Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 5:27 am

Menu

Published on April 12, 2017 at 3:41 pm

വിഷുക്കണിയൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

how-to-arrange-vishukanni

വിഷുവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിഷുക്കണി. വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല കുടുംബത്തിലെ ഏറ്റവും മുതിർന്ന സ്ത്രീകൾക്കാണ്‌. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. കുടുംബാംഗങ്ങളോരോരുത്തരെയും പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കണിക്കുമുന്നിലുള്ള പായിലിരുന്ന് തൊഴുകൈയോടെ കണ്ണുതുറന്ന് സമൃദ്ധിയുടെ കണി മതിയാവോളം കാണുമ്പോള്‍ വിഷുക്കണി പൂര്‍ണ്ണമാകും. ചില സ്ഥലങ്ങളില്‍ അയല്‍ വീടുകളിലുള്ളവരെയും വീട്ടിലെ കണിയെടുത്ത് കാണിക്കുന്ന ചടങ്ങ് ഉണ്ട്.



ഏറ്റവും ഐശ്വര്യദായകമായി കരുതപ്പെടുന്നത് ക്ഷേത്രങ്ങളില്‍ ഒരുക്കുന്ന വിഷുക്കണിയാണ്. ഗുരുവായൂര്‍ ക്ഷേത്രം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം എന്നിവടങ്ങളിലെ കണി പ്രസിദ്ധമാണ്. തേച്ചു വൃത്തിയാക്കിയ നിലവിളക്ക് വേണം വിഷുക്കണിക്ക് കത്തിക്കേണ്ടത്. ഓട്ടുരുളിയിലാണ് കണിയൊരുക്കുക.ആദ്യം തന്നെ നെല്ലും,ഉണക്കലരിയും ചേർത്തു ഉരുളി പകുതിയോളം നിറയ്ക്കുക. ഇതിൽ ഒരു നാളികേരത്തിൻറെ മുറി വെയ്ക്കുക. ചിലയിടത്ത് ഇതിൽ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവും ഉണ്ട്.



അതിനു ശേഷം കണിവെള്ളരി,ചക്ക, മാങ്ങ, കദളിപ്പഴം,കോടി മുണ്ട്‌,പൊന്ന്,പഴുത്ത അടയ്ക്ക,വെറ്റില,കണ്മഷി,സിന്ദൂരം എന്നിവയാണ് വെയ്ക്കുക. ഇനി വാൽക്കണ്ണാടിവയ്‌ക്കാം. ചന്ദനത്തിരി കത്തിച്ചതും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും ഇതിനടുത്ത് തന്നെ വേണം. ഭഗവതിയുടെ സ്ഥാനമാണ് വാൽക്കണ്ണാടിക്ക്. ഇതിനടുത്ത് തന്നെയാണ് കൃഷ്ണവിഗ്രഹം വെക്കേണ്ടത്. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. വിഗ്രഹത്തിൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും പതിക്കാൻ പാടില്ല. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌.



ഉരുളിയിൽ ചക്ക വെയ്ക്കുന്നത് ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നും മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയപ്പെട്ടതാണെന്നാണ് വിശ്വാസം. കണിക്കൊപ്പം സ്വന്തം മുഖവും കണി കണ്ടുണരാൻ വേണ്ടിയാണ് ഉരുളിയിൽ വാൽക്കണ്ണാടി വെയ്ക്കുന്നത്. ചില സ്ഥലങ്ങളിൽ പച്ചക്കറി വിത്തുകൾ കണിക്ക് വെക്കാറുണ്ട്. കണികണ്ടശേഷം ഈ വിത്തുകൾ വിതയ്‌ക്കുന്ന പതിവും ചിലയിടങ്ങളിൽ ഉണ്ട്.

Loading...

Leave a Reply

Your email address will not be published.

More News