Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2024 10:40 am

Menu

Published on November 3, 2017 at 4:55 pm

തേങ്ങയുടെ ഏതു മുറിയാണ് ആദ്യം ചീത്തയാകുക? പച്ചമുളക് അരിയുമ്പോളുള്ള പുകച്ചില്‍ എങ്ങനെ അകറ്റാം?

kitchen-cooking-tips-and-hacks

നല്ല രുചിയുള്ള ഭക്ഷണം തയ്യാറാക്കാനും കഴിക്കാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പാചകത്തില്‍ അപാരമായ കൈപുണ്യം എല്ലാവര്‍ക്കും കിട്ടിക്കൊള്ളണമെന്നില്ല. അതുകൊണ്ടു തന്നെ തീന്‍ മേശക്കു മുന്‍പില്‍ ഭക്ഷണം കൊണ്ടു വച്ചാല്‍ ഉപ്പില്ല, മുളകില്ല, രുചിയില്ല എന്നു തുടങ്ങി പരാതികള്‍ മാത്രമാണ്. എന്നാല്‍ ഈ പരാതികളെ മറികടക്കാന്‍ ഈസിയായിട്ടു കഴിയും. അതിനായി പാചകത്തില്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മാത്രം മതി.

പാചകം ചെയ്യുമ്പോള്‍ നമ്മുടെ അമ്മയും അമ്മൂമ്മയുമൊക്കെ അടുക്കളയില്‍ പ്രയോഗിച്ചിരുന്ന ചില പൊടിക്കൈകളുണ്ട്… തലമുറകള്‍ കടന്നുപോരുമ്പോള്‍ അതില്‍ മിക്കതും നമുക്ക് കൈമോശം വന്നുപോയിരിക്കുന്നു. അത്തരത്തില്‍ ചില പൊടിക്കൈകള്‍ അറിയാം.

 

1. പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങാ നീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വച്ചാല്‍ പുതുമ തിരിച്ചു കിട്ടും.

2. തേങ്ങ ചിരകിയതില്‍ അല്‍പം ചൂടുവെള്ളം കൂടി ഒഴിച്ച് പിഴിഞ്ഞാല്‍ മുഴുവന്‍ പാലും പിഴിഞ്ഞെടുക്കാം.

3. പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല.

4. ഉടച്ച തേങ്ങ കേടാകാതിരിക്കാന്‍ ഉപ്പ് വെള്ളത്തില്‍ മുക്കിവച്ചശേഷം ഫ്രിഡ്ജില്‍ വച്ചാല്‍ മതി.

5. പുട്ടിനുള്ള പൊടിയില്‍ മൂന്നു കപ്പ് പച്ചരിയ്ക്ക് ഒരു കപ്പ് പുഴുക്കലരി എന്ന കണക്കില്‍ കുതിര്‍ത്ത് പൊടിച്ച് വറുത്തെടുത്താല്‍ പുട്ടിന് രുചി കൂടും.

6. വെജിറ്റബിള്‍ കുറുമ തയാറാക്കുമ്പോള്‍ ഒരു സ്പൂണ്‍ കോണ്‍ഫ്‌ളവറൊ, അരിപ്പൊടിയോ, മൈദയോ ചേര്‍ത്താല്‍ തേങ്ങയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.

7. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.

8. അരി അധികം വെന്തുപോയാല്‍ അതില്‍ തണുത്ത വെള്ളവും അല്‍പം നെയ്യും ഒഴിച്ച് അനക്കാതെ കുറച്ചുസമയം വച്ച ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് പരന്ന പാത്രത്തില്‍ നിരത്തിവച്ചാല്‍ മതി. ചോറ് കുഴഞ്ഞ അവസ്ഥ മാറിക്കിട്ടും.

9. ചീസ്, പനീര്‍ എന്നിവ ഗ്രേറ്ററില്‍ ചിരകുന്നതിന് മുമ്പ് ഗ്രേറ്ററിന്റെ പുറത്ത് അല്‍പം എണ്ണ തടവിയാല്‍ ഇവ ഗ്രേറ്ററില്‍ ഒട്ടിപ്പിടിച്ചിരിക്കുകയില്ല.

10. പയറും പരിപ്പും കുക്കറില്‍ വേവിക്കുമ്പോള്‍ അല്‍പം എണ്ണ കൂടി ഒഴിച്ചു കൊടുത്താല്‍ കുക്കറിന്റെ വിസില്‍ അടഞ്ഞുപോകില്ല. പരിപ്പു വേവിക്കുമ്പോള്‍ തിളച്ചു മറിയാതിരിക്കാന്‍ തിള വരുമ്പോള്‍ തന്നെ ഒരു തുള്ളി എണ്ണ ചേര്‍ത്താല്‍ മതി.

11. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാറാക്കാം.

12. തേങ്ങയുടെ കണ്ണുള്ള മുറിയാണ് ആദ്യം ചീത്തയാകുക. അതുകൊണ്ടുതന്നെ ഈ ഭാഗം ആദ്യം ഉപയോഗിക്കുക. ഉരുളക്കിഴങ്ങ് പച്ച മോരില്‍ മുക്കിയ ശേഷം വറുത്താല്‍ നല്ല മൃദുവായി കിട്ടും എന്നു മാത്രമല്ല രുചിയും കൂടും.

13. തക്കാളിയുടെ ഞെട്ട് മാറ്റിയ ഭാഗം താഴെ വരത്തക്കവിധം സൂക്ഷിച്ചാല്‍ പെട്ടെന്ന് കേടാവില്ല. ഒരു ചെറിയ കപ്പില്‍ വെള്ളമെടുത്ത് അതില്‍ കടുക് ഇട്ടു വച്ചാല്‍ ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാം. ഒരു നാരങ്ങ രണ്ടായി മുറിച്ച് വച്ചാലും ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം അകറ്റാം.

14. ഇറച്ചിക്കറിക്കും, പച്ചക്കറി കൊണ്ട് തയ്യാറാക്കുന്ന കറികള്‍ക്കും കൂടുതല്‍ രുചി കിട്ടുന്നതിന് കറികളില്‍ കുറച്ച് ബാര്‍ലിപ്പൊടി ചേര്‍ത്താല്‍ മതി.

15. അടപ്രഥമന്‍ ഉണ്ടാക്കുമ്പോള്‍ കുറുകിപ്പോവുകയോ മധുരം കൂടിപ്പോവുകയോ ചെയ്താല്‍ ഇളംചൂടോടെ പശുവിന്‍പാല്‍ ചേര്‍ത്താല്‍ മതി. ശര്‍ക്കര പായസത്തിന് മധുരം കൂടിയാലും ഒരു ഗ്ലാസ് പാല്‍ ചേര്‍ത്താല്‍ മതിയാകും.

16. പച്ചമുളക് അരിയുമ്പോള്‍ വെളിച്ചെണ്ണയോ പുളിവെള്ളമോ കൈയില്‍ പുരട്ടിയാല്‍ പച്ചമുളക് അരിയുമ്പോള്‍ കൈയില്‍ അനുഭവപ്പെടുന്ന പുകച്ചില്‍ അകറ്റാം.

17. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.

18. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.

19. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.

20. ഉണക്കതേങ്ങ ഒരു ബക്കറ്റിലെ വെള്ളത്തില്‍ മൂന്ന് നാല് മണിക്കൂര്‍ ഇട്ട് വെച്ചാല്‍ വേഗം പൊളിക്കാന്‍ സാധിക്കും.

21. കാരറ്റ് കുറുകെ മുറിയ്ക്കാതെ നീളത്തില്‍ മുറിച്ചാല്‍ പെട്ടന്നു വേവും. ഗ്യാസും ലാഭിക്കാം.

22. ഗ്രീന്‍പീസ് വേവിക്കുമ്പോള്‍ അല്‍പം പഞ്ചസാര കൂടി ചേര്‍ത്താല്‍ സ്വാദ് കൂടും.

23. സവാള വഴറ്റുമ്പോള്‍തന്നെ അല്‍പം ഉപ്പ് ചേര്‍ക്കുക. വേഗം വഴന്നു കിട്ടും.

24. മീന്‍കറി പാകം ചെയ്യുമ്പോള്‍ സവാളയ്ക്കു പകരം ചുവന്നുള്ളി ചേര്‍ക്കാം. മല്ലിപ്പൊടി ചേര്‍ക്കരുത്. ഇങ്ങനെ ചെയ്ത് മണ്‍പാത്രത്തിലാക്കി വച്ചാല്‍ മൂന്നോ നാലോ ദിവസം കേടാകാതിരിക്കും.

25. വെള്ളത്തില്‍ കുതിര്‍ത്തെടുത്ത ബദാമും അണ്ടിപ്പരിപ്പും പാലിലോ ചെറു ചൂട് വെള്ളത്തിലോ നന്നായി അരച്ച് വെണ്ണ പോലെയാക്കിയെടുത്ത് കുറുമ, പനീര്‍ പോലെയുള്ള കറികളില്‍ ചേര്‍ക്കുന്നത് നല്ല രുചിയുള്ള ഗ്രേവി ഉണ്ടാക്കാന്‍ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News