Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:05 pm

Menu

Published on May 16, 2018 at 5:13 pm

റംസാൻ വ്രതവും പ്രമേഹരോഗികളും

fasting-and-diabetes

രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപാദിപ്പിക്കാതിരിക്കുകയോ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിനു ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെയാണു പ്രമേഹം എന്നു പറയുന്നത്. ഈ റംസാൻ കാലമായാൽ ഏതൊരു പ്രമേഹ ചികിത്സകനും അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യമാണ് ഞങ്ങൾക്കു റംസാൻ നോമ്പ് എടുക്കാമോ എന്ന വിശ്വാസികളുടെ ചോദ്യം. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ റംസാൻ വ്രതം എടുക്കണമെന്നില്ല; അതിനു തക്കതായ ഇളവുകൾ ഫിഖ്ഹിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും രോഗികൾ അതിൽ തൃപ്തരാവില്ല എന്നതാണു വാസ്തവം. റംസാൻ മാസത്തിൽ പുലർവേള മുതൽ സന്ധ്യ വരെ അന്നപാനീയങ്ങൾ പൂർണമായി വർജിക്കുന്ന ഇസ്ലാമിലെ വ്രതം അനുഷ്ടിക്കാതിരിക്കുന്നത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം തീർത്തും വേദനാജനകമാണ്.

എന്നാൽ രോഗിയുടെ പ്രായം, പ്രമേഹത്തിൻറെ അവസ്ഥ, രോഗി ഉപയോഗിക്കുന്ന മരുന്നുകൾ, രോഗിക്കുള്ള മറ്റു സങ്കീർണതകൾ എന്നിവ അടിസ്ഥാനമാക്കി മാത്രമേ റംസാൻ വ്രതാനുഷ്ഠാനത്തെക്കുറിച്ചു തീരുമാനിക്കാനാവൂ എന്നാണ് ഏതൊരു പ്രമേഹ രോഗ ചികിത്സകനും പറയൂ . കാരണം വ്രതാനുഷ്ഠാനം പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞുപോകുന്നതിനും നിർജ്ജലീകരണത്തിനും കാരണമായേക്കാം. ഇതു ഭീകരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് തന്നെ കാരണമായേക്കാം.

റംസാൻ വ്രതാനുഷ്ഠാനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ രോഗികളെ പ്രധാനമായും മൂന്നു വിഭാഗമായി തിരിക്കാം.

മിതമായ അളവിൽ അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിൽ പ്രമേഹം ഉള്ളവർ (Moderate to Low Risk)
ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും നല്ലരീതിയിൽ പ്രമേഹം നിയന്ത്രിക്കുന്നവർ. കുറഞ്ഞ അളവിൽ മരുന്ന് ഉപയോഗിച്ച് പ്രമേഹം നിയന്ത്രിക്കുന്നവർ, രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാൻ സാധ്യത ഇല്ലാത്ത പ്രമേഹരോഗികൾ. ഇവർ വ്രതം അനുഷ്ഠിക്കുന്നതുകൊണ്ടു പ്രശ്നമില്ല.

ഗുരുതരാവസ്ഥയിലുള്ളവർ (High Risk)
ഇവരും വ്രതം അനുഷ്ഠിക്കാൻ പാടില്ലാത്തതാണ്. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹരോഗമുള്ളവർ. രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെ കുറയ്ക്കുന്ന (Hypoglycaemia) തരം മരുന്നുകൾ ഉപയോഗിക്കുന്ന പ്രമേഹരോഗികൾ, വർഷങ്ങളായി പ്രമേഹരോഗമുള്ളവർ എന്നിവർ വ്രതം അനുഷ്ഠിക്കുന്നത് പുണ്യത്തേക്കാൾ കൂടുതൽ സ്വന്തം ജീവൻ വെച്ച് റിസ്ക് എടുക്കുന്നതാണെന്ന് വേണം കരുതാൻ.

അതീവ ഗുരുതരാവസ്ഥയിലുള്ളവർ (Very High Risk)
ഇവർ വ്രതം എടുക്കാനേ പാടില്ല. ഗർഭാവസ്ഥയിലുള്ളവർ, മൂന്നു മാസത്തിനിടയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം വളരെ കുറഞ്ഞുപോയിട്ടുള്ളവർ, കൂടിപോയിട്ടുള്ളവർ, ഡയാലിസിസിന് വിധേയരാവുന്നവർ, പ്രമേഹം കണ്ണിനെ ബാധിച്ചവർ, ഹൃദയാഘാതം വന്നവർ, പ്രമേഹംമൂലമുള്ള വൃക്കരോഗമുള്ളവർ, പ്രായം കൂടിയ പ്രമേഹരോഗികൾ, പ്രമേഹം നാഡികളെ ബാധിച്ചതിനാൽ രക്തത്തിലെ പഞ്ചസാര കുറയുന്നത് തിരിച്ചറിയാൻ കഴിയാത്തവർ (Hypoglycaemia Unawareness) , ടൈപ്പ് 1 പ്രമേഹരോഗികൾ,ഓർമക്കുറവുള്ളവർ എന്നിവർ വ്രതം എടുക്കാനെ പാടില്ല.

