Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:50 am

Menu

Published on March 15, 2018 at 3:27 pm

സിറിയൻ യുദ്ധം, കേട്ടതിലും വലിയ യാഥാർഥ്യങ്ങൾ !!

syria-war-what-brought-it-about

‘സിറിയ’ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഉണ്ടാക്കുന്നത് ഒരു യുദ്ധ ഭൂമിയുടെ ചിത്രമാണ്. ഇന്നും ഇന്നലെയുമായി നവ മാധ്യമങ്ങളിൽ നാം കാണുന്ന ഹാഷ് ടാഗുകൾക്കു അപ്പുറം ചോര തുപ്പുന്ന അമാനുഷികതയുടെ ചില യാഥാർഥ്യമാണ്. ചോരക്കറകളുണങ്ങാത്ത എട്ടു വര്‍ഷങ്ങള്‍…!! ചുറ്റും തകർന്നടിഞ്ഞ കെട്ടിടങ്ങളും ഉറ്റവരുടെ മൃതദേഹങ്ങളും…അന്തരീക്ഷത്തിലാകെ ബോംബ് പൊട്ടിയ പുകപടലവും, മനുഷ്യ മാംസം കരിഞ്ഞ ഗന്ധവും…ഇതിനെല്ലാത്തിനുപരി കാതടപ്പിക്കുന്ന ശബ്ദത്തിൽ ലക്ഷോഭലക്ഷം പേരുടെ കരച്ചിൽ…അതാണ് യഥാർത്ഥത്തിൽ ഇന്നത്തെ സിറിയ…



യഥാർത്ഥത്തിൽ സിറിയയിൽ നടക്കുന്നതെന്ത് ?
കഴിഞ്ഞ എട്ട് വർഷക്കാലമായി സിറിയ യുദ്ധഭൂമിയായിട്ട്…സിറിയൻ ജനത സമാധാനമെന്തെന്നറിഞ്ഞിട്ട്… മൂന്ന് വിഭാഗക്കാർ തമ്മിലാണ് സിറിയയിൽ പ്രശ്‌നം നടക്കുന്നത് സിറിയൻ പ്രസിഡന്റ് ബഷർ അൽ ആസാദിനെ അനുകൂലിക്കുന്നവർ, വിമതർ,ആസാദിനെ അനുകൂലിക്കാത്തവർ. ഇസ്ലാമിക് സ്റ്റേറ്റ് 2011 ൽ ആണ് സിറിയയിൽ ആദ്യമായി പ്രശ്‌നങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. ചുവരിൽ ഭരണകൂടവിരുദ്ധമായ പരാമർശങ്ങൾ എഴുതിയതിന് 15 സ്‌കൂൾ കുട്ടികളെ സർക്കാർ അറസ്റ്റ് ചെയ്തിരുന്നു. സംഭവം അറിഞ്ഞ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. അറസ്റ്റ് ചെയ്ത കുട്ടികളെ വിട്ടുനൽകണമെന്നും, രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.



പൊതുവെ സമാധാനപരമായിരുന്ന പ്രതിഷേധം എന്നാൽ വളരെ പെട്ടെന്നുതന്നെ ദിശമാറുകയായിരുന്നു. മാർച്ച് 18, 2011 ൽ പ്രതിഷേധത്തിൽ അമർഷം തോന്നിയ സിറിയൻ സർക്കാർ പ്രതിഷേധക്കാർക്കെതിരെ നിറയൊഴിക്കാൻ ഉത്തരവിടുകയായിരുന്നു. സംഭവത്തിൽ 4 പേരാണ് മരിച്ചത്. അതിന് തൊട്ടടുത്ത ദിവസം മരിച്ചവരുടെ സംസ്‌കാര ചടങ്ങിനെത്തിയവരുടെ നേർക്ക് വീണ്ടും പട്ടാളം നിറയൊഴിച്ചു. സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. ഇത് വലിയൊരു പ്രക്ഷോഭത്തിന് കാരണമായി. പ്രതിഷേധക്കാർക്കെതിരെ സർക്കാർ അനുകൂലികളും രംഗത്തിറങ്ങിയതോടെ സിറിയയിൽ ആഭ്യന്തര യുദ്ധമാണെന്നു റെഡ് ക്രോസ് പ്രഖ്യാപിച്ചു.



ഐസിസ് രംഗ പ്രവേശനം
2011 ൽ പ്രസിഡന്റ് ആസാദിനെതിരെയുള്ള പ്രക്ഷോഭത്തെ ഒരു ഒളിത്താവളമായാണ് ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്‌റ്റേറ്റ്) കണ്ടത്. പ്രക്ഷോഭക്കാരുടെയൊപ്പം ചേരുന്നത് വഴി അവർക്ക് വേണ്ട ആയുധങ്ങളും ലഭ്യമായി തുടങ്ങി. ഐഎസ് തങ്ങളുടെ ഭയാനകമായ ചുവടുകൾ നടത്താനൊരുങ്ങുകയായിരുന്നു. 2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് സിറിയയുടെ അയൽ രാജ്യമായ ഇറാഖ് പിടിച്ചെടുത്തു. ശേഷം കിഴക്കൻ സിറിയ ലക്ഷ്യമാക്കി നീങ്ങിയ ഐഎസ് അവിടവും പിടിച്ചെടുത്തു.



