Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 2:15 pm

Menu

Published on May 10, 2017 at 4:21 pm

ഒരു ഷര്‍ട്ട് പോലും വാങ്ങാതെ മക്കള്‍ക്കായി ജീവിച്ചു; സോഷ്യല്‍ മീഡിയയില്‍ താരമായി ഒരു അച്ഛന്‍

he-hide-his-job-from-his-daughters-but-educated-them-story-is-viral

സ്വന്തം മക്കളില്‍ നിന്ന് പോലും തന്റെ തൊഴിലിനെ മറച്ചുവെച്ചാണ് അയാള്‍ ഇത്രയും കാലം ജീവിച്ചത്. കാരണം ശൗചാലയങ്ങളും മറ്റും വൃത്തിയാക്കുന്നതായിരുന്നു അയാളുടെ ജോലി. തന്റെ ജോലി മക്കള്‍ക്ക് അപമാനകരമാകുമെന്ന് ഭയന്ന് ഈ അച്ഛന്‍ ദിവസവേതനത്തിന് ജോലി ചെയ്യുന്നു എന്നാണ് എല്ലാവരോടും പറഞ്ഞിരുന്നത്.

എന്നാല്‍ ഇന്ന് ഇദ്രിസ് എന്ന ഈ അച്ഛനെ എല്ലാവര്‍ക്കും അറിയാം. ജി.എം.ബി ആകാശ് എന്ന പ്രശസ്ത ഫോട്ടോജേണലിസ്റ്റാണ് ഇദ്രിസിനെ സോഷ്യല്‍ മീഡിയക്ക് പരിചയപ്പെടുത്തിയത്. മെയ് ആറിന് അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതിനകം മൂന്ന് ലക്ഷത്തിലധികം പേര്‍ ലൈക് ചെയ്തു. ഒരു ലക്ഷത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.

ഇദ്രിസ് എന്ന അച്ഛന്റെ കഥ ഇങ്ങനെ. എന്റെ മക്കളോടൊരിക്കല്‍ പോലും ഞാനെന്റെ ജോലിയെപ്പറ്റി പറഞ്ഞിട്ടില്ല, ഞാന്‍ കാരണം ആരുടെയും മുന്നില്‍ അവര്‍ നാണം കെടുന്നത് എനിക്ക് താങ്ങാന്‍ കഴിയുന്നതല്ല. എന്റെ തൊഴിലെന്തെന്ന് എന്റെ ഇളയ മകള്‍ ചോദിക്കുമ്പോഴെല്ലാം ഞാന്‍ മടിയോടെ അവളോട് പറയും- ഒരു തൂപ്പുകാരനാണ് മോളെ ഞാനെന്ന്.

പലപ്പോഴും പൊതു കുളിമുറിയില്‍ കുളിച്ച് ശരീരം വൃത്തിയാക്കിയ ശേഷമേ ഞാനെന്റെ മക്കളുടെ മുന്നിലേക്ക് പോകാറുള്ളൂ. ഞാനിന്ന് ചെയ്ത ജോലിയുടെ ഒരു സൂചന പോലും എന്റെ ദേഹത്ത് നിന്ന് അവര്‍ക്ക് ലഭിക്കരുതെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു.

ഈ ഇല്ലായ്മകള്‍ക്കിടയിലും ആ അച്ഛന്‍ തന്റെ മൂന്ന് മക്കളേയും പഠിപ്പിച്ചു, കഷ്ടപ്പെട്ടു തന്നെ. തന്റെ മക്കള്‍ ആത്മാഭിമാനത്തോടെ പൊതുമധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണാന്‍ അയാള്‍ അതിയായി ആഗ്രഹിച്ചിരുന്നു.

ഞാനെന്റെ മക്കളെ സ്‌കൂളിലയച്ചു, അവരെ പഠിപ്പിച്ചു, എന്നെ ആളുകള്‍ അവഹേളിച്ചു കൊണ്ടേയിരുന്നു. അപ്പോഴും മിച്ചം വരുന്ന ഓരോ അണപൈസയും ഞാനവരുടെ വിദ്യാഭ്യാസത്തിനായി നീക്കി വെച്ചു. പുതിയ ഒരു ഷര്‍ട്ട് ഇടാന്‍ പോലും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അതിനുള്ള തുക കൂടി മാറ്റിവെച്ചാണ് ഞാനവര്‍ക്ക് പുസ്തകങ്ങള്‍ വാങ്ങിക്കൊടുത്തിരുന്നത്.

