Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഫെയ്സ്ബുക്കിന്റെ തൊഴിൽദാന പദ്ധതിയെന്നു തെറ്റിദ്ധരിപ്പിച്ചു നടത്തിയ സൈബർ തട്ടിപ്പിൽ കുടുങ്ങിയ പ്രവാസികൾ അടക്കം ഒന്നരലക്ഷത്തോളം മലയാളികൾക്കു 40 കോടി രൂപ നഷ്ടമായി.ഒരോരുത്തർക്കും നഷ്ടപ്പെട്ടത് 2700 രൂപ.
വീട്ടിലിരുന്നു ജോലിചെയ്തു ദിവസം 6530 മുതൽ 15792 രൂപവരെ സമ്പാദിക്കാമെന്ന വാഗ്ദാനത്തിലാണ് എല്ലാവരും കുടുങ്ങിയത്. ഫെയ്സ്ബുക്കിന്റെ ലോഗോയും നീലനിറത്തിലുള്ള കളർസ്കീമും കണ്ടാണു ഫെയ്സ്ബുക്ക് നേരിട്ടു നടപ്പാക്കുന്ന തൊഴിൽദാന പദ്ധതിയെന്ന് എല്ലാവരും തെറ്റിദ്ധരിച്ചത്.ഫെയ്സ്ബുക്ക് സ്ഥാപകൻമാർക്ക് സുക്കർബർഗിന്റെ ചിത്രവും ഇന്ത്യയിലെ ഇംഗ്ലിഷ് ദിനപത്രങ്ങളുടെ ലോഗോയും പദ്ധതിയുടെ വിശ്വാസ്യത വർധിപ്പിക്കാൻ തട്ടിപ്പുകാർ ദുരുപയോഗിച്ചിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവർ ഫെയ്സ്ബുക്ക് കൂട്ടായ്മകളിലൂടെ നടത്തിയ ആശയവിനിമയത്തിലാണ് ഒന്നരലക്ഷത്തോളം മലയാളികൾ കബളിപ്പിക്കപ്പെട്ടതായി വ്യക്തമാവുന്നത്.ഫെയ്സ്ബുക്ക് കമ്പനിക്കും ഇവർ വിവരം കൈമാറിയിട്ടുണ്ട്. പദ്ധതിയിൽ അംഗമാവാനുള്ള ‘ഫെയ്സ്ബുക്ക് മില്യനയർ കിറ്റ്’ കുറിയറിൽ ലഭിക്കാനായി ക്രെഡിറ്റ് കാർഡ് വഴി തട്ടിപ്പുകാരുടെ അമേരിക്കൻ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറിയ 2700 രൂപയാണ് എല്ലാവർക്കും നഷ്ടപ്പെട്ടത്.ഇവർക്കു കൈമാറിയ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഭാവിയിൽ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.
നാലുമാസങ്ങൾക്കു മുൻപാണു തട്ടിപ്പിന്റെ തുടക്കം. പണം നൽകിയ എല്ലാവരും കിറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പു തുടരുകയാണ്. കബളിപ്പിക്കപ്പെട്ടതായി ഇതിനകം മനസ്സിലാക്കിയവർ നഷ്ടപ്പെട്ടതു ചെറിയ തുകയാണല്ലോ എന്ന ആശ്വാസത്തിൽ പൊലീസിൽ പരാതി പറയാൻപോലും തയാറായിട്ടില്ല. കുറഞ്ഞ തുക വാങ്ങി കൂടുതൽ പേരെ കബളിപ്പിച്ചു പരാതി ഒഴിവാക്കുകയെന്ന തന്ത്രമാണു തട്ടിപ്പുസംഘം പയറ്റുന്നത്.
Leave a Reply