Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 1:16 am

Menu

Published on June 6, 2017 at 12:19 pm

ഒരു കോണ്‍ക്രീറ്റ് തൂണില്‍ തലയുയുര്‍ത്തി നില്‍ക്കുന്ന ‘കീമോസ്ഫിയര്‍’

malin-residence-chemosphere

ലോസാഞ്ചലസിലെ ഒരു മലഞ്ചെരുവ് കാണാനെത്തുന്നവരെ പറക്കുംതളികയെന്ന് തെറ്റിദ്ധരിച്ചു പോകുന്ന ഒരു കെട്ടിടം അദ്ഭുതപ്പെടുത്തുന്നത് പതിവാണ്. ഇതെന്താണെന്ന് അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് ലഭിക്കുന്നതോ ഞെട്ടിക്കുന്ന വിവരങ്ങളും.

കാരണം ഈ കെട്ടിടം ഒരു വീടാണ്. ഭാര്യാപിതാവ് ദാനം നല്‍കിയ ഭൂമിയില്‍ ഒരു വീട് പണിയാന്‍ തീരുമാനിച്ചപ്പോള്‍ എയ്‌റോസ്പേസ് എന്‍ജിനീയറായ ലിയോനാര്‍ഡ് മാലിന്‍ ഒരു തീരുമാനമെടുത്തു. ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു വീടായിരിക്കണം നിര്‍മ്മിക്കുന്നതെന്ന്.

ചെരിവുള്ള ഭൂപ്രകൃതിയായതിനാല്‍ അടിത്തറയ്ക്ക് നല്ല ഉറപ്പുണ്ടാകുകയും വേണം. അങ്ങനെയാണ് 1960 ല്‍ പറക്കും തളികയുടെ രൂപത്തിലുള്ള ഈ വീടിന്റെ നിര്‍മ്മാണം. അഞ്ചടി വീതിയും 29 അടി ഉയരവുമുള്ള കോണ്‍ക്രീറ്റ് തൂണിലാണ് ഈ വീട് ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നതെന്നത് അദ്ഭുതം തന്നെയാണ്.

എന്നാല്‍ ഒറ്റയ്ക്ക് നിര്‍മ്മാണത്തിന്റെ സാമ്പത്തിക ബാധ്യത താങ്ങാനാകാതെ വന്നപ്പോള്‍ ലിയോനാര്‍ഡ് സ്‌പോണ്‍സര്‍മാരെ സമീപിച്ചു. പ്രധാന സ്‌പോണ്‍സര്‍ ഒരു കെമിക്കല്‍ ഉല്‍പാദന സംരംഭകരായിരുന്നു. അങ്ങനെയാണ് ‘കീമോസ്ഫിയര്‍’ എന്ന പേര് ഈ പറക്കും തളിക വീടിന് ലഭിക്കുന്നത്.

1960കളില്‍ എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക ലോകം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും ‘നവീനമായ വീട്’ എന്ന് കീമോസ്ഫിയറിനെ വിശേഷിപ്പിക്കുകയും ചെയ്തു.

ജോണ്‍ ലോട്‌നര്‍ എന്ന ആര്‍ക്കിടെക്ടാണ് ഒക്ടഗോണല്‍ രൂപത്തിലുള്ള വീട് നിര്‍മ്മിച്ചത്. നവീന കാലിഫോര്‍ണിയന്‍ നിര്‍മ്മാണവിദ്യയുടെ മകുടമായി ഈ വീട് കരുതപ്പെടുന്നു. 2200 ചതുരശ്രയടിയാണ് വിസ്തീര്‍ണം. എന്നാല്‍ 1972 ല്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ലിയോനാര്‍ഡിനു വീട് വില്‍ക്കേണ്ടിവന്നു.

പലവഴി കൈമാറി ബെനഡിക്ട് തഷന്‍ എന്ന പുസ്തകപ്രസാധന ഉടമയാണ് ഇപ്പോള്‍ ഈ വീടിന്റെ ഉടമസ്ഥന്‍. സ്ഥിരതാമസമില്ലതിനാല്‍ സിനിമ ചിത്രീകരണത്തിനും പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനും വീട് നല്‍കാറുണ്ട്. ചാര്‍ളീസ് ഏഞ്ചല്‍സ്, ബോഡി ഡബിള്‍ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

അടുത്തിടെ ഈ വീട് കേടുപാടുകള്‍ തീര്‍ത്ത് ബലപ്പെടുത്തിയിരുന്നു. വീട്ടിലേക്കെത്താനായി ചെറിയ റോപ്വേയും ക്രമീകരിച്ചിട്ടുണ്ട്. 2004 ല്‍ കാലിഫോര്‍ണിയയിലെ വിശേഷപ്പെട്ട ചരിത്ര സാംസ്‌കാരിക സ്മാരകമായി കീമോസ്ഫിയറിനെ പ്രഖ്യാപിച്ചു. അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും പറക്കുംതളികയെപ്പോലെ നിര്‍മാണമേഖലയില്‍ ഒരു വിസ്മയമായി കീമോസ്ഫിയര്‍ നിലകൊള്ളുന്നു.

കീമോസ്ഫിയറില്‍ നിന്നാല്‍ ആസ്വദിക്കാന്‍ സാധിക്കുന്ന സാന്‍ ഫെര്‍നാന്റോ വാലിയുടെ ദൃശ്യമാണ് ഈ വീടിനെ കൂടുതല്‍ മനോഹരമാക്കുന്നത്. ചുമ്മാ അഡ്രസും നോക്കി വന്നാല്‍ കീമോസ്ഫിയറിന്റെ പൊടിപോലും കാണാന്‍ കിട്ടില്ല. കാരണം ഈ വീടിന് സ്ട്രീറ്റ് അഡ്രസ് ഇല്ലയെന്നതു തന്നെ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News