Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 6:44 pm

Menu

Published on February 17, 2018 at 5:44 pm

181 ജീവനുകളുടെ ബാക്കിപത്രം; ഇതൊരു മുന്നറിയിപ്പാണ്.. ഓരോരുത്തർക്കും..!!

road-accident-calicut-new-signs-on-road-death-spots

ഓഫീസിലെത്താന്‍ കൃത്യം അരമണിക്കൂര്‍ ബാക്കി നില്‍ക്കെയാണ് വീട്ടില്‍ നിന്നും ഇറങ്ങാറുള്ളത്. പലപ്പോഴും നേരത്തെ എത്താന്‍ ശ്രമിക്കാറുണ്ടെങ്കിലും എന്തോ പല കാരണങ്ങള്‍ കൊണ്ട് അതെല്ലാം മുടങ്ങിപ്പോകാറുണ്ട്. അന്നും പതിവുപോലെ വീട്ടില്‍ നിന്നുമിറങ്ങി ബൈക്കില്‍ തിരക്കിട്ട് ഓഫീസിലേക്ക് കത്തിച്ചുവിടുമ്പോഴാണ് മാവൂര്‍-കോഴിക്കോട് റോഡില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ചില അടയാളങ്ങള്‍ കണ്ടത്.

ആദ്യം ഒന്ന് കണ്ടു. കുറച്ചപ്പുറം എത്തിയപ്പോള്‍ ഒന്നുകൂടെ. ഓഫീസ് എത്തുന്നതിനിടെ നാലോ അഞ്ചോ എണ്ണം അതുപോലെ കണ്ടു. എന്തെങ്കിലും റോഡ് പണിയുമായി ബന്ധപ്പെട്ട ചിഹ്നമോ മറ്റോ ആയിരിക്കും എന്ന് സമാധാനിച്ചെങ്കിലും പിന്നീട് ഒരു സുഹൃത്ത് വഴി കാര്യങ്ങള്‍ അറിയുകയായിരുന്നു. അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടി. റോഡില്‍ അപകടത്തില്‍ ആളുകള്‍ കൊല്ലപ്പെട്ട സ്ഥലങ്ങളിലാണ് ഈ അടയാളം ഇട്ടിരിക്കുന്നത്.

ഞെട്ടല്‍ ഒന്നുകൂടെ കൂടിയത് തൊട്ടടുത്ത ദിവസം കുന്നമംഗലത്ത് നിന്ന് കൊഴിക്കോടേക്ക് വണ്ടിയെടുത്ത് പോയപ്പോഴായിരുന്നു. ഒരുപാട് സ്ഥലങ്ങളിലായി വീണ്ടും ആ അടയാളങ്ങള്‍ കണ്ടപ്പോള്‍ വണ്ടി അതിനു അടുത്തെത്തിയപ്പോള്‍ അറിയാതെ വേഗം കുറഞ്ഞു. എന്തിന്, അത്തരം ചിഹ്നങ്ങള്‍ എവിടെയൊക്കെയുണ്ടെന്ന് വരെ ഇപ്പോള്‍ എനിക്ക് കാണാപ്പാഠമാണ്.

കോഴിക്കോട് നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലെ റോഡുകളിലും മഞ്ഞയില്‍ രക്തക്കളറുള്ള അടയാളം കണ്ടാല്‍ ഇനി രണ്ടിലൊന്ന് ചിന്തിക്കേണ്ടതില്ല. അമിതവേഗതയും അശ്രദ്ധയും മനുഷ്യ ജിവനെടുത്ത സ്ഥലങ്ങളായിരിക്കും അതിലോരോന്നും എന്നെനിക്ക് അറിയാം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കോഴിക്കോട് നഗരപരിധിയില്‍ 181 ജീവനുകളാണ് റോഡപകടങ്ങളില്‍ പൊലിഞ്ഞത്. ഇനിയും രക്തം ചിന്താതിരിക്കാന്‍ കോഴിക്കോട് സിറ്റി ട്രാഫിക്ക് പൊലീസാണ് മഞ്ഞയില്‍ രക്തകളറുള്ള ഈ അടയാളങ്ങള്‍ റോഡില്‍ പതിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

എല്ലായ്‌പ്പോഴും പതുക്കെ വാഹനം ഓടിക്കുമെന്ന് ആരോടും വാഗ്ദാനമൊന്നും കൊടുക്കാന്‍ പറ്റില്ലെങ്കിലും ആ ചിഹ്നങ്ങള്‍ കാണുമ്പോഴെങ്കിലും ഉള്ളില്‍ ഒരു ഭയം വരുകയും വാഹനം താനേ വേഗത കുറയുകയും ചെയ്യുന്നു. അത് തന്നെയാണല്ലോ ഇത്തരം ഒരു ശ്രമത്തിലൂടെ അധികൃതര്‍ ഉദ്ദേശിക്കുന്നതും. അപകടങ്ങള്‍ പൂര്‍ണ്ണമായും കുറയുമെന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഇത്തരം മുന്നേറ്റങ്ങളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെയും അപകടങ്ങളുടെ തോത് ഗണ്യമായി കുറയുമെന്ന് പ്രത്യാശിക്കാം.

Loading...

Leave a Reply

Your email address will not be published.

More News