Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിഷുവാന്‍: പിഞ്ചുമകള്‍ ജീവനോടെയിരിക്കുമ്പോള്‍ അവള്‍ക്ക് വേണ്ടി ‘ശവക്കുഴി’ തയ്യാറാക്കിയിരിക്കുകയാണ് ഒരു പിതാവ്. അതീവ ഗുരുതര രോഗ ബാധിതയായ മകളെ ചികിത്സിച്ച് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ അച്ഛനെ ഇത്തരമൊരു പ്രവൃത്തിയിലേക്കെത്തിച്ചത്.

മകള്‍ക്കൊപ്പം ഈ അച്ഛനും അധികവും സമയം ചെലവഴിക്കുന്നതും ഈ ശവക്കുഴിയിലാണ്. ചൈനയിലെ സിഷുവാന്‍ പ്രവിശ്യയിലാണ് സംഭവം. ഴാങ് ലിയോങ് എന്ന യുവാവാണ് ഗുരുതരമായ രോഗം ബാധിച്ച മകള്‍ സിന്‍ലേയിക്ക് വേണ്ടി ശവക്കുഴി തയ്യാറാക്കിയത്. അപൂര്‍വമായി കണ്ടുവരുന്ന ബ്ലഡ് ഡിസോഡറാണ് കുട്ടിക്ക്. നിരവധി ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും മകളുടെ ജീവന്‍ രക്ഷിക്കാന്‍ യാതൊരു വഴിയുമില്ലെന്നാണ് ഴാങ് പറയുന്നത്. ഇനി ചികിത്സിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഴാങ് നിറകണ്ണുകളോടെ പറയുന്നു.
ചങ്കു പറിയുന്ന വേദനയിലും സ്വന്തം മകള്‍ക്കായി കുഴിമാടം വെട്ടിയൊരുക്കി ദിവസേന അവിടെ അല്‍പനേരം അവള്‍ക്കൊപ്പം ചെലവിടുകയാണ് ഈ അച്ഛന്‍. തന്റെ പുരയിടത്തില്‍ ഒരുക്കിയ കുഴിമാടത്തിനുള്ളില്‍ മകള്‍ക്കൊപ്പം കിടക്കുന്ന അച്ഛന്റെ ചിത്രം ഏതൊരുവന്റെയും ഹൃദയം തകര്‍ക്കാന്‍ പോന്നതാണ്.

കുഴിമാടത്തില്‍ കിടന്ന് ആ അച്ഛന്റെ താരാട്ടു പാട്ട് കേട്ടാണ് മകള്‍ ഉറങ്ങുന്നത്. ലോല മനസുള്ള ആര്‍ക്കും ആ കാഴ്ച കണ്ടു നില്‍ക്കാനാവില്ല. അത്രക്ക് ഹൃദയഭേദകമാണ് ആ രംഗങ്ങള്‍. അന്ത്യവിശ്രമം കൊള്ളേണ്ട സ്ഥലവുമായി കുട്ടിയെ പൊരുത്തപ്പെടുത്താനാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ആ അച്ഛന്‍ ഈറനണിയുന്ന കണ്ണുകളോടെ വിശദീകരിക്കുന്നു. മരണസമയത്ത് അവള്‍ക്കു ഭയം തോന്നരുതെന്നും അതിന് ഈ ദിനചര്യ അവളുടെ മനസിനെ സജ്ജമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിന്‍ലേയി ജനിച്ചു രണ്ടു മാസത്തിനുള്ളിലാണ് അതിഗുരുതരമായ തലസീമിയ എന്ന രക്തസംബന്ധമായ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ഒരു ലക്ഷം യുവാനിലേറെ തുക സിന്‍ലേയിയുടെ ചികിത്സക്ക് മാത്രമായി കുടുംബം ചെലവാക്കിക്കഴിഞ്ഞു. ഇപ്പോള്‍ അവള്‍ക്ക് രണ്ടു വയസായി. എന്നാല്‍ ഇപ്പോള്‍ ഴാങിന് കുഞ്ഞിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിയുന്നില്ല. പലരില്‍ നിന്നും പണം കടം വാങ്ങിയാണ് ചികിത്സാച്ചെലവ് കഴിച്ചിരുന്നത്. അതൊന്നും തിരിച്ചു കൊടുക്കാനായിട്ടില്ല, അതിനാല്‍ ഇപ്പോള്‍ പലരും പണം നല്‍കുന്നില്ലെന്നും ഷാങ് വ്യക്തമാക്കി.
ഇതിനിടെ സിന്‍ലേയിയെ രക്ഷിക്കാന്‍ പൊക്കിള്‍ക്കൊടിയിലെ രക്തത്തിന് സാധിക്കുമെന്ന് അറിഞ്ഞതിനാല്‍ രണ്ടാമത് ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍ ഴാങും ഭാര്യയും തീരുമാനിച്ചിരുന്നു. എന്നാല്‍ അത്തരം ചികിത്സക്കും ലക്ഷക്കണക്കിനു യുവാനോളം ആവശ്യമായി വരും എന്നറിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നിരിക്കുകയാണ് ഈ കുടുംബം.
പണം കണ്ടെത്താന്‍ യാതൊരു വഴിയുമില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ഴാങ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. തങ്ങളുടെ പൊന്നോമനക്കായി ഭയവും വേദനയുമില്ലാത്ത മരണം ഒരുക്കാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയുള്ളൂ എന്നും അതിനായി തങ്ങള്‍ക്ക് ഇതു മാത്രമേ ചെയ്യാനാകൂ എന്നും ആ മാതാപിതാക്കള്‍ നിറമിഴിയോടെ പറയുന്നു.
Leave a Reply