Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:55 pm

Menu

Published on April 24, 2013 at 8:51 am

കാടും വരളുന്നു; മൃഗങ്ങള്‍ ദാഹജലം തേടി നാട്ടിലേയ്ക്ക്

dry-forest

അതിരപ്പിള്ളി: വരള്‍ച്ച രൂക്ഷമായതോടെ കാട്ടരുവികളും നീര്‍ച്ചോലകളും വറ്റി. വന്യമൃഗങ്ങള്‍ വെള്ളം തേടി നാട്ടിന്‍പുറങ്ങളിലേയ്ക്ക് ഇറങ്ങുന്നു. ആന, മാന്‍, മ്ലാവ്, കാട്ടുപന്നി തുടങ്ങിയവയ്‌ക്കൊപ്പം രാജവെമ്പാലപോലും നാട്ടിലേക്കിറങ്ങുന്നത് പതിവായി.

കാടിറങ്ങുന്ന മൃഗങ്ങളും കാട് കയ്യേറിയ മനുഷ്യരും തമ്മിലുള്ള ‘യുദ്ധ’മാണ് മലയോരമേഖലയില്‍. കാലാവസ്ഥാ വ്യതിയാനവും വനനശീകരണവുമാണ് കാട് വരളാന്‍ പ്രധാന കാരണം.

കേരളത്തിലെ പ്രധാന മഴക്കാടുകളായ ഷോളയാര്‍ വനമേഖല വരണ്ട് ഇലപൊഴിയുന്ന കാടുകളായി മാറിക്കൊണ്ടിരിക്കുന്നു. പുള്ളിമാനുകളും മയിലുകളും ജനവാസമേഖലയിലേയ്ക്ക് കൂട്ടമായി ഇറങ്ങുന്നത് വനങ്ങള്‍ നശിക്കുന്നതിന്റെ പ്രധാന സൂചനകളാണ്.

കഴിഞ്ഞവര്‍ഷങ്ങളിലെ കാട്ടുതീ മൂലം അടിക്കാടുകളും കുറ്റിച്ചെടികളും ഇഞ്ചി ഇനത്തില്‍പ്പെട്ട സസ്യങ്ങളും കത്തിനശിച്ചത് വനത്തിലെ ചൂട് കൂടാന്‍ മറ്റൊരു കാരണമായി. മഴവെള്ളം ഭൂമിയിലേക്കിറങ്ങാന്‍ സഹായിക്കുന്ന ഇവ നശിച്ചതോടെ മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെട്ടു.

മഴക്കാടുകളില്‍ മാത്രം കാണുന്ന തണുത്ത സ്ഥലങ്ങള്‍ ഇഷ്ടപ്പെടുന്ന രാജവെമ്പാലകള്‍ കാടിറങ്ങുന്നതും മഴക്കാടുകള്‍ നശിക്കുന്നതിന്റെ സൂചനയാണ്. വേനല്‍മഴ വളരെ കുറഞ്ഞതും കാട് വരളാനിടയാക്കി.

വന്‍കിട കമ്പനികള്‍ക്കാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഉണ്ടാക്കാന്‍ അശാസ്ത്രീയമായി ഈറ്റക്കാടുകള്‍ വെട്ടിയത് ആനയ്ക്കും മറ്റും തീറ്റയില്ലാതാക്കി. മഴവെള്ളം ഭൂമിയിലേയ്ക്കിറങ്ങുന്നത് കുറയുകയും ചെയ്തു. ലാഭം മാത്രം ലക്ഷ്യമിട്ട് വനമേഖലയില്‍ തേക്ക്, യൂക്കാലി, അക്കേഷ്യ തുടങ്ങിയ മരങ്ങള്‍ വച്ചുപിടിപ്പിച്ച് തോട്ടങ്ങള്‍ ഉണ്ടാക്കുമ്പോഴും സ്വാഭാവിക വനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News