ബഹുമാനം, അവഹേളനങ്ങളില്ലാത്ത ജീവിതം, അത് മാത്രമായിരുന്നു അവരിലൂടെ ഞാന്‍ നേടിയെടുക്കാന്‍ ശ്രമിച്ചത്. എന്റെ മകളുടെ കോളേജ് അഡ്മിഷന്റെ ദിവസം വരെ ഞാനൊരു ശുചീകരണ തൊഴിലാളിയായിരുന്നു. അ്ഡ്മിഷനു വേണ്ട പണം സ്വരൂപിക്കാന്‍ എനിക്ക് സാധിച്ചില്ല, എന്റെ കണ്ണീരടക്കി ജോലി ചെയ്യാന്‍ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല.

പാവപ്പെട്ടവന് പാവപ്പെട്ടവനായിരിക്കാന്‍ മാത്രമേ കഴിയൂഎന്ന് ഞാന്‍ കരുതി. പക്ഷേ അന്ന് വൈകീട്ട് എന്റെ സഹപ്രവര്‍ത്തകര്‍ അന്നത്തെ അവരുടെ കൂലി എനിക്ക് നേരെ നീട്ടി, നമ്മുടെ മകള്‍ക്ക് കോളേജില്‍ പോകാനായി ഞങ്ങള്‍ എല്ലാവരും ഇന്ന് പട്ടിണികിടക്കും ഇന്നീ പണം നിനക്കള്ളതാണ്. അവരെന്നോട് പറഞ്ഞു.

അന്ന് ശരീരം വൃത്തിയാതകാതെയാണ് വീട്ടിലേക്ക് ഞാന്‍ പോയത്. എന്റെ മകള്‍ താമസിയാതെ പഠനം പൂര്‍ത്തീകരിച്ചിറങ്ങും. മക്കള്‍ മൂന്ന് പേരും എന്നെ കൂലിപ്പണിക്ക് വിടാറില്ല ഇപ്പോള്‍. പഠനത്തിനിടയില്‍ ജോലി ചെയ്തും ട്യൂഷനെടുത്തും അവളാണ് കുടുംബം പുലര്‍ത്തുന്നത്.

പക്ഷെ ഇടയ്ക്കിടയ്ക്ക് അവളെന്നെ പഴയ പണിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് പോകും. അവര്‍ക്കെല്ലാവര്‍ക്കും ഭക്ഷണം കൊടുക്കും. പൊട്ടിച്ചിരിച്ച് അവര്‍ ചോദിക്കും എന്തിനാണ് ഭക്ഷണവുമായി നീ ഞങ്ങള്‍ക്കരികിലേക്ക് എത്തുന്നതെന്ന്. അപ്പോള്‍ അവള്‍ പറഞ്ഞതിതാണ്.

‘എനിക്ക് വേണ്ടി നിങ്ങളെല്ലാവരും അന്ന് പട്ടിണി കിടന്നു, അങ്ങിനെയാണ് ഞാന്‍ ഞാനാഗ്രഹിക്കുന്ന ഞാനായിത്തീര്‍ന്നത്. എല്ലാകാലത്തും നിങ്ങള്‍ക്കിതുപോലെ ഊണുമായി എത്താന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുകയാണ്’.

ഈ വാക്കുകള്‍ കേട്ട നാള്‍ മുതല്‍ ഇദ്രിസ് പറയും, ഇനി ഞാന്‍ ദരിദ്രനല്ല, ഇനിയൊരിക്കലും അങ്ങനെ തോന്നുകയുമില്ല. ഇതു പോലുള്ള മക്കളുള്ള ഏതച്ഛനാണ് ദരിദ്രനായിരിക്കാന്‍ കഴിയുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News