വ്രതാനുഷ്ഠാനം തുടങ്ങും മുൻപ്
വ്രതാനുഷ്ഠാനം തുടങ്ങുംമുൻപു തന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്നുകളിൽ വേണ്ട വ്യതിയാനങ്ങൾ വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. അത് മൂലം രോഗത്തിന്റെ ഒരു ഭീകരമായ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും. ഉദാഹരണത്തിന് മൂന്നുനേരം മരുന്നു കഴിക്കുന്നവർ അതു രണ്ടു നേരമായി ക്രമീകരിച്ചാൽ അത് ആരോഗ്യത്തെ കാര്യമായി ബാധിക്കുകയില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്ന മരുന്നുകൾ വൈകിട്ടു നോമ്പു തുറക്കുന്ന സമയത്തു കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുക.

അതുപോലെ ഇൻസുലിൻ എടുക്കുന്ന രോഗികളാണെങ്കിൽ ദിവസത്തിൽ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിച്ച് അതിനനുസൃതമായി മാത്രം ഇൻസുലിൻ എടുക്കാൻ ശ്രദ്ധിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെയധികം കുറയ്ക്കാത്തതരം ഇൻസുലിനിലേക്ക് ഈ സമയത്തു മാറുന്നതിനെ കുറിച്ച് ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവു വളരെയധികം കുറയ്ക്കാത്ത പല മരുന്നുകളും വിപണിയിൽ ലഭ്യമായതിനാൽ അത് ഉപയോഗിക്കുന്നതും ഹൈപോഗ്ലൈസീമിയ തടയാൻ വളരെ അധികം സഹായിക്കും. എന്നാൽ എപ്പോളും ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.

ഭക്ഷണത്തിൽ ശ്രദ്ധവേണം
പകൽ മുഴുവൻ ഭക്ഷണംകഴിക്കാതെ ഇരിക്കുന്നതിനാൽ നല്ല വിശപ്പ് തോന്നുമെങ്കിലും രാത്രി അതിന് കൂടെ കണക്കാക്കി വളരെ കൂടുതൽ ഭക്ഷണം കഴിക്കുന്ന രീതി ഒട്ടും നല്ലതല്ല. വ്രതാനുഷ്ഠാനസമയത്തും പഞ്ചസാര പൂർണമായും ഒഴിവാക്കിയും, കൊഴുപ്പുകൂടിയ ഭക്ഷണപദാർഥങ്ങളും കഴിവതും ഒഴിവാക്കിയുമുള്ള ഭക്ഷണക്രമീകരണം പാലിച്ചേ മതിയാവൂ. ഭക്ഷണം ചെറിയ അളവിൽ ഒന്നു രണ്ടു തവണയായി കഴിക്കാൻ ശ്രമിക്കണം. രാവിലെ വ്രതാനുഷ്ഠാനം തുടങ്ങുംമുൻപ് നിർബന്ധമായും അത്താഴം കഴിക്കണം. അത് കഴിയുന്നത്ര താമസിച്ചു കഴിക്കുന്നതാണു നല്ലത്. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പഴവർഗങ്ങളും മിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അത്താഴത്തിനായി ഉറക്കം ഒഴിക്കുന്ന പ്രവണത നല്ലതല്ല!!

രോഗലക്ഷണം അവഗണിക്കരുത്
ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റെ ലക്ഷണങ്ങളായ ക്ഷീണം, കൈകാൽ കുഴയുന്നത് പോലെ അനുഭവപ്പെടുക, ശരീരം വിയർക്കൽ, ശരീരം വിറയൽ, അമിത വിശപ്പ്, ഹൃദയമിടിപ്പ് കൂടുക, തലവേദന, തലകറക്കം എന്നിവയിൽ എന്തെങ്കിലും അനുഭവപ്പെട്ടാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കണം. റംസാൻ സമയത്ത് ഒരു കാരണവശാലും പ്രമേഹരോഗി ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ മരുന്നു നിർത്തരുത്. അവ മറ്റു സങ്കീർണതകൾക്ക് കാരണമായേക്കാം. നോമ്പുകാലത്ത് കടുത്ത ശാരീരിക അധ്വാനമുള്ള വ്യായാമങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. നടത്തംപോലെ മിതമായ വ്യായാമം തുടരാം. ഓരോ പ്രമേഹരോഗിയുടെയും രോഗാവസ്ഥകൾ വ്യത്യസ്തമാണെന്നതിനാൽ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ പ്രമേഹരോഗികൾ വ്രതാവുഷ്ഠാനത്തെക്കുറിച്ച് തീരുമാനം എടുക്കാവൂ. എല്ലാവർക്കും ആരോഗ്യപ്രദമായ രീതിയിൽ റംസാൻ വ്രതം അനുഷ്ഠിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News