Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കമ്പം: ഒരു കാളയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് കേരളത്തിന്റെ അതിര്‍ത്തി ഗ്രാമം. തമിഴ്‌നാട്ടിലെ കമ്പം, നന്ദഗോപാലന്‍ കോവിലിലെ പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണന്റെ തോഴനായ അവിടത്തെ പട്ടക്കാളയുടെ (അമ്പലക്കാള) വേര്‍പാടാണു നാടിനെ ദുഃഖത്തിലാഴ്ത്തിയത്.
ഭക്തര്‍ ‘രാജാ’ എന്നു വിളിക്കുന്ന കാള ചൊവ്വാഴ്ച രാവിലെയാണു പ്രായാധിക്യം മൂലം ചത്തത്. 20 വര്‍ഷം പട്ടക്കാളയെന്ന സ്ഥാനം അലങ്കരിച്ച കാള ചത്തതോടെ ക്ഷേത്രം തല്‍ക്കാലത്തേക്ക് അടച്ചു.
ജാതിവ്യവസ്ഥയില്‍ ഉയര്‍ന്ന വൊക്ലിയര്‍ (കൗണ്ടര്‍) സമുദായത്തിന്റെ പ്രധാന ക്ഷേത്രമാണു കമ്പം നന്ദഗോപാലന്‍ കോവില്‍. ശ്രീകൃഷ്ണനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പക്ഷേ കൃഷ്ണനുമായി നേരിട്ടു ബന്ധമുള്ളതു പൂജാരിയേക്കാള്‍ പട്ടക്കാളയ്ക്കാണെന്നാണു ഭക്തരുടെ വിശ്വാസം.
അതിനാല്‍ തന്നെ പ്രധാന ശ്രീകോവിലിനു മുന്നില്‍ വണങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഭക്തരെത്തുന്നതു പട്ടക്കാളയെ തൊഴാനാണ്. ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ത്തന്നെ ഇതിനായി ശ്രീകോവിലിനു സമാനമായ തൊഴുത്തുണ്ട്.
മണിക്കൂറുകള്‍ നീണ്ട സംസ്‌കാര ചടങ്ങുകളാണ് പിന്നീട് പട്ടക്കാളയ്ക്കായി നടന്നത്. നാലുമണിക്കൂര്‍ നീണ്ട മരണാനന്തര ചടങ്ങുകള്‍ക്കുശേഷം പട്ടക്കാളയുടെ മൃതദേഹം രഥത്തിലേറ്റിയുള്ള വിലാപയാത്രയില്‍ പങ്കെടുത്തതു കാല്‍ ലക്ഷത്തിലധികം ആളുകളാണ്.
മൃതദേഹവും വഹിച്ചുള്ള നഗരംചുറ്റല്‍ ആറു മണിക്കൂറിലധികം നീണ്ടതോടെ കമ്പത്തു ഗതാഗതം നിശ്ചലമായി. മൃതദേഹം വഹിച്ച രഥമെത്തിയ സ്ഥലങ്ങളിലെല്ലാം ജനങ്ങള്‍ കസവുമുണ്ടുകളും പൂമാലകളും ചാര്‍ത്തിയാണ് ആദരവു പ്രകടിപ്പിച്ചത്. അന്യ മതവിശ്വാസികളും പട്ടക്കാളയുടെ മൃതദേഹത്തില്‍ പൂമാലയിട്ടു വിടചൊല്ലി. ഏഴുനാളുകള്‍ നീണ്ടുനില്‍ക്കുന്ന മരണാനന്തര ചടങ്ങുകള്‍ അടുത്ത ചൊവ്വാഴ്ച സമാപിക്കും. നാടെങ്ങും പട്ടക്കാളയുടെ മരണത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സുകളാണ്.
Leave a Reply