Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാചകവും അടുക്കള ജോലികളും ചില പൊടിക്കൈകളും സൂത്രപ്പണികളും ചേര്‍ന്നതാണ്. നന്നായി പാചകം ചെയ്യുക എന്നാല്‍ ഇത്തരം സൂത്രപ്പണികള്‍ അറിഞ്ഞിരിക്കുക എന്നും അര്‍ത്ഥമുണ്ട്.
പാചകത്തിന്റെ കൃത്യമായ രീതികള്‍ അറിഞ്ഞ് ചെയ്യുന്ന പാചകത്തില്‍ ഇത്തരം ചില നുറുങ്ങ് വിദ്യകള്‍ പതിവാണ്. മുട്ട നമ്മളെല്ലാം പുഴുങ്ങാറുണ്ട്. ചിലര്‍ മുട്ട പുഴുങ്ങുമ്പോള്‍ പൊട്ടിപ്പോകാറുണ്ട്. ഇത്തരത്തില്‍ മുട്ട പുഴുങ്ങാനും സൂക്ഷിച്ചു വയ്ക്കാനും ചില പൊടിക്കൈകളുണ്ട്.
മുട്ട പുഴുങ്ങുന്ന വെള്ളം ഇളം ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ ഉപ്പ് കൂടി ചേര്‍ത്താല്‍ മുട്ട പൊട്ടാതെ പുഴുങ്ങിക്കിട്ടും. തീ കുറച്ച ശേഷം വേണം മുട്ട വെള്ളത്തിലേക്കിടാന്‍. മുട്ട നേരിട്ട് വെള്ളത്തിലേക്കിടാതെ സ്പൂണോ മറ്റോ ഉപയോഗിച്ച് പതുക്കെ വെള്ളത്തിലേക്കിടുക. കുറഞ്ഞ തീയില്‍ തന്നെ നാലോ അഞ്ചോ മിനിറ്റ് മുട്ട വേകാന്‍ അനുവദിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്കിട്ടാല്‍ മുട്ട പൊട്ടിപ്പോകാനുള്ള സാധ്യത കൂടുതലാണ്. നാലഞ്ചു മിനിറ്റിനു ശേഷം തീ കൂട്ടാം. ഇനി വെള്ളം തിളച്ചാലും കുഴപ്പമില്ല.
മുട്ട പുഴുങ്ങാനുള്ള വെള്ളത്തിലേക്ക് ഉപ്പിനു പകരം അല്‍പം വിനാഗിരി ഒഴിച്ച ശേഷം മേല്‍ പറഞ്ഞതുപോലെ പുഴുങ്ങിയാലും മുട്ട പൊട്ടാതെ കിട്ടും.
കുക്കറിലും ഇത്തരത്തില്‍ മുട്ട പുഴുങ്ങാം. രണ്ട് വിസിലാണ് കുക്കറില്‍ മുട്ട പുഴുങ്ങിക്കിട്ടാനുള്ള സമയം.
ഫ്രിഡ്ജില്‍ വച്ച മുട്ടയാണ് പുഴുങ്ങാന്‍ എടുക്കുന്നതെങ്കില്‍ പുഴുങ്ങുന്നതിന് പത്ത് മിനിറ്റ് മുമ്പ് മുട്ടയെടുത്ത് പുറത്തു വച്ച് അതിന്റെ തണുപ്പ് പോയ ശേഷമേ പുഴുങ്ങാവൂ. ഇല്ലെങ്കില്‍ മുട്ട പെട്ടെന്ന് പൊട്ടിപ്പോകും.
ഫ്രിഡ്ജില്‍ നിന്നെടുത്ത മുട്ട പുഴുങ്ങുന്ന വെള്ളത്തില്‍ അല്‍പം എണ്ണ കൂടി ചേര്‍ത്താല്‍ മുട്ടയുടെ തോട് പൊട്ടുന്നത് ഒഴിവാക്കാം.
ഫ്രിഡ്ജില്‍ നിന്നെടുക്കുന്ന മുട്ട കുറച്ചു നേരം സാധാരണവെള്ളത്തില്‍ മുക്കിവച്ചാല്‍ തണുപ്പ് വേഗം മാറിക്കിട്ടും.
തണുത്ത ശേഷം വേണം പുഴുങ്ങിയ മുട്ട പൊളിച്ചെടുക്കാന്‍. ഇല്ലെങ്കില്‍ മുട്ടയുടെ തോടില്‍ ഒട്ടിപ്പിടിക്കും. ചൂടുവെള്ളത്തില്‍ നിന്നും എടുക്കുന്ന മുട്ട കുറച്ചു നേരം തണുത്ത വെള്ളത്തിലിട്ട് വയ്ക്കുക. അതിനുശേഷം പൊളിച്ചെടുക്കാം.
പുഴുങ്ങിയ മുട്ട കത്തി ഉപയോഗിച്ച മുറിക്കുന്നതിനേക്കാള്‍ നല്ലത് നൂല്‍ ഉപയോഗിച്ച് മുറിക്കുന്നതാണ്. ഇങ്ങനെ ചെയ്താല്‍ മുട്ട പൊടിയാതെ കിട്ടും.
മുട്ട ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുമ്പ് നന്നായി കഴുകി തുടച്ച ശേഷം വയ്ക്കുക. മുട്ടത്തോടിന് പുറത്തുള്ള അഴുക്കും അതിലെ ബാക്ടീരിയയും ഫ്രിഡ്ജിലെ മറ്റ് സാധനങ്ങളിലേക്കും പടരാതിരിക്കാനാണിത്.
Leave a Reply