‍ക്ക് ഉള്ളപ്പോള്‍.
അതെ ഇന്ത്യയ്ക്കും സ്വന്തമായി ഒരു ജുറാസിക് പാര്‍ക്കുണ്ട്. അത്ഭുതങ്ങള്‍ ഏറെ ഒളിപ്പിച്ച നാടാണ് ഗുജറാത്ത്. ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലാണ് ഇന്ദ്രോഡ ഡിനോസര്‍ ആന്റ് ഫോസില്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
ഡിനോസര്‍ ആന്റ് ഫോസില്‍ പാര്‍ക്ക് എന്ന പേരു കേട്ടിട്ട് ഇവിടെ ഡിനോസര്‍ ജീവിച്ചിരുന്നു എന്നൊന്നും കരുതരുതേ!. ഇത് പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമായ ഒരു ഡിനോസര്‍ പാര്‍ക്കാണ്. ഇന്ദ്രോഡ ഡിനോസര്‍ ആന്റ് ഫോസില്‍ പാര്‍ക്ക് അറിയപ്പെടുന്നത് ഇന്ത്യയിലെ ജുറാസിക് പാര്‍ക്ക് എന്ന പേരിലാണ്.
ഗുജറാത്ത് ഇക്കോളജിക്കല്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ കീഴില്‍ നടത്തുന്ന ഈ ഫോസില്‍ പാര്‍ക്ക് ലോകത്തിലെ മൂന്നാമത്തെ ഡിനോസര്‍ ഖനന കേന്ദ്രം കൂടിയാണ്. ചരിത്ര പ്രേമികളെയും പുരാവസ്തുഗവേഷകരെയും ഒരുപോലെ ആകര്‍ഷിക്കുന്ന സ്ഥലമാണ് ഈ ഫോസില്‍ പാര്‍ക്ക്. 36 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍ മുതല്‍ പീരങ്കിയുണ്ടയുടെ വലുപ്പം വരെയുള്ള ഡിനോസര്‍ മുട്ടകള്‍ വരെ ഇവിടെ കാണുവാന്‍ സാധിക്കും.
കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുള്ള ഫോസിലുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വഡോധര, പഞ്ചമഹല്‍, ഖേധ, സോന്‍ഖിര്‍ഭാഗ് ബേസിന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഫോസിലുകള്‍ ഇവിടെ കാണാം.
അഹമ്മദാബാദിലെ ഗാന്ധിനഗര്‍ എന്ന സ്ഥലത്തിനടുത്തായാണ് ഇന്ത്യയിലെ ജുറാസിക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 27 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യം.
Leave a Reply