Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:00 pm

Menu

Published on May 21, 2018 at 11:21 am

നിപ്പാ വൈറസ്: രോഗ ലക്ഷണവും, സ്വീകരിക്കേണ്ട മുൻകരുതലുകളും

what-is-nipah-virus-know-the-symptoms-of-nipah-virus

കോഴിക്കോട്ടും മലപ്പുറത്തും മരണം വിതക്കുന്ന നിപാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ജാഗ്രതാ നിർദേശം നൽകി. ഒപ്പം സൂക്ഷിക്കേണ്ട മുൻകരുതലുകളും വിവിധ മെഡിക്കൽ സങ്കങ്ങൾ പുറത്തിറക്കി. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കെരുതെന്നും നിർദേശമുണ്ട്.

നിപ്പാ വൈറസ് ഉൽഭവവും മരണ നിരക്കും

1997 ന്റെ തുടക്കം, ആഗോള കാലാവസ്ഥാ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. ചെറിയ കാർഷിക നഷ്ടത്തിന് കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല.എന്നാൽ അധികം വൈകാതെ മലേഷ്യയിലെ വൻ പന്നി ഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി മരണത്തിന് കീഴടങ്ങി.എന്നാൽ സത്യത്തിൽ ഈ അവസ്ഥ ഏറെ ഭീഷണിയായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോഴാണ്. ഇരുന്നൂറിൽ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വർധിച്ചു.പ്രാരംഭ ഘട്ടത്തിൽ ജപ്പാൻജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികൾ ശരിയായ രീതിയിൽ സ്വീകരിക്കാൻ മലേഷ്യക്കായില്ല. ജപ്പാൻ ജ്വരത്തിന് കാരണമായ ക്യൂലക്സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികൾ ആയിരുന്നു ആദ്യം അവർ കൈക്കൊണ്ടത്. എന്നാൽ ഈ ചെറിയ സമയം കൊണ്ട് തന്നെ ‘നിപ്പാ വൈറസ്’ ബാധ ഒരു കൊടുങ്കാറ്റു പോലെ പടർന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിച്ചതോടെയാണ് അസുഖകാരിയായ ‘ നിപ്പ’ എന്ന വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.Henipavirus genusസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്.

മലേഷ്യയിലെ Kampung Baru Sungai Nipah എന്ന സ്ഥലത്ത് നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്; നിപ്പാ വൈറസ്. Paramyxoviridae പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് ഇവൻ. RNA virus ആണ്.ഈ വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിൻറെ കേന്ദ്രമായി പ്രവർത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാർഗം. മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂർണ്ണമായ തകർച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങൾ. 2001 മുതലുള്ള കണക്കാണിത്. പലപ്പോഴും മരണസംഖ്യ റിപ്പോർട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളിൽ പോയിട്ടുണ്ട്.

നിപ്പാ വൈറസ് ബാധ പകരുന്ന സാഹചര്യങ്ങൾ

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം.അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

 

 

നിപ്പാ വൈറസ് ലക്ഷണങ്ങൾ

∙ പനി, തലവേദന, ഛർദി, തലകറക്കം, ബോധക്ഷയം

∙ ചിലർ അപസ്മാര ലക്ഷണങ്ങൾ കാണിക്കും

∙ ലക്ഷണങ്ങൾ 10–12 ദിവസം നീണ്ടുനിൽക്കും

∙ തുടർന്ന് അബോധാവസ്ഥ

∙ മൂർധന്യാവസ്ഥയിൽ രോഗം മസ്തിഷ്കജ്വരത്തിലേക്കു നീളും, മരണം സംഭവിക്കാം

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

നിപ്പാ വൈറസ് ബാധ തടയാൻ എടുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ

∙ പക്ഷിമൃഗാദികൾ കടിച്ച പഴങ്ങൾ കഴിക്കരുത്

∙ രോഗിയുമായി സമ്പർക്കം ഉണ്ടായാൽ കൈകൾ വൃത്തിയായി കഴുകണം

∙ രോഗിയെ പരിചരിക്കുമ്പോൾ മാസ്കും കയ്യുറയും ധരിക്കണം

∙ വവ്വാലുകൾ അധികമുള്ളയിടത്തുനിന്നു ശേഖരിക്കുന്ന കള്ളു പോലുള്ള പാനീയങ്ങൾ കുടിക്കരുത്.

 

ഇതേ സമയം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു

ഫോൺ നമ്പർ ( കോഴിക്കോട് ) : 0495 2376063

Loading...

Leave a Reply

Your email address will not be published.

More News