Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : ബാങ്ക് ജീവനക്കാരിയായ അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പൂനെയിൽ നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥയായ സ്വാതി ചിറ്റാൽക്കർ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലിട്ട പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓഫിസിൽ തറയിൽ കിടക്കുന്ന മകനരികെയിരുന്ന് ജോലി ചെയ്യുന്ന തന്‍റെ ചിത്രത്തിനൊപ്പമാണ് സ്വാതി പോസ്റ്റിട്ടിരിക്കുന്നത്.
ജോലി ചെയ്യുന്ന അമ്മമാർ നേരിട്ടു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് സ്വാതിയുടെ പോസ്റ്റ്. പാര്‍ലമെന്റില്‍ ഉറങ്ങാറുള്ള രാഷ്ട്രീയ നേതാക്കള്‍ക്കായി ഒരു സന്ദേശവും പോസ്റ്റിലെ വരികളില്‍ ഉണ്ടായിരുന്നു.
പനി പിടിച്ചു കിടക്കുകയായിരുന്നു സ്വാതിയുടെ മകൻ.അമ്മയ്ക്കൊപ്പം മാത്രമേ നില്‍ക്കൂ എന്നു വാശി പിടിച്ചിരുന്ന മകനെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാൻ സ്വാതിക്കു കഴിയുമായിരുന്നില്ല. അവകാശപ്പെട്ട അവധികൾ കഴിഞ്ഞതിനാൽ തുടർന്ന് അവധിയെടുക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് മൂന്നുവയസുകാരനായ മകനെയും കൂട്ടി സ്വാതി ഓഫീസിലേക്കെത്തിയത്. ഓഫീസിൽ തൻറെ സീറ്റിനു പിന്നിലായി നിലത്തു തലയിണ വച്ച്, കയ്യിൽ പാൽ കുപ്പിയുമായി മകനെ കിടത്തി സ്വാതി ജോലി തുടർന്നത്.
സ്വാതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ….
“തറയില്‍ കിടക്കുന്നത് ഒരു കുരുന്നല്ല, എന്റെ ഹൃദയമാണ്. അവന് തുള്ള പനിയാണ്. അതിനാല്‍ ആരുടെ അടുത്തേക്കും പോകാന്‍ സമ്മതിക്കുന്നില്ല. പകുതി ദിനം കഴിഞ്ഞു. അടിയന്തരമായി ലോണ്‍ റിലീസ് ചെയ്യാനുള്ളതിനാല്‍ എനിക്ക് ലീവ് എടുക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷെ ഒരേസമയം രണ്ട് ഡ്യൂട്ടിയും എനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും. സഭയില്‍ ഉറങ്ങുന്ന മന്ത്രിമാരിലേക്ക് ഈ സന്ദേശം എത്തിക്കണമെന്ന് ആഗ്രഹിക്കുന്നു.”
–
–
സ്വാതിയുടെ പോസ്റ്റില്‍ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി സ്ത്രീകള്‍ തങ്ങള്‍ക്കുണ്ടായ സമാന അനുഭവം വിവരിച്ച് പ്രതികരിച്ചിരിക്കുന്നു. എല്ലാ സ്ത്രീകളും അഭിമുഖീകരിക്കുന്ന ഒരു വിഷയത്തെ തുറന്നുപറഞ്ഞതിനെ അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.പോസ്റ്റ് വൈറലായതോടെ വീണ്ടും പ്രതികരണവുമായി സ്വാതി രംഗത്തെത്തി. പിന്തുണച്ചതിന് നന്ദി അറിയിച്ചും എല്ലാവരോടും ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്തുമായിരുന്നു അവരുടെ പ്രതികരണം.
“ഒരു സാധാരണ പോസ്റ്റിട്ടതിലൂടെ കിട്ടിയ സ്വീകാര്യത എന്നെ അത്ഭുതപ്പെടുത്തി. ഇന്ത്യയ്ക്കകത്ത് നിന്നും വിദേശത്ത് നിന്നും നിരവധി പേരുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍ ലഭിച്ചു. മനസ്സില്‍ വന്ന കാര്യമാണ് പറഞ്ഞത്. എന്നെ ആശ്ചര്യപ്പെടുത്തി എല്ലാവരും പിന്തുണച്ചും. നന്ദി, എല്ലാവരും ശബ്ദമുയര്‍ത്തണമെന്നാണ് എന്റെ അപേക്ഷ.”
Leave a Reply