Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകമെമ്പാടുമുള്ള മലയാളികള്‍ മതിമറക്കുന്ന ഒരു ഉത്സവമാണ് ഓണം. ഓണത്തിനെ ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തി ധാരാളം കഥകളുണ്ട്. സിദ്ധാര്‍ത്ഥ രാജകുമാരന്‍ ബോധോദയത്തിന് ശേഷം ശ്രാവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന് ബുദ്ധമതാനുയായികള്‍ വിശ്വസിക്കുന്നു.
ബുദ്ധമതത്തിന് ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ പ്രവേശനമാണ് ഓണമായി ആഘോഷിക്കുന്നതത്രെ. ശ്രാവണം ലോപിച്ച് ഓണം ആയതെന്നും പറയപ്പെടുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം.
ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാന്‍ ബുദ്ധന്‍ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവര്‍ക്ക് മഞ്ഞവസ്ത്രം നല്‍കിയതിനെയാണ് ഓണക്കോടിയായി നല്‍കുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്.
ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധര്‍മ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമത വിശ്വാസിയായിരുന്ന കേരള ചക്രവര്‍ത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപം കൊണ്ട് പുറത്താക്കി ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓര്‍മ്മയാണ് ഓണം. കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം തുടങ്ങിയ വാദങ്ങള്‍ നിലനില്‍ക്കുന്നു.
തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാന്‍ പെരുമാളിനെ ചതിയില്‍ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാല്‍ അദ്ദേഹത്തെ അത്യന്തം സ്‌നേഹിച്ചിരുന്ന ജനങ്ങളുടെ എതിര്‍പ്പിനെ തണുപ്പിക്കാന്‍ എല്ലാ വര്‍ഷവും തിരുവിഴാ നാളില്‍ മാത്രം നാട്ടില്‍ പ്രവേശിക്കാനുമുള്ള അനുമതി നല്‍കപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കായി നല്‍കി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.
ആ ഓര്‍മ്മക്കായിരിക്കണം തൃക്കാക്കരയപ്പന്‍ എന്ന പേരില്‍ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയില്‍ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബൗദ്ധസംസ്‌ക്കാരം വളര്‍ച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയില്‍ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. ‘മധുരൈ കാഞ്ചി’ എന്ന കൃതിയില്‍ ഓണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
Leave a Reply