Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്കവാറും ഇന്ത്യക്കാര്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളായിരിക്കും മാരുതി 800നെക്കുറിച്ച് ഉണ്ടാകുക. ഇന്ത്യയില്‍ വാഹന വിപ്ലവത്തിന് തുടക്കം കുറിച്ച കാര്‍ മോഡലും ഇതുതന്നെയായിരുന്നു. 1983-ലാണ് ഈ കുഞ്ഞന്‍ ഇന്ത്യന്‍ നിരത്തിലെത്തുന്നത്.
ജപ്പാനിലെ സുസുക്കി മോട്ടോര്‍സ് കമ്പനിയും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള സംയുക്ത സംരംഭമായി 1983 ഡിസംബര്‍ 14 നാണ് മാരുതി 800 പുറത്തിറങ്ങുന്നത്. 796 സിസി എന്‍ജിനുമായെത്തിയ വാഹനത്തിന്റെ മിക്ക ഭാഗങ്ങളും ആദ്യകാലങ്ങളില്‍ വികസിത രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.
ഒടുവില്‍ ഈ വര്‍ഷം മാരുതി 800 ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് പിന്‍വാങ്ങി. എന്നാല്‍ മാരുതി 800നെ കുറിച്ച് കുറേ കാര്യങ്ങളെല്ലാം നമ്മളില്‍ പലര്‍ക്കും അറിയാമെങ്കിലും അറിയാത്ത പല കാര്യങ്ങളുമുണ്ട്.
1983ല്‍ പുറത്തിറങ്ങിയ ആദ്യ മാരുതി 800ന്റെ വില കേവലം 48,000 രൂപയായിരുന്നു. എന്നാല്‍ കാറിന്റെ ജനപ്രിയത മൂലം ഒരുലക്ഷം രൂപവരെയും നല്‍കാന്‍ പലരും അന്ന് തയ്യാറായി. ബുക്ക് ചെയ്ത ആയിരങ്ങള്‍ക്ക് കാര്‍ സ്വന്തമാക്കാന്‍ ഏറെക്കാലം കാത്തുനില്‍ക്കേണ്ടി വന്നിരുന്നു.
തുടക്കത്തില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ മാത്രമായിരുന്നു മാരുതി 800ന്റെ വില്‍പ്പന. പിന്നീട് 1984ല്‍ കല്‍ക്കട്ട, ചണ്ഡീഗഢ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വില്‍പ്പന വിപുലീകരിക്കുകയായിരുന്നു.
1983 ഡിസംബര്‍ 14-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യന്‍ എയര്‍ലൈന്‍സ് ജീവനക്കാരന്‍ ഹര്‍പാല്‍ സിങിന് നല്‍കിയാണ് മാരുതി 800ന്റെ ആദ്യവില്‍പ്പന നടത്തിയത്. ഹര്‍പാല്‍ സിംഗ് ഈ വാഹനം തന്റെ ജീവിതാവസാനം വരെ ഉപയോഗിച്ചിരുന്നു. 2010ല്‍ അദ്ദേഹം മരിക്കുന്നതു വരെ 27 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ടായിരുന്ന ഈ കാര്‍ ഇപ്പോള്‍ ബന്ധുക്കള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
രാജ്യത്തെ ആദ്യ ഫ്രണ്ട് വീല്‍ ഡ്രൈവ് കാര്‍ എന്ന പ്രത്യേകത മാരുതി 800നാണ്. അക്കാലത്ത് രാജ്യത്തെ നിരത്തുകളിലുണ്ടായിരുന്ന അംബാസിഡര്‍, ഹിന്ദുസ്ഥാന്‍ കോണ്ടസ, പ്രീമിയര്‍ പത്മിനി തുടങ്ങിയ കാറുകളിലെല്ലാം റിയല്‍ വീല്‍ ഡ്രൈവായിരുന്നു.
രാജ്യത്തെ മിക്കവാറും എല്ലാ സെലിബ്രിറ്റികളും സ്വന്തമാക്കിയ ആദ്യത്തെ ആഡംബര വാഹനവും മോഹവാഹനവുമൊക്കെ മാരുതി 800 ആയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയ ആദ്യ കാറും മാരുതി 800 ആയിരുന്നു. ഏറെനാള്‍ സ്വരുക്കൂട്ടിവെച്ച പണം കൊണ്ടാണ് സച്ചിന്‍ കാര്‍ വാങ്ങിയത്. ആ നീല മാരുതി 800 ഇപ്പോഴും അദ്ദേഹത്തിന്റെ ഗാരേജില്‍ വിശ്രമിക്കുന്നുണ്ട്.
പാക്കിസ്ഥാനില്‍ മാരുതി 800 സുസുക്കി മെഹ്‌റാന്‍ എന്നാണ് അറിയപ്പെടുന്നത്. കറാച്ചി ആന്റി കാര്‍ ലിഫ്റ്റിങ്ങ് സെല്ലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ മോഷണം പോകുന്ന കാറുകളിലൊന്നാണിത്.
2000ലാണ് മാരുതി തങ്ങളുടെ അള്‍ട്ടോ എന്ന മോഡല്‍ പുറത്തിറക്കുന്നത്. മാരുതി 800 നെ പകരക്കാരനാക്കിയായിരുന്നു ഇത്. അള്‍ട്ടോയുടെ ജനപ്രിയത 800ന് വന്‍തിരിച്ചടിയായി. അതുപോലെ ബി.എസ് 4 ഉള്‍പ്പെടെയുള്ള മലിനീകരണ നിയന്ത്രണ ചടങ്ങളും കര്‍ശനമാക്കിയതോടെ 2017ല്‍ മാരുതി 800 ന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിര്‍ത്തി.
Leave a Reply