സിറിയൻ ജനത
യു എൻ കണക്കു പ്രകാരം ഏകദേശം 50 ലക്ഷത്തോളം ആളുകൾ അയല്രാജ്യങ്ങളിലേക്കു കുടിയേറിയപ്പോൾ ബാക്കി വരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു ജന വിഭാഗം തന്നെ ഇവിടെ ഭക്ഷണവും മരുന്നും ഇല്ലാതെ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടു ജീവിക്കേണ്ടി വരുന്നു.



രാസായുധ പ്രയോഗം
സിറിയൻ യുദ്ധത്തിന്റെ ഏറ്റവും ഭയാനകമായ ഒരു സംഭവം അവിടുത്തെ ജനങ്ങൾക്ക് നേരെ ഭരകൂടം രാസായുധം പ്രയോഗിക്കുന്നു എന്ന വാർത്ത. യുദ്ധത്തിൽ രാസായുധങ്ങൾ ഉപയോഗിക്കരുത് എന്നത് അന്താരാഷ്ട്ര നിയമമാണ്. എന്നാൽ 2013 ൽ സിറിയയിൽ രാസായുധങ്ങൾ പ്രയോഗിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. പക്ഷേ വിമതരും സർക്കാരും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല.



അടുത്തിടെ ബ്രിട്ടൻ സിറിയൻ ഭരണകൂടം രാസായുധം ഉപയോഗിച്ചതായി തെളിഞ്ഞാൽ നേരിട്ട് യുദ്ധത്തിന് മടിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന്റെ ഇരുണ്ട മേഘങ്ങൾ സിറിയൻ ആകാശത്തു പറന്നപ്പോൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളും വാർത്തകളിൽ നിറയുമ്പോൾ ലോക സംഘടനകൾ വെറും നോക്കുകുത്തി ആയി മാറുന്നു.



ഭക്ഷണത്തിനു പകരം ലൈംഗികത
സിറിയയിൽ നിന്നും മനുഷ്യത്വം മരിച്ചു കൊണ്ടിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. സിറിയയിൽ സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ നടക്കുന്ന ലൈംഗിക ചൂഷണത്തെ കുറിച്ചുളള വിവരങ്ങൾ തീർത്തും മനസ്സലിയിപ്പിക്കുന്നതാണ്. ‘വോയിസസ് ഫ്രം സിറിയ 2018’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉളളത്. എഴുവർഷമായിതുടരുന്ന ഇത്തരം പീഡനങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്. ഖ്വിനെയ്ത്ര, ദാര തുടങ്ങിയ സ്ഥലങ്ങളിൽ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഒരു ആശ്രയവുമില്ലാത്ത ഒരു നേരത്തെ ആഹാരം യാചിക്കുന്ന സ്ത്രീകളോടാണ് ഒരു കൂട്ടം ‘സന്നദ്ധ പ്രവർത്തകരുടെ’ കൊടും ക്രൂരത. ഐക്യരാഷ്ട്ര സംഘടന അയച്ചുകൊടുക്കുന്ന ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി കൈവശം വച്ചശേഷം ഇവർ സ്ത്രീകളെ ലൈംഗിക ബന്ധത്തിനു നിർബന്ധിക്കും. ഇതിനു വഴങ്ങുന്നവർക്കു മാത്രമേ ഭക്ഷണപ്പൊതികൾ വിട്ടുകൊടുക്കുകയുള്ളൂ.



ജീവൻ നിലനിർത്തുന്നതിനും ഭക്ഷണം ലഭിക്കുന്നതിനുമായി സ്ത്രീകളെയും പെൺകുട്ടികളെയും ഇത്തരം ഉദ്യോഗസ്ഥർക്കു വിവാഹം ചെയ്ത് കൊടുക്കാറുണ്ടെന്നും ‘വോയിസസ് ഫ്രം സിറിയ 2018’ എന്ന റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞുവെക്കുന്നു. ഭക്ഷണവും മറ്റും വീടുകളിൽ ഉദ്യോഗസ്ഥർ എത്തിച്ചു കൊടുക്കാറുണ്ട്. പകരം ഒരു രാത്രി തങ്ങൾക്കൊപ്പം കിടക്ക പങ്കിടാൻ ഇവർ സ്ത്രീകളെയും പെൺകുട്ടികളെയും നിർബന്ധിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പലപ്പോഴും മാനം കാക്കാനായി ഭക്ഷണപ്പൊതി ഒഴുവാക്കുകയാണ് പല സ്ത്രീകളും ചെയ്യാറ് എന്ന് സിറിയൻ സ്ത്രീകൾ തുറന്നു പറയുന്നുണ്ട്..
– ആഷിക്ക്

Loading...

Leave a Reply

Your email address will not be published.

More News