Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : എട്ടുവര്‍ഷം ശീതീകരിച്ചു സൂക്ഷിച്ച അണ്ഡത്തില്നിന്ന് മുന്‍ ലോകസുന്ദരി ഡയാന ഹൈഡന് പെണ്‍കുഞ്ഞ് പിറന്നു.ഒരു ദശാബ്ദം മുമ്പുവരെ ശീതികരിച്ച അണ്ഡത്തില് നിന്നുള്ള കുഞ്ഞുങ്ങളുടെ ജനനം സാങ്കേതികമായി ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ ഡയാനയുടെ കുഞ്ഞിന്റെ ജനനത്തോടെ ഇതാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.കുഞ്ഞിന് 3.5 കിലോഗ്രാം തൂക്കവും 55 സെന്റീമീറ്റര്‍ ഉയരമുണ്ട്.
2005ല്‍ 32ാം വയസിലാണ് അണ്ഡങ്ങള്‍ ശീതികരിച്ചു സൂക്ഷിക്കുന്നതിനെക്കുറിച്ച് ഡയാന ഹൈഡന് വായിച്ചത്. കരിയറിന്റെ തിരക്കും ജീവിത പങ്കാളിയെ കണ്ടെത്തുന്നതും വൈകിയതോടെ അണ്ഡം ശീതികരിക്കുന്നതിനെ കുറിച്ച് ഡയാനയും ചിന്തിച്ച് തുടങ്ങി. തുടര്‍ന്ന് 2007 ഒക്ടോബര്‍ 2007നും 2008 മാര്‍ച്ചിനുമിടയില്‍ പതിനാറ് അണ്ഡങ്ങള്‍ ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റ് ഡോ. നന്ദിത പല്‍ഷേത്കറുടെ നിര്‍ദേശപ്രകാരം ഡയാന ശീതീകരിച്ചു സൂക്ഷിച്ചു. നാല്പതാം വയസില്‍ രണ്ടു വര്‍ഷം മുമ്പാണ് ഡയാന അമേരിക്കക്കാരനായ കോളിന് ഡിക്കിനെ ജീവിത പങ്കാളിയായി കണ്ടെത്തിയത്. അപ്പോഴേക്കും ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്ഡിയോമെട്രിസ് രോഗം ഡയാനയെ പിടികൂടുകയുംചെയ്തു. സ്വാഭാവിക ഗര്‍ഭധാരണത്തിനു തടസമുണ്ടാക്കുന്ന രോഗമാണിത്. ഇതേത്തുടര്‍ന്നാണ് ഡയാനയും കോളിനും ശീതീകരിച്ചുവച്ച അണ്ഡത്തില്‍നിന്നു ടെസ്റ്റ് ട്യൂബ് ശിശുവിനായുള്ള ശ്രമം ആരംഭിച്ചത്.
കരിയറില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കു വിവാഹവും പ്രസവവും ഒക്കെ തടസങ്ങളാകുന്ന കാലത്ത് വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം ആശ്വാസമാവുകയാണെന്നു പ്രസവശേഷം അവര്‍ പ്രതികരിച്ചു. ആരോഗ്യകരമായ കാരണങ്ങളാല്‍ അണ്ഡം ശീതീകരിച്ചുവയ്ക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഏറുകയാണ്. എന്നാല്‍ കരിയറില്‍ ശ്രദ്ധിക്കാനും ജീവിത പങ്കാളിയെ കണ്ടെത്താന്‍ വൈകുന്നതിനാലും അണ്ഡം ശീതികരിച്ചുവയ്ക്കുന്ന ആദ്യത്തെയാള്‍ ഡയാനയാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ഡയാന ഹൈഡനെ അണ്ഡം ശീതികരിച്ചുവയ്ക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിന്റെ പോസ്റ്റര്‍ ഗേള്‍ ആക്കാനാണ് ഡോക്ടര്‍മാരുടെ പദ്ധതി.
Leave a